ഇയ്യോബ് 28
28
ജ്ഞാനത്തിനായുള്ള അന്വേഷണം
1വെള്ളിക്ക് ഒരു ഖനിയും
സ്വർണം ശുദ്ധീകരിക്കുന്നതിന് ഒരു സ്ഥലവും ഉണ്ട്.
2ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;
ചെമ്പ് അതിന്റെ അയിര് ഉരുക്കി വേർതിരിക്കുന്നു.
3മനുഷ്യർ അന്ധകാരത്തിന് അറുതി വരുത്തുന്നു;
പാറയുടെ വിദൂരഗഹ്വരങ്ങൾ തുരന്നുചെന്ന്
ഘോരാന്ധകാരത്തിൽ അയിരു തേടുന്നു.
4ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു;
മനുഷ്യരുടെ പാദസ്പർശം ഏൽക്കാത്തിടത്ത്
ഖനിയിലെ കയറിൽ തൂങ്ങിയാടി അവർ പണിയെടുക്കുന്നു.
5ഭൂമിയിൽനിന്ന് മനുഷ്യൻ ആഹാരം വിളയിക്കുന്നു;
എന്നാൽ അതിന്റെ അന്തർഭാഗം തീപോലെ തിളച്ചുമറിയുന്നു.
6അതിലെ പാറകളിൽനിന്ന് ഇന്ദ്രനീലക്കല്ലുകൾ ലഭിക്കുന്നു;
അതിലെ മണ്ണിൽ തങ്കക്കട്ടികളുണ്ട്.
7ഇരപിടിയൻപക്ഷി ആ വഴി അറിയുന്നില്ല,
ഒരു പരുന്തിന്റെ കണ്ണും അതു കണ്ടിട്ടില്ല.
8വന്യമൃഗങ്ങൾ ആ വഴി താണ്ടിയിട്ടില്ല,
ഒരു സിംഹവും അതിലെ ഇരതേടി ചുറ്റിക്കറങ്ങിയിട്ടില്ല.
9മനുഷ്യകരങ്ങൾ തീക്കല്ലിൽ ആഞ്ഞുപതിക്കുന്നു,
അവർ പർവതങ്ങളുടെ അടിവേരുകൾ ഇളക്കിമറിക്കുന്നു.
10അവർ പാറയിലൂടെ തുരങ്കങ്ങൾ വെട്ടിയുണ്ടാക്കുന്നു;
വിലയേറിയതെന്തും അവരുടെ കണ്ണുകൾ കണ്ടെത്തുന്നു.
11അവർ നദികളുടെ പ്രഭവസ്ഥാനം തെരഞ്ഞു കണ്ടെത്തുന്നു,
നിഗൂഢമായവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു.
12എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്?
വിവേകം വസിക്കുന്ന സ്ഥലം എവിടെ?
13അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല;
ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്താൻ കഴിയുന്നതുമില്ല.
14“അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു;
“അത് എന്റെ അടുക്കലില്ല,” എന്നു സമുദ്രവും അവകാശപ്പെടുന്നു.
15മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല;
വെള്ളി അതിന്റെ വിലയായി തൂക്കിനൽകാനും കഴിയില്ല.
16ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം,
ഗോമേദകമോ ഇന്ദ്രനീലക്കല്ലോ അതിനു പകരമാകുകയില്ല.
17സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല,
രത്നാലംകൃത സ്വർണാഭരണങ്ങളാൽ അതു വെച്ചുമാറുന്നതിനും സാധ്യമല്ല.
18പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും#28:18 ഈ വിലയേറിയ കല്ലുകൾ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. കാര്യം പറയുകയേ വേണ്ട;
മാണിക്യത്തെക്കാൾ അത്യന്തം മൂല്യവത്താണ് ജ്ഞാനം.
19കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല;
പരിശുദ്ധസ്വർണം നൽകിയും അതു വാങ്ങാൻ കഴിയുകയില്ല.
20അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു?
വിവേകം വസിക്കുന്ന സ്ഥലം എവിടെ?
21ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു.
ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു.
22നരകവും മരണവും പറയുന്നു:
“അതിനെപ്പറ്റിയുള്ള ഒരു കേട്ടുകേൾവിമാത്രമാണ് ഞങ്ങളുടെ കാതുകളിൽ എത്തിയിരിക്കുന്നത്.”
23അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു,
അതിന്റെ നിവാസസ്ഥാനം ഏതെന്ന് അവിടത്തേക്കു നിശ്ചയമുണ്ട്,
24കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ്
ആകാശവിതാനത്തിനു കീഴിലുള്ള സമസ്തവും അവിടന്ന് കാണുന്നു.
25കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ
വെള്ളങ്ങളുടെ അളവു നിർണയിച്ചപ്പോൾ,
26അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും
ഇടിമിന്നലിന് ഒരു വഴിയും നിശ്ചയിച്ചപ്പോൾ,
27അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു;
അവിടന്ന് അതിനെ സ്ഥിരീകരിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്തു.
28“കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം;
ദോഷം വിട്ടകലുന്നതുതന്നെ വിവേകം,”
എന്ന് അവിടന്നു മാനവരാശിയോട് അരുളിച്ചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോബ് 28: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.