ഇയ്യോബ് 28:12-28
ഇയ്യോബ് 28:12-28 MCV
എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്? വിവേകം വസിക്കുന്ന സ്ഥലം എവിടെ? അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്താൻ കഴിയുന്നതുമില്ല. “അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു; “അത് എന്റെ അടുക്കലില്ല,” എന്നു സമുദ്രവും അവകാശപ്പെടുന്നു. മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല; വെള്ളി അതിന്റെ വിലയായി തൂക്കിനൽകാനും കഴിയില്ല. ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം, ഗോമേദകമോ ഇന്ദ്രനീലക്കല്ലോ അതിനു പകരമാകുകയില്ല. സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല, രത്നാലംകൃത സ്വർണാഭരണങ്ങളാൽ അതു വെച്ചുമാറുന്നതിനും സാധ്യമല്ല. പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും കാര്യം പറയുകയേ വേണ്ട; മാണിക്യത്തെക്കാൾ അത്യന്തം മൂല്യവത്താണ് ജ്ഞാനം. കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല; പരിശുദ്ധസ്വർണം നൽകിയും അതു വാങ്ങാൻ കഴിയുകയില്ല. അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകം വസിക്കുന്ന സ്ഥലം എവിടെ? ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു. ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു. നരകവും മരണവും പറയുന്നു: “അതിനെപ്പറ്റിയുള്ള ഒരു കേട്ടുകേൾവിമാത്രമാണ് ഞങ്ങളുടെ കാതുകളിൽ എത്തിയിരിക്കുന്നത്.” അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു, അതിന്റെ നിവാസസ്ഥാനം ഏതെന്ന് അവിടത്തേക്കു നിശ്ചയമുണ്ട്, കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ് ആകാശവിതാനത്തിനു കീഴിലുള്ള സമസ്തവും അവിടന്ന് കാണുന്നു. കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ വെള്ളങ്ങളുടെ അളവു നിർണയിച്ചപ്പോൾ, അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും ഇടിമിന്നലിന് ഒരു വഴിയും നിശ്ചയിച്ചപ്പോൾ, അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു; അവിടന്ന് അതിനെ സ്ഥിരീകരിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്തു. “കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം; ദോഷം വിട്ടകലുന്നതുതന്നെ വിവേകം,” എന്ന് അവിടന്നു മാനവരാശിയോട് അരുളിച്ചെയ്തു.

