JOHANA 2:1-11

JOHANA 2:1-11 MALCLBSI

മൂന്നാം ദിവസം ഗലീലയിലെ കാനായിൽ ഒരു കല്യാണം ഉണ്ടായിരുന്നു. യേശുവിന്റെ അമ്മയും അവിടെ എത്തിയിരുന്നു. യേശുവും ശിഷ്യന്മാരും ആ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തികയാതെ വന്നതിനാൽ യേശുവിന്റെ അമ്മ യേശുവിന്റെ അടുക്കൽ ചെന്ന് “അവർക്ക് വീഞ്ഞില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു: “സ്‍ത്രീയേ, ഇതിൽ എനിക്കും നിങ്ങൾക്കും എന്തുകാര്യം? എന്റെ സമയം ഇതുവരെയും ആയിട്ടില്ല” എന്നു പറഞ്ഞു. യേശുവിന്റെ അമ്മ പരിചാരകരോട്: “യേശു പറയുന്നത് എന്തായാലും അതു നിങ്ങൾ ചെയ്യുക” എന്നു പറഞ്ഞു. യെഹൂദന്മാരുടെ ആചാരപ്രകാരമുള്ള ശുദ്ധീകരണത്തിനു വെള്ളം നിറച്ചുവയ്‍ക്കുന്ന ആറു കല്ഭരണികൾ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും നൂറു നൂറ്റമ്പതു ലിറ്റർ വെള്ളം കൊള്ളുമായിരുന്നു. യേശു പരിചാരകരോട്: “ആ കല്ഭരണികളിൽ വെള്ളം നിറയ്‍ക്കുക” എന്നു പറഞ്ഞു. അവർ അവയുടെ വക്കുവരെ വെള്ളം നിറച്ചു. “ഇനി ഇതു പകർന്നു വിരുന്നിന്റെ മേൽനോട്ടം വഹിക്കുന്ന ആളിന്റെ അടുക്കൽ കൊണ്ടുചെല്ലുക” എന്നും യേശു ആജ്ഞാപിച്ചു. അവർ അങ്ങനെ ചെയ്തു. വീഞ്ഞായിത്തീർന്ന വെള്ളം അയാൾ രുചിച്ചു നോക്കി. അതെവിടെനിന്നു കിട്ടിയെന്ന് അയാൾ അറിഞ്ഞില്ല. വെള്ളം കോരിക്കൊണ്ടുചെന്ന പരിചാരകർ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. വിരുന്നിന്റെ മേൽനോട്ടം വഹിക്കുന്നയാൾ മണവാളനെ വിളിച്ചു പറഞ്ഞു: “എല്ലാവരും നല്ല വീഞ്ഞാണ് ആദ്യം വിളമ്പുക; ലഹരി പിടിച്ചശേഷമേ മോശമായതു വിളമ്പാറുള്ളൂ. എന്നാൽ നിങ്ങൾ ഈ നല്ല വീഞ്ഞ് ഇതുവരെ സൂക്ഷിച്ചുവച്ചിരുന്നല്ലോ.” യേശുവിന്റെ ദിവ്യമഹത്ത്വം പ്രകടമാക്കിയ ആദ്യത്തെ അടയാളപ്രവൃത്തി ആയിരുന്നു, ഗലീലയിലെ കാനായിൽ നടന്ന ഈ സംഭവം. അത് അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തി. ശിഷ്യന്മാർ യേശുവിൽ വിശ്വസിക്കുകയും ചെയ്തു.

JOHANA 2 വായിക്കുക