ഇയ്യോബ് 28:12-28 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
ഇയ്യോബ് 28:12-28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉദ്ഭവസ്ഥാനം എവിടെ? അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല. അത് എന്നിൽ ഇല്ല എന്ന് ആഴി പറയുന്നു; അത് എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു. തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല. ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് ഈടാകുന്നതല്ല; സ്വർണവും സ്ഫടികവും അതിനോട് ഒക്കുന്നില്ല; തങ്കംകൊണ്ടുള്ള പണ്ടങ്ങൾക്ക് അതിനെ മാറിക്കൊടുപ്പാറില്ല. പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ. കൂശിലെ പുഷ്പരാഗം അതിനോട് ഒക്കുന്നില്ല; തങ്കംകൊണ്ട് അതിന്റെ വില മതിക്കാവുന്നതുമല്ല. പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉദ്ഭവസ്ഥാനം എവിടെ? അതു സകല ജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്ക് അതു ഗുപ്തമായിരിക്കുന്നു. ഞങ്ങളുടെ ചെവികൊണ്ട് അതിന്റെ കേൾവി കേട്ടിട്ടുണ്ട് എന്നു നരകവും മരണവും പറയുന്നു. ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉദ്ഭവസ്ഥാനം അവനു നിശ്ചയമുണ്ട്. അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു. അവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവ് നിശ്ചയിക്കയും ചെയ്യുന്നു. അവൻ മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ അവൻ അതു കണ്ടു വർണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു. കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതുതന്നെ വിവേകം എന്ന് അവൻ മനുഷ്യനോട് അരുളിച്ചെയ്തു.
ഇയ്യോബ് 28:12-28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്നാൽ ജ്ഞാനം എവിടെ കണ്ടെത്തും? വിവേകത്തിന്റെ ആസ്ഥാനം എവിടെ? അങ്ങോട്ടുള്ള വഴി മനുഷ്യൻ അറിഞ്ഞിട്ടില്ല: ജീവിക്കുന്നവരുടെ ദേശത്ത് അതു കണ്ടെത്തിയിട്ടില്ല; അത് എന്നിലില്ല എന്ന് അഗാധത പറയുന്നു; അത് എന്റെ പക്കലില്ലെന്നു സമുദ്രവും പറയുന്നു. സ്വർണംകൊടുത്ത് അതു വാങ്ങാവുന്നതല്ല; വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല. ഓഫീർതങ്കമോ, വിലയേറിയ ഗോമേദകമോ ഇന്ദ്രനീലമോ അതിന്റെ വിലയാവുകയില്ല. സ്വർണവും സ്ഫടികവും അതിനു സമാനമല്ല; സ്വർണപ്പണ്ടങ്ങൾ പകരം കൊടുത്ത് അതു നേടാവുന്നതല്ല. പവിഴത്തിന്റെയും പളുങ്കിന്റെയും കാര്യം പറയാനേയില്ല. ജ്ഞാനം മുത്തുകളെക്കാൾ അമൂല്യമാണ്; എത്യോപ്യയിലെ പുഷ്യരാഗം അതിനോടു താരതമ്യപ്പെടുത്താനാവില്ല; തനിത്തങ്കംകൊണ്ട് അതിന്റെ വിലമതിക്കാവുന്നതല്ല. അപ്പോൾ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഇരിപ്പിടം എവിടെ? അതു സകല ജീവികൾക്കും അഗോചരമാണ്; പറവകളുടെ മിഴികൾക്കും അതു മറഞ്ഞിരിക്കുന്നു. ഞങ്ങൾ അതേപ്പറ്റി കേട്ടിട്ടേ ഉള്ളൂ എന്നു നരകവും മരണവും പറയുന്നു. അതിലേക്കുള്ള വഴി ദൈവം അറിയുന്നു; അതിന്റെ ആസ്ഥാനം അവിടുത്തേക്കറിയാം. അവിടുന്നു ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു; ആകാശത്തിൻ കീഴിലുള്ള സമസ്തവും കാണുകയും ചെയ്യുന്നു. അവിടുന്നു കാറ്റിനെ തൂക്കിനോക്കിയപ്പോൾ, സമുദ്രജലം അളന്നു തിട്ടപ്പെടുത്തിയപ്പോൾ, മഴയ്‍ക്ക് ഒരു നിയമം ഏർപ്പെടുത്തിയപ്പോൾ, ഇടിമിന്നലിനു വഴി നിർണയിച്ചപ്പോൾ, അവിടുന്ന് വിജ്ഞാനം കണ്ടു; അതു പ്രഖ്യാപിച്ചു. അതു പരിശോധിച്ചു, അതിന്റെ മൂല്യം നിർണയിച്ചു. അവിടുന്നു മനുഷ്യനോട് അരുളിച്ചെയ്തു: ‘സർവേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനം തിന്മയിൽനിന്ന് അകലുന്നതാണ് വിവേകം.’
ഇയ്യോബ് 28:12-28 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
“എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല. അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു; അത് എന്റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു. സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല. ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല; സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല; തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല. പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര് പറയുകയും വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളേക്കാൾ അധികമാണ്. കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല; തങ്കംകൊണ്ട് അതിന്റെ വില മതിക്കാകുന്നതുമല്ല. “പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട് എന്നു നാശവും മരണവും പറയുന്നു. ദൈവം അതിലേക്കുള്ള വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്. ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു; ആകാശത്തിന്‍റെ കീഴെല്ലാം കാണുന്നു. ദൈവം കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു. ദൈവം മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ അവിടുന്ന് അത് കണ്ടു വർണ്ണിക്കുകയും അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു. കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“
ഇയ്യോബ് 28:12-28 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല. അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു; അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു. തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല. ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല; സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല. പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ. കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല. പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു. ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു. ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു. അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു. അവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു. അവൻ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ അവൻ അതു കണ്ടു വർണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു. കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു.
ഇയ്യോബ് 28:12-28 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്? വിവേകം വസിക്കുന്ന സ്ഥലം എവിടെ? അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്താൻ കഴിയുന്നതുമില്ല. “അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു; “അത് എന്റെ അടുക്കലില്ല,” എന്നു സമുദ്രവും അവകാശപ്പെടുന്നു. മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല; വെള്ളി അതിന്റെ വിലയായി തൂക്കിനൽകാനും കഴിയില്ല. ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം, ഗോമേദകമോ ഇന്ദ്രനീലക്കല്ലോ അതിനു പകരമാകുകയില്ല. സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല, രത്നാലംകൃത സ്വർണാഭരണങ്ങളാൽ അതു വെച്ചുമാറുന്നതിനും സാധ്യമല്ല. പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും കാര്യം പറയുകയേ വേണ്ട; മാണിക്യത്തെക്കാൾ അത്യന്തം മൂല്യവത്താണ് ജ്ഞാനം. കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല; പരിശുദ്ധസ്വർണം നൽകിയും അതു വാങ്ങാൻ കഴിയുകയില്ല. അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകം വസിക്കുന്ന സ്ഥലം എവിടെ? ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു. ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു. നരകവും മരണവും പറയുന്നു: “അതിനെപ്പറ്റിയുള്ള ഒരു കേട്ടുകേൾവിമാത്രമാണ് ഞങ്ങളുടെ കാതുകളിൽ എത്തിയിരിക്കുന്നത്.” അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു, അതിന്റെ നിവാസസ്ഥാനം ഏതെന്ന് അവിടത്തേക്കു നിശ്ചയമുണ്ട്, കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ് ആകാശവിതാനത്തിനു കീഴിലുള്ള സമസ്തവും അവിടന്ന് കാണുന്നു. കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ വെള്ളങ്ങളുടെ അളവു നിർണയിച്ചപ്പോൾ, അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും ഇടിമിന്നലിന് ഒരു വഴിയും നിശ്ചയിച്ചപ്പോൾ, അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു; അവിടന്ന് അതിനെ സ്ഥിരീകരിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്തു. “കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം; ദോഷം വിട്ടകലുന്നതുതന്നെ വിവേകം,” എന്ന് അവിടന്നു മാനവരാശിയോട് അരുളിച്ചെയ്തു.