ISAIA 46
46
ബാബിലോണ്യ ദേവന്മാർ
1ബേൽ കുമ്പിടുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങൾ മൃഗങ്ങളുടെയും കന്നുകാലികളുടെയുംമേൽ ഇരിക്കുന്നു; നിങ്ങൾ വഹിക്കുന്നവ ക്ഷീണിതരായ മൃഗങ്ങൾ ചുമക്കുന്ന ഭാരം പോലെയാണ്. 2അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; അവയെ ഭാരത്തിൽനിന്നു രക്ഷിക്കാനാവാതെ അവർ തന്നെ അടിമത്തത്തിലേക്കു പോയിരിക്കുന്നു.
3ഗർഭത്തിലും ജനിച്ചതിനുശേഷവും ഞാൻ വഹിച്ച യാക്കോബുഗൃഹമേ, ഇസ്രായേൽഗൃഹത്തിൽ അവശേഷിച്ചിരിക്കുന്ന എല്ലാവരുമേ, എന്റെ വാക്ക് ശ്രദ്ധിച്ചു കേൾക്കുവിൻ. 4നിങ്ങളുടെ വാർധക്യംവരെയും ഞാൻ തന്നെ ദൈവം; നരയ്‍ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ നിങ്ങളെ സൃഷ്‍ടിച്ചു; ഞാൻ വഹിക്കുകയും ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും. 5നീ എന്നെ ആരോട് ഉപമിച്ചു തുല്യനാക്കും? ഒരുപോലെ വരത്തക്കവിധം എന്നെ ആരോട് താരതമ്യപ്പെടുത്തും? 6ചിലർ പണസഞ്ചിയിൽനിന്നു സ്വർണം ധാരാളമായി ചെലവഴിക്കുകയും തുലാസ്സിൽ വെള്ളി തൂക്കിക്കൊടുക്കുകയും ചെയ്യുന്നു. ഒരു ദേവനെ നിർമിക്കാനായി തട്ടാന് അവർ കൂലികൊടുക്കുന്നു. പിന്നീട് അവർ അതിന്റെ മുമ്പിൽ വീണ് ആരാധിക്കുന്നു! 7അവർ അതിനെ തോളിലെടുത്തുകൊണ്ടുപോയി യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു; അത് അവിടെ നില്‌ക്കുന്നു; അത് അതിന്റെ സ്ഥാനത്തുനിന്നു മാറുന്നില്ല; ആരെങ്കിലും അതിനോടു നിലവിളിച്ചാൽ ഉത്തരമരുളുകയോ ക്ലേശങ്ങളിൽനിന്ന് അവരെ രക്ഷിക്കുകയോ ചെയ്യുന്നില്ല.
8നിയമലംഘികളേ, നിങ്ങൾ ഇത് അനുസ്മരിച്ചു സ്ഥിരത കാണിപ്പിൻ. 9പഴയകാര്യങ്ങൾ ഓർക്കുവിൻ; കാരണം ഞാനാണു ദൈവം; മറ്റൊരു ദൈവവുമില്ല. ഞാനാണു ദൈവം; എന്നെപ്പോലെ മറ്റാരുമില്ല. 10ആദിമുതൽ ഞാൻ അന്ത്യം വെളിപ്പെടുത്തി; പുരാതനകാലം മുതൽ സംഭവിക്കാനിരിക്കുന്നവ വെളിപ്പെടുത്തി. ഞാൻ അരുളിച്ചെയ്തു: “എന്റെ ഉപദേശങ്ങൾ നിലനില്‌ക്കും; എന്റെ ലക്ഷ്യങ്ങളെല്ലാം ഞാൻ പൂർത്തീകരിക്കും.” 11കിഴക്കുനിന്ന് ഞാൻ ഒരു റാഞ്ചൻപക്ഷിയെ, ദൂരദേശത്തുനിന്ന് എന്റെ ഉപദേശങ്ങൾ നിറവേറ്റുന്ന ഒരുവനെ വിളിക്കുന്നു. ഞാൻ അരുളിച്ചെയ്തു: “ഞാനതു നിറവേറ്റും; ഞാൻ നിരൂപിച്ചിരിക്കുന്നു, ഞാനതു ചെയ്യും.
12രക്ഷയിൽനിന്ന് അകന്നിരിക്കുന്ന കഠിനഹൃദയരേ, എന്റെ വാക്കു ശ്രദ്ധിച്ചു കേൾക്കുവിൻ. 13എന്റെ രക്ഷ ഞാൻ അടുത്തുകൊണ്ടുവന്നിരിക്കുന്നു; അതു ദൂരത്തല്ല. എന്റെ രക്ഷ ഇനി താമസിക്കുകയില്ല; ഞാൻ സീയോന് എന്റെ രക്ഷയും ഇസ്രായേലിന് എന്റെ മഹത്ത്വവും നല്‌കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 46: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.