ISAIA 8
8
യെശയ്യായുടെ പുത്രൻ
1സർവേശ്വരൻ എന്നോടു കല്പിച്ചു: “നീ വലിയ ഒരു എഴുത്തുപലക എടുത്ത് സാധാരണ അക്ഷരത്തിൽ #8:1 മഹേർ-ശാലാൽ-ഹാശ്-ബസ് = വേഗത്തിൽ കൊള്ള, തിടുക്കത്തിൽ കവർച്ച. മഹേർ-ശാലാൽ-ഹാശ്-ബസ് എന്നെഴുതുക.” 2ഇതിനു സാക്ഷ്യം വഹിക്കാൻ പുരോഹിതനായ ഊരിയായെയും യെബരെഖ്യായുടെ പുത്രനായ സെഖര്യായെയും വിളിക്കുക. 3ഞാൻ പ്രവാചകിയെ പ്രാപിച്ചു. അവൾ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. സർവേശ്വരൻ എന്നോടരുളിച്ചെയ്തു: 4“ആ കുട്ടിക്ക് മഹേർ-ശാലാൽ-ഹാശ്-ബസ് എന്നു പേരിടുക. എന്തെന്നാൽ അവൻ അപ്പാ, അമ്മേ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ് ദമാസ്കസിലെ സമ്പത്തും ശമര്യയിലെ കൊള്ളമുതലും അസ്സീറിയാരാജാവു കൊണ്ടുപോകും.”
അസ്സീറിയാരാജാവു വരുന്നു
5സർവേശ്വരൻ എന്നോടു വീണ്ടും അരുളിച്ചെയ്തു: 6“ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാം അരുവിയെ ഉപേക്ഷിച്ചു. രെസീന്റെയും പേക്കഹിന്റെയും മുമ്പിൽ അവർ ഭയന്നു വിറയ്‍ക്കുന്നു. 7അതുകൊണ്ട് മഹാനദിയിലെ പെരുവെള്ളത്തെ, സിറിയാരാജാവിനെത്തന്നെ, അദ്ദേഹത്തിന്റെ സർവപ്രതാപത്തോടുംകൂടി സർവേശ്വരൻ അവരുടെ നേരെ കൊണ്ടുവരും. കൈത്തോടുകൾ നിറഞ്ഞ് അതു കരകവിഞ്ഞൊഴുകും. 8അതു യെഹൂദ്യയിലേക്കു കടന്നു കഴുത്തറ്റം പൊങ്ങി ദേശമാകമാനം മൂടിക്കളയും. ഇമ്മാനുവേലേ, അതു കവിഞ്ഞൊഴുകി നിന്റെ ദേശത്തെ മൂടിക്കളയും.
9ജനതകളേ, സംഭ്രമത്തോടെ ഒരുമിച്ചു കൂടുവിൻ! വിദൂരരാജ്യങ്ങളേ, ശ്രദ്ധിക്കുവിൻ! നിങ്ങൾ അമ്പരന്ന് ഒരുങ്ങുവിൻ; സംഭ്രമിച്ച് ഒരുങ്ങുവിൻ; 10നിങ്ങൾ കൂടിയാലോചിക്കുവിൻ; പക്ഷേ, അതു ഫലപ്പെടുകയില്ല. നിങ്ങൾ എന്തുതന്നെ ആലോചിച്ചു തീരുമാനിച്ചാലും പ്രയോജനമില്ല. കാരണം ദൈവം ഞങ്ങളുടെ കൂടെയാണ്.
പ്രവാചകന് മുന്നറിയിപ്പ്
11ആ ജനത്തിന്റെ മാർഗത്തിൽ ചരിക്കരുതെന്നു മുന്നറിയിപ്പു നല്‌കുകയും തന്റെ കരുത്തുറ്റ കരങ്ങൾ എന്റെമേൽ വയ്‍ക്കുകയും ചെയ്തുകൊണ്ടു ദൈവം അരുളിച്ചെയ്തു: 12“ഈ ജനത്തിന്റെ ഗൂഢാലോചനയിൽ നിങ്ങൾ ഉൾപ്പെടരുത്. അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടുകയും അരുത്. 13സർവശക്തനായ സർവേശ്വരനെ നിങ്ങൾ പരിശുദ്ധനായി കരുതുക; അവിടുത്തെ മാത്രം നിങ്ങൾ ഭയപ്പെടുക. 14അവിടുന്നു വിശുദ്ധമന്ദിരവും തടങ്കൽ പാറയും ആയിരിക്കും. ഇസ്രായേലും യെഹൂദായും അതിൽ തട്ടിവീഴും. അവിടുന്നുതന്നെ യെരൂശലേംനിവാസികൾക്ക് കുടുക്കും കെണിയും ആയിരിക്കും. 15അനേകം പേർ അതിന്മേൽ തട്ടിവീണു തകരും, കെണിയിൽ കുടുങ്ങി പിടിക്കപ്പെടും.
മരിച്ചവരോട് അരുളപ്പാട് ചോദിക്കരുത്
16ഈ സാക്ഷ്യം ഭദ്രമായി സൂക്ഷിക്കുക. ഈ ഉപദേശം എന്റെ ശിഷ്യന്മാരുടെ ഇടയിൽ മുദ്ര ചെയ്തു വയ്‍ക്കുക. 17യാക്കോബിന്റെ ഭവനത്തിൽനിന്നു തന്റെ മുഖം മറച്ചുപിടിച്ചിരിക്കുന്ന സർവേശ്വരനുവേണ്ടി ഞാൻ കാത്തിരിക്കും. 18അവിടുന്നാണ് എന്റെ പ്രത്യാശ. ഇതാ ഞാനും സർവേശ്വരൻ എനിക്കു നല്‌കിയ സന്തതികളും. ഞങ്ങൾ സീയോൻപർവതത്തിൽ വസിക്കുന്ന സർവശക്തനായ സർവേശ്വരൻ നല്‌കിയ ഇസ്രായേലിന്റെ അദ്ഭുതങ്ങളും അടയാളങ്ങളുമാകുന്നു. 19വെളിച്ചപ്പാടുകളോടും ചിലയ്‍ക്കുകയും പിറുപിറുക്കുകയും ചെയ്യുന്ന മന്ത്രവാദികളോടും അരുളപ്പാടു ചോദിക്കാൻ ആളുകൾ നിങ്ങളോട് ആവശ്യപ്പെടും. ജനം അരുളപ്പാടു ചോദിക്കേണ്ടതു തങ്ങളുടെ ദൈവത്തോടല്ലേ? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോടാണോ അരുളപ്പാടു ചോദിക്കേണ്ടത്?” 20അതിനു നീ ഇപ്രകാരം മറുപടി പറയുക: “സർവേശ്വരന്റെ പ്രബോധനം ശ്രദ്ധിക്കുക! ആഭിചാരകർക്ക് ചെവി കൊടുക്കരുത്. അവരുടെ വാക്കുകൾ നിനക്ക് ഒരു നന്മയും കൈവരുത്തുകയില്ല.”
കഷ്ടതയും വേദനയും
21അവർ കഠിനമായി വിശന്നുവലഞ്ഞു ദേശത്തെല്ലാം അലഞ്ഞുതിരിയും. അവർ വിശന്നു വലയുമ്പോൾ കോപാകുലരായി മുകളിലേക്കു നോക്കി തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കും. 22എവിടെ നോക്കിയാലും കഷ്ടതയും അന്ധകാരവും കൊടുംവേദനയും മാത്രം. അവർ കനത്ത കൂരിരുട്ടിൽ ആണ്ടുപോകും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 8: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.