ഇയ്യോ. 28:12-28

ഇയ്യോ. 28:12-28 IRVMAL

“എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ? അതിന്‍റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല. അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു; അത് എന്‍റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു. സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല; അതിന്‍റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല. ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല; സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല; തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല. പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര് പറയുകയും വേണ്ടാ; ജ്ഞാനത്തിന്‍റെ വില മുത്തുകളേക്കാൾ അധികമാണ്. കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല; തങ്കംകൊണ്ട് അതിന്‍റെ വില മതിക്കാകുന്നതുമല്ല. “പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു? വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ? അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട് എന്നു നാശവും മരണവും പറയുന്നു. ദൈവം അതിലേക്കുള്ള വഴി അറിയുന്നു; അതിന്‍റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്. ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു; ആകാശത്തിന്‍റെ കീഴെല്ലാം കാണുന്നു. ദൈവം കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു. ദൈവം മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ അവിടുന്ന് അത് കണ്ടു വർണ്ണിക്കുകയും അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു. കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“