ISAIA മുഖവുര

മുഖവുര
ബി.സി. എട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ പ്രവാചകദൗത്യം നിർവഹിച്ച ആളായിരുന്നു യെശയ്യാ (740-700). ഇക്കാലത്ത് ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കീയ എന്നീ രാജാക്കന്മാർ യെഹൂദ്യയിൽ ഭരണം നടത്തി. അയൽരാജ്യമായ അസ്സീറിയായുടെ ഭീഷണിക്കു വിധേയമായിക്കഴിഞ്ഞ ഈ കാലഘട്ടത്തെക്കുറിച്ചാണ് ഒന്നുമുതൽ മുപ്പത്തൊമ്പതുവരെയുള്ള അധ്യായങ്ങളിൽ വിവരിക്കുന്നത്.
അസ്സീറിയായുടെ കൈയൂക്ക് അല്ല, യെഹൂദ്യയുടെ പാപവും ദൈവത്തോടുള്ള അനുസരണക്കേടും അവിശ്വാസവും ആയിരുന്നു യഥാർഥ ഭീഷണി എന്നു യെശയ്യാ ചൂണ്ടിക്കാണിക്കുന്നു. ഉജ്ജ്വലമായ വാക്കുകളും പ്രവൃത്തികളുംകൊണ്ട് പ്രവാചകൻ ജനത്തെയും ജനനേതാക്കളെയും നീതിനിഷ്ഠമായ ജീവിതത്തിലേക്ക് ആഹ്വാനം ചെയ്യുന്നു. ദൈവത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാതിരുന്നാൽ ഉണ്ടാകുന്ന വിനാശം ഭയങ്കരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‌കുന്നു. ലോകമെങ്ങും സമാധാനം കൈവരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചും ദാവീദിന്റെ സന്തതിയും മഹാപുരുഷനുമായ ഒരു രാജാവിന്റെ ആഗമനത്തെക്കുറിച്ചും പ്രവാചകൻ സൂചിപ്പിക്കുന്നു.
40 മുതലുള്ള അധ്യായങ്ങളുടെ ഉള്ളടക്കവും കാലസൂചനയും ഗണിക്കുമ്പോൾ അവ യെശയ്യായുടെ തൂലികയിൽനിന്നു വന്നതാകാൻ വിഷമമാണ്. ഗ്രന്ഥകർത്താവ് അജ്ഞാതനായിരിക്കെ സൗകര്യാർഥം 40-55 അധ്യായങ്ങളെ രണ്ടാം യെശയ്യാ എന്നും 56-66 അധ്യായങ്ങളെ മൂന്നാം യെശയ്യാ എന്നും തിരിക്കാറുണ്ട്. രണ്ടാം യെശയ്യാ ബാബിലോണിൽ പ്രവാസികളായി കഴിയുന്നവരെയാണ് അഭിസംബോധന ചെയ്യുന്നത്. ഒരു പുതിയ ജീവിതം ആരംഭിക്കാനായി ദൈവം തന്റെ ജനത്തെ ബാബിലോണിൽനിന്നു വിമോചിപ്പിച്ച് യെരൂശലേമിലേക്കു കൊണ്ടുവരുമെന്നു പ്രവാചകൻ പ്രഖ്യാപിക്കുന്നു. ദൈവം ചരിത്രത്തിന്റെ സർവേശ്വരനാകുന്നുവെന്നും ദൈവത്തിന്റെ പദ്ധതി സകല ജനതകൾക്കും വേണ്ടിയുള്ളതാണെന്നും ഇസ്രായേൽജനം മുഖാന്തരം അന്യജനതകൾ അനുഗ്രഹിക്കപ്പെടുമെന്നുമാണ് ഈ അധ്യായങ്ങളിലെ ശ്രദ്ധേയമായ പ്രതിപാദ്യം. ഈ പുസ്തകത്തിൽ സർവേശ്വരന്റെ ദാസനെ സംബന്ധിച്ചു പരാമർശിക്കുന്ന ഭാഗങ്ങൾ സുവിദിതമാണ്.
പ്രവാസത്തിൽനിന്നു മടങ്ങിവന്ന ഇസ്രായേൽജനത്തിന് ആത്മവിശ്വാസവും ധൈര്യവും പ്രദാനം ചെയ്യുകയാണ് മൂന്നാം യെശയ്യാ. തന്റെ ജനത്തിനു ദൈവം നല്‌കിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ പോകുന്നുവെന്ന സൂചനയും ഇവിടെ കാണാം. യേശു തന്റെ ദിവ്യശുശ്രൂഷ സമാരംഭിച്ചത് 61:1-2 വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടാണല്ലോ.
പ്രതിപാദ്യക്രമം
മുന്നറിയിപ്പുകളും വാഗ്ദാനങ്ങളും 1:1 - 12:6
ജനതകൾക്കു ശിക്ഷ 13:1 - 23:18
ദൈവത്തിന്റെ ന്യായവിധി 24:1 - 27:13
കൂടുതൽ മുന്നറിയിപ്പുകളും വാഗ്ദാനങ്ങളും 28:1 - 35:10
ഹിസ്കീയാരാജാവും അസ്സീറിയാക്കാരും 36:1 - 39:8
വാഗ്ദാനങ്ങളുടെയും പ്രത്യാശയുടെയും സന്ദേശങ്ങൾ 40:1 - 55:13
മുന്നറിയിപ്പുകളും വാഗ്ദാനങ്ങളും 56:1 - 66:24

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക