ഇയ്യോ. 28
28
1“വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും
പൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്.
2ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;
കല്ലുരുക്കി ചെമ്പെടുക്കുന്നു.
3മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു;
കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു.
4താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു;
നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ;
മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു.
5ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു;
അതിന്റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
6അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;
സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്.
7അതിന്റെ പാത കഴുകൻ അറിയുന്നില്ല;
പരുന്തിന്റെ കണ്ണ് അതിനെ കണ്ടിട്ടില്ല.
8ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;
ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല.
9അവർ തീക്കൽപാറയിലേക്ക് കൈ നീട്ടുന്നു;
പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.
10അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു;
അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു.
11അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു;
മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു.
12“എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
13അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;
ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.
14അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു;
അത് എന്റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു.
15സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല;
അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല.
16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ
നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല;
17സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല;
തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല.
18പവിഴത്തിന്റെയും പളുങ്കിന്റെയും പേര് പറയുകയും വേണ്ടാ;
ജ്ഞാനത്തിന്റെ വില മുത്തുകളേക്കാൾ അധികമാണ്.
19കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല;
തങ്കംകൊണ്ട് അതിന്റെ വില മതിക്കാകുന്നതുമല്ല.
20“പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
21അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;
ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു.
22ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട്
എന്നു നാശവും#28:22 നാശവും അബദ്ദോന്‍ മരണവും പറയുന്നു.
23ദൈവം അതിലേക്കുള്ള വഴി അറിയുന്നു;
അതിന്റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്.
24ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു;
ആകാശത്തിന്റെ കീഴെല്ലാം കാണുന്നു.
25ദൈവം കാറ്റിനെ തൂക്കിനോക്കുകയും
വെള്ളത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു.
26ദൈവം മഴയ്ക്ക് ഒരു നിയമവും
ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ
27അവിടുന്ന് അത് കണ്ടു വർണ്ണിക്കുകയും
അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു.
28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;
ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം
എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോ. 28: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.