JOBA 28:12-28
JOBA 28:12-28 MALCLBSI
എന്നാൽ ജ്ഞാനം എവിടെ കണ്ടെത്തും? വിവേകത്തിന്റെ ആസ്ഥാനം എവിടെ? അങ്ങോട്ടുള്ള വഴി മനുഷ്യൻ അറിഞ്ഞിട്ടില്ല: ജീവിക്കുന്നവരുടെ ദേശത്ത് അതു കണ്ടെത്തിയിട്ടില്ല; അത് എന്നിലില്ല എന്ന് അഗാധത പറയുന്നു; അത് എന്റെ പക്കലില്ലെന്നു സമുദ്രവും പറയുന്നു. സ്വർണംകൊടുത്ത് അതു വാങ്ങാവുന്നതല്ല; വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല. ഓഫീർതങ്കമോ, വിലയേറിയ ഗോമേദകമോ ഇന്ദ്രനീലമോ അതിന്റെ വിലയാവുകയില്ല. സ്വർണവും സ്ഫടികവും അതിനു സമാനമല്ല; സ്വർണപ്പണ്ടങ്ങൾ പകരം കൊടുത്ത് അതു നേടാവുന്നതല്ല. പവിഴത്തിന്റെയും പളുങ്കിന്റെയും കാര്യം പറയാനേയില്ല. ജ്ഞാനം മുത്തുകളെക്കാൾ അമൂല്യമാണ്; എത്യോപ്യയിലെ പുഷ്യരാഗം അതിനോടു താരതമ്യപ്പെടുത്താനാവില്ല; തനിത്തങ്കംകൊണ്ട് അതിന്റെ വിലമതിക്കാവുന്നതല്ല. അപ്പോൾ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഇരിപ്പിടം എവിടെ? അതു സകല ജീവികൾക്കും അഗോചരമാണ്; പറവകളുടെ മിഴികൾക്കും അതു മറഞ്ഞിരിക്കുന്നു. ഞങ്ങൾ അതേപ്പറ്റി കേട്ടിട്ടേ ഉള്ളൂ എന്നു നരകവും മരണവും പറയുന്നു. അതിലേക്കുള്ള വഴി ദൈവം അറിയുന്നു; അതിന്റെ ആസ്ഥാനം അവിടുത്തേക്കറിയാം. അവിടുന്നു ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു; ആകാശത്തിൻ കീഴിലുള്ള സമസ്തവും കാണുകയും ചെയ്യുന്നു. അവിടുന്നു കാറ്റിനെ തൂക്കിനോക്കിയപ്പോൾ, സമുദ്രജലം അളന്നു തിട്ടപ്പെടുത്തിയപ്പോൾ, മഴയ്‍ക്ക് ഒരു നിയമം ഏർപ്പെടുത്തിയപ്പോൾ, ഇടിമിന്നലിനു വഴി നിർണയിച്ചപ്പോൾ, അവിടുന്ന് വിജ്ഞാനം കണ്ടു; അതു പ്രഖ്യാപിച്ചു. അതു പരിശോധിച്ചു, അതിന്റെ മൂല്യം നിർണയിച്ചു. അവിടുന്നു മനുഷ്യനോട് അരുളിച്ചെയ്തു: ‘സർവേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനം തിന്മയിൽനിന്ന് അകലുന്നതാണ് വിവേകം.’

