ISAIA 60
60
യെരൂശലേമിന്റെ മഹത്ത്വം
1എഴുന്നേറ്റു പ്രകാശിക്കുക! നിന്റെ പ്രകാശം വന്നിരിക്കുന്നു. സർവേശ്വരന്റെ തേജസ്സ് നിന്റെമേൽ ഉദിച്ചിരിക്കുന്നു. 2ഇതാ, അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു. എന്നാൽ സർവേശ്വരൻ നിന്റെമേൽ ഉദിക്കും. അവിടുത്തെ തേജസ്സ് നിന്റെമേൽ ദൃശ്യമാകും. 3ജനതകൾ നിന്റെ വെളിച്ചത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.
4ചുറ്റും നോക്കുക, സ്വന്തം ഭവനത്തിലേക്കു വരാനവർ ഒരുമിച്ചു കൂടുന്നു. നിന്റെ പുത്രന്മാർ വിദേശത്തുനിന്നു വരുന്നു. നിന്റെ പുത്രിമാരെ കൈകളിൽ എടുത്തു കൊണ്ടുവരും. 5ഇതു കണ്ട് നീ തേജസ്വിനിയാകും. നിന്റെ ഹൃദയം ആഹ്ലാദംകൊണ്ടു തുള്ളിച്ചാടും. കാരണം, സമുദ്രത്തിൽ നിന്നുള്ള സമൃദ്ധമായ സമ്പത്തും ജനതകളുടെ ധനവും നിന്റെ അടുത്തു വന്നുചേരും. 6ഒട്ടകങ്ങളുടെ വലിയഗണം; മിദ്യാനിലെയും ഏഫയിലെയും യുവപ്രായമായ ഒട്ടകങ്ങൾ നിന്നെ പൊതിയും. ശെബയിൽനിന്നും വരുന്നവർ പൊന്നും കുന്തുരുക്കവും കൊണ്ടുവരും. വരുന്നവരെല്ലാം സർവേശ്വരനു സ്തുതിഘോഷം ഉയർത്തും. 7കേദാരിലെ ആട്ടിൻപറ്റങ്ങളെ നിന്റെ അടുത്തുകൊണ്ടുവരും; നെബായോത്തിലെ ആണാടുകൾ യാഗമൃഗങ്ങളായി നിനക്കുപകരിക്കപ്പെടും. അവ എനിക്കു സ്വീകാര്യമായവിധം എന്റെ യാഗപീഠത്തിൽ എത്തും. എന്റെ തേജസ്സുറ്റ ആലയത്തെ ഞാൻ മഹത്ത്വപ്പെടുത്തും. 8മേഘങ്ങളെപ്പോലെയും കൂടണയാൻ വെമ്പുന്ന പ്രാക്കളെപ്പോലെയും പറന്നു വരുന്ന ഇവരാരാണ്? 9ഇവർ വിദൂരസ്ഥലങ്ങളിൽനിന്ന് എന്നെ ലക്ഷ്യമാക്കി വരുന്നവരാണ്. തർശ്ശീശുകപ്പലുകളാണു മുമ്പിൽ. നിന്റെ പുത്രന്മാർ തങ്ങളുടെ പൊന്നും വെള്ളിയുമായി വിദൂരത്തുനിന്നു വരുന്നു. ഇസ്രായേലിന്റെ ദൈവവും പരിശുദ്ധനുമായ സർവേശ്വരനുവേണ്ടിയാണ് അവർ ഇവയെല്ലാം കൊണ്ടുവരുന്നത്. അവിടുന്നു തന്റെ ജനത്തിനു മഹത്ത്വം കൈവരുത്തിയല്ലോ. 10പരദേശികൾ നിന്റെ മതിലുകൾ വീണ്ടും പണിയും. അവരുടെ രാജാക്കന്മാർ നിന്നെ സേവിക്കും. എന്റെ കോപത്തിൽ ഞാൻ നിന്നെ ശിക്ഷിച്ചു. 11എന്നാൽ എന്റെ പ്രസാദത്തിൽ ഞാൻ നിന്നോടു കരുണ കാട്ടി. ദേശങ്ങളുടെ സമ്പത്ത് രാജാക്കന്മാരുടെ നേതൃത്വത്തിൽ ജനങ്ങൾ കൊണ്ടുവരാൻ തക്കവിധം നിന്റെ വാതിലുകൾ സദാ തുറന്നുകിടക്കട്ടെ. രാവും പകലും അത് അടയ്ക്കരുത്. 12നിന്നെ സേവിക്കാത്ത ജനപദങ്ങളും ജനതകളും നശിക്കും. അങ്ങനെയുള്ള ജനപദങ്ങൾ നിശ്ശേഷം നശിപ്പിക്കപ്പെടും. 13എന്റെ വിശുദ്ധമന്ദിരം മനോഹരമാക്കിത്തീർക്കാൻ, എന്റെ പാദപീഠം മഹത്ത്വപ്പെടുത്താൻ, ലെബാനോന്റെ വിശിഷ്ടമായ സരളവൃക്ഷവും പുന്നയും പയിനും കൊണ്ടുവരും. 14നിന്നെ പീഡിപ്പിച്ചവരുടെ പുത്രന്മാർ നിന്റെ മുമ്പിൽ വിനീതരായിവരും. നിന്നെ നിന്ദിച്ചവരെല്ലാം നിന്റെ പാദത്തിൽ വീണു നമസ്കരിക്കും. സർവേശ്വരന്റെ നഗരം എന്നും ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ സീയോൻ എന്നും അവർ നിന്നെ വിളിക്കും.
15ആരും നിന്നെ തിരിഞ്ഞുനോക്കാത്തവിധം നീ പരിത്യക്തയും നിന്ദിതയും ആയിരുന്നു. എങ്കിലും ഞാൻ നിന്നെ എല്ലാ തലമുറകൾക്കും എന്നേക്കുമുള്ള അഭിമാനവും ആനന്ദവുമാക്കിത്തീർക്കും. 16നീ ജനതകളുടെയും രാജാക്കന്മാരുടെയും ഐശ്വര്യം നുകരും. സർവേശ്വരനായ ഞാനാണു നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ ശക്തനായവനാണു നിന്റെ വിമോചകനെന്നും നീ ഗ്രഹിക്കും. 17ഓടിനു പകരം സ്വർണവും ഇരുമ്പിനു പകരം വെള്ളിയും മരത്തിനു പകരം ഓടും കല്ലിനു പകരം ഇരുമ്പും ഞാൻ കൊണ്ടുവരും. ഞാൻ സമാധാനത്തെ നിന്റെ മേൽനോട്ടക്കാരും, നീതിയെ നിന്റെ അധിപതികളും ആക്കും. 18നിന്റെ ദേശത്ത് ഇനി അക്രമമോ, നിന്റെ അതിർത്തിക്കുള്ളിൽ ശൂന്യതയോ, നാശമോ കേൾക്കുക പോലുമില്ല. നിന്റെ മതിലുകളെ രക്ഷയെന്നും നിന്റെ കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.
19ഇനി പകൽ നിന്റെ പ്രകാശം സൂര്യനായിരിക്കുകയില്ല; രാത്രിയിൽ നിന്റെ പ്രകാശം ചന്ദ്രനുമായിരിക്കുകയില്ല. എന്നാൽ, സർവേശ്വരനായിരിക്കും നിന്റെ നിത്യപ്രകാശം, നിന്റെ ദൈവമായിരിക്കും നിന്റെ മഹത്ത്വം. 20നിന്റെ സൂര്യൻ ഇനിമേൽ അസ്തമിക്കുകയില്ല, നിന്റെ ചന്ദ്രൻ മറയുകയുമില്ല; കാരണം സർവേശ്വരനായിരിക്കും നിന്റെ നിത്യപ്രകാശം; നിന്റെ വിലാപദിനങ്ങൾ അവസാനിക്കും. 21നിന്റെ ജനമെല്ലാം നീതിമാന്മാരാകും; ഞാൻ മഹത്ത്വപ്പെടേണ്ടതിനു ഞാൻ നട്ടതിന്റെ മുളയും എന്റെ കരവേലയുമായ ദേശത്തെ അവർ എന്നേക്കുമായി കൈവശപ്പെടുത്തും. 22ഏറ്റവും കുറഞ്ഞവൻ ഒരു വംശവും ഏറ്റവും ചെറിയവൻ ശക്തിയുള്ള ജനതയുമാകും. ഞാനാണു സർവേശ്വരൻ; തക്കസമയത്തു ഞാൻ അത് വേഗം നിവർത്തിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 60: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.