JOBA 31

31
1എന്റെ കണ്ണുകളുമായി ഞാൻ ഒരുടമ്പടി ചെയ്തിട്ടുണ്ട്;
അപ്പോൾ ഞാൻ എങ്ങനെ കന്യകയിൽ കണ്ണുവയ്‍ക്കും?
2അത്യുന്നതനായ ദൈവം എനിക്കു നല്‌കുന്ന ഓഹരി എന്ത്?
സർവശക്തനിൽനിന്ന് എനിക്കു ലഭിക്കുന്ന അവകാശം എന്ത്?
3നീതികെട്ടവന്റെമേൽ അത്യാഹിതവും അധർമിയുടെമേൽ വിപത്തും നിപതിക്കുന്നില്ലേ?
4ദൈവം എന്റെ പ്രവൃത്തികൾ അറിയുന്നില്ലേ?
എന്റെ കാൽവയ്പുകൾ അവിടുന്ന് കാണുന്നില്ലേ?
5സത്യവിരുദ്ധമായി ഞാൻ നടന്നിട്ടുണ്ടെങ്കിൽ,
ഞാൻ വഞ്ചന പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ
6ദൈവം ഒത്തതുലാസിൽ തൂക്കിനോക്കി
എന്റെ സത്യസന്ധത നിർണയിക്കട്ടെ.
7ഞാൻ നേരായ മാർഗത്തിൽനിന്നു വ്യതിചലിച്ചെങ്കിൽ,
കണ്ടതിലെല്ലാം ഞാൻ ആർത്തിപൂണ്ടിട്ടുണ്ടെങ്കിൽ,
എന്റെ കരത്തിൽ കറ പുരണ്ടിട്ടുണ്ടെങ്കിൽ,
8ഞാൻ വിതച്ചത് മറ്റൊരുവൻ അനുഭവിക്കട്ടെ.
എന്റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ.
9പരസ്‍ത്രീയിൽ ഞാൻ ഭ്രമിച്ചുപോയിട്ടുണ്ടെങ്കിൽ,
അയൽക്കാരന്റെ വാതില്‌ക്കൽ ഞാൻ പതിയിരുന്നിട്ടുണ്ടെങ്കിൽ,
10എന്റെ ഭാര്യ അന്യനുവേണ്ടി ധാന്യം പൊടിക്കട്ടെ;
അവളോടൊത്ത് അന്യർ ശയിക്കട്ടെ.
11അങ്ങനെയുള്ളതു കൊടിയ പാതകമാണല്ലോ;
ന്യായാധിപന്മാർ ശിക്ഷ വിധിക്കേണ്ട അധർമംതന്നെ.
12അതു വിനാശകരമായ നരകാഗ്നിയാകുന്നു.
എനിക്കുള്ള സർവസ്വവും അതു നിർമ്മൂലമാക്കും.
13പരാതിയുമായി എന്നെ സമീപിച്ച ദാസന്റെയോ ദാസിയുടെയോ ന്യായം ഞാൻ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിൽ,
14ദൈവം എന്നെ വിധിക്കാൻ എഴുന്നേല്‌ക്കുമ്പോൾ ഞാൻ എന്തു ചെയ്യും?
ദൈവം അന്വേഷണം നടത്തുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും?
15അമ്മയുടെ ഉദരത്തിൽ എന്നെ ഉരുവാക്കിയ ദൈവമല്ലേ എന്റെ ദാസനെയും സൃഷ്‍ടിച്ചത്?
ഒരുവൻ തന്നെയല്ലേ അവനെയും എന്നെയും അമ്മയുടെ ഉദരത്തിൽ മെനഞ്ഞത്?
16ദരിദ്രൻ ആഗ്രഹിച്ചത് ഞാൻ കൊടുക്കാതിരുന്നിട്ടുണ്ടെങ്കിൽ,
സഹായത്തിനുവേണ്ടി നോക്കിയ വിധവകളെ ഞാൻ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ,
17അനാഥനു നല്‌കാതെ ഞാൻ തനിച്ചു ഭക്ഷിച്ചിട്ടുണ്ടെങ്കിൽ,
18ബാല്യംമുതൽ പിതാവിനെപ്പോലെ ഞാൻ അനാഥനെ വളർത്തുകയും
ജനനംമുതൽ അവനെ പരിപാലിക്കുകയും ചെയ്തിരുന്നല്ലോ.
19ഒരുവൻ വസ്ത്രമില്ലാതെ തണുപ്പുകൊണ്ടു വലയുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ
കണ്ടിട്ട് ഞാൻ അത് അവഗണിച്ചിട്ടുണ്ടെങ്കിൽ,
20എന്റെ ആടുകളിൽ നിന്നെടുത്ത കമ്പിളികൊണ്ടുള്ള
ചൂടേറ്റ് അയാൾ എന്നെ ഹൃദയപൂർവം അനുഗ്രഹിക്കാൻ ഞാൻ ഇട വരുത്തിയിട്ടില്ലെങ്കിൽ,
21നഗരവാതില്‌ക്കൽ എനിക്കു സഹായത്തിനാളുണ്ടെന്നു കണ്ട്
അനാഥന്റെ നേരേ ഞാൻ കൈ ഉയർത്തിയിട്ടുണ്ടെങ്കിൽ,
22എന്റെ തോളെല്ല് ഒടിഞ്ഞുവീഴട്ടെ,
എന്റെ ഭുജത്തിന്റെ സന്ധിബന്ധം അറ്റുപോകട്ടെ.
23ദൈവം വരുത്തിയ വിപത്തിനാൽ,
ഞാൻ കൊടിയ ഭീതിയിലായിരുന്നു;
അവിടുത്തെ പ്രഭാവത്തിന്റെ മുമ്പിൽ നില്‌ക്കാൻ എനിക്കു കഴിവില്ലായിരുന്നു.
24സ്വർണത്തിൽ ഞാൻ ആശ്രയം അർപ്പിക്കുകയോ,
തങ്കത്തെ എന്റെ ശരണം ആക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
25ഞാൻ എന്റെ സമ്പന്നതയിലും സമ്പാദിച്ചു കൂട്ടിയതിലും സന്തോഷിക്കുന്നുവെങ്കിൽ,
26ജ്വലിക്കുന്ന സൂര്യനെയോ ശോഭ ചൊരിയുന്ന ചന്ദ്രനെയോ കണ്ട്
27ഞാൻ ഗൂഢമായി വശീകരിക്കപ്പെടുകയോ
അവയോടുള്ള ആരാധനാഭാവംകൊണ്ട് സ്വന്തം കരം ചുംബിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
28അതും ശിക്ഷാർഹമായ കുറ്റംതന്നെ.
അത്യുന്നതനായ ദൈവത്തെ നിഷേധിക്കലാണല്ലോ അത്.
29എന്നെ ദ്വേഷിക്കുന്നവന്റെ പതനത്തിൽ സന്തോഷിക്കുകയോ,
അവന് അനർഥം നേരിട്ടപ്പോൾ ആഹ്ലാദിക്കുകയോ ഞാൻ ചെയ്തിട്ടില്ല.
30അവന്റെ നാശം ഇച്ഛിച്ചുകൊണ്ടു ശാപം ചൊരിഞ്ഞു പാപം ചെയ്യാൻ
ഞാൻ എന്റെ നാവിനെ അനുവദിച്ചിട്ടില്ല.
31“അവന്റെ ഭക്ഷണമേശയിൽനിന്നു മാംസം ഭക്ഷിച്ച്
തൃപ്തിവരാത്ത ആരുണ്ട്” എന്നിങ്ങനെ
എന്റെ കൂടാരത്തിൽ വസിക്കുന്നവർ ചോദിക്കാതിരുന്നിട്ടില്ല.
32പരദേശിക്കു തെരുവിൽ രാപാർക്കേണ്ടി വന്നിട്ടില്ല;
വഴിപോക്കന് ഞാൻ എന്റെ വാതിൽ തുറന്നു കൊടുത്തു.
33അകൃത്യം മനസ്സിലൊളിപ്പിച്ച് ഞാൻ എന്റെ അതിക്രമങ്ങൾ ആരുടെ മുമ്പിൽനിന്നും മൂടി വച്ചിട്ടില്ല.
34ആൾക്കൂട്ടത്തെ ഭയപ്പെട്ട്, മറ്റു കുടുംബങ്ങളുടെ നിന്ദയിൽ ഭീതി തോന്നി
ഞാൻ മൗനം അവലംബിക്കുകയോ വാതിലിനു പുറത്ത് ഇറങ്ങാതിരിക്കുകയോ ചെയ്തിട്ടില്ല.
35ഹാ! എന്റെ സങ്കടം കേൾക്കാൻ ആരുണ്ട്!
ഇതാ, എന്റെ കൈയൊപ്പ്.
സർവശക്തൻ എനിക്ക് ഉത്തരം നല്‌കട്ടെ!
എന്റെ പ്രതിയോഗി എനിക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം കിട്ടിയിരുന്നെങ്കിൽ!
36നിശ്ചയമായും ഞാൻ അതു തോളിൽ വഹിക്കുമായിരുന്നു.
കിരീടംപോലെ അണിയുമായിരുന്നു.
37എന്റെ പ്രവൃത്തികളുടെ കണക്കു ഞാൻ അവനു സമർപ്പിക്കുമായിരുന്നു;
പ്രഭുവിനെപ്പോലെ ഞാൻ അവനെ സമീപിക്കുമായിരുന്നു.
38എന്റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ
ഉഴവുചാലുകൾ കൂട്ടമായി കരയുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
39വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവ് അനുഭവിക്കുകയോ
അതിന്റെ ഉടമകളുടെ മരണത്തിന് കാരണക്കാരനാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
40കോതമ്പിനു പകരം മുള്ളും ബാർലിക്കു പകരം കളകളും വളരട്ടെ!”
(ഇയ്യോബിന്റെ വാക്കുകൾ സമാപിച്ചു)

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOBA 31: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക