JOBA 38

38
ദൈവത്തിന്റെ മറുപടി
1അപ്പോൾ സർവേശ്വരൻ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിന് ഉത്തരം അരുളി:
2“അറിവില്ലാത്ത വാക്കുകളാൽ,
ഉപദേശത്തെ ഇരുളാക്കുന്ന ഇവനാര്?
3പൗരുഷമുള്ളവനെപ്പോലെ നീ അര മുറുക്കിക്കൊള്ളുക;
ഞാൻ നിന്നോടു ചോദിക്കുന്നതിന് ഉത്തരം പറയുക.
4ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെ ആയിരുന്നു?
അറിയാമെങ്കിൽ പറയുക.
5അതിന്റെ അളവു നിർണയിച്ചത് ആര്?
നിശ്ചയമായും നിനക്ക് അത് അറിയാമല്ലോ.
അതിന്റെ മീതെ അളവുനൂൽ പിടിച്ചത് ആര്?
6പ്രഭാതനക്ഷത്രങ്ങൾ ഒത്തുചേർന്നു പാടുകയും
മാലാഖമാർ ആനന്ദിച്ച് ആർത്തുവിളിക്കുകയും ചെയ്തപ്പോൾ,
7ഭൂമിയുടെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?
അതിന്റെ മൂലക്കല്ല് ആരു സ്ഥാപിച്ചു?
8ഗർഭത്തിൽനിന്ന് കുതിച്ചുചാടിയ സമുദ്രത്തെ, വാതിലുകളടച്ച് തടഞ്ഞതാര്?
9അന്നു ഞാൻ മേഘങ്ങളെ അതിന്റെ ഉടുപ്പും കൂരിരുട്ടിനെ അതിന്റെ ഉടയാടയുമാക്കി.
10ഞാൻ സമുദ്രത്തിന് അതിർത്തി വച്ചു;
കതകുകളും ഓടാമ്പലുകളും പിടിപ്പിച്ചു.
11പിന്നീട്, നിനക്ക് ഇവിടംവരെ വരാം;
ഇതിനപ്പുറം കടക്കരുത്;
ഇവിടെ നിന്റെ ഗർവിഷ്ഠമായ തിരമാലകൾ നില്‌ക്കട്ടെ എന്നു ഞാൻ സമുദ്രത്തോടു കല്പിച്ചു.
12ഭൂമിയുടെ അതിർത്തികളെ പിടിച്ചടക്കാനും ദുർജനത്തെ കുടഞ്ഞുകളയാനും
13നീ ആയുസ്സിൽ എപ്പോഴെങ്കിലും പ്രഭാതത്തിന് കല്പന കൊടുത്തിട്ടുണ്ടോ?
അരുണോദയത്തിന് നീ സ്ഥാനം നിർദ്ദേശിച്ചിട്ടുണ്ടോ?
14മുദ്ര പതിച്ച കളിമണ്ണുപോലെ അതു രൂപംകൊള്ളുന്നു.
വർണശബളമായ വസ്ത്രംപോലെ അതു ദൃശ്യമാകുന്നു.
15ദുഷ്ടന്മാർക്ക് അവരുടെ പ്രകാശം നിഷേധിക്കപ്പെടുന്നു.
അവർ ഉയർത്തിയ കരങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു.
16സമുദ്രത്തിന്റെ ഉറവിടത്തിൽ നീ പ്രവേശിച്ചിട്ടുണ്ടോ?
ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
17മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ?
ഘോരാന്ധകാരത്തിന്റെ വാതിലുകൾ നിനക്കു ദൃശ്യമായിട്ടുണ്ടോ?
18ഭൂമിയുടെ വിസ്തൃതി നീ ഗ്രഹിച്ചിട്ടുണ്ടോ?
ഇവയൊക്കെ നിനക്ക് അറിയാമെങ്കിൽ പറയുക.
19വെളിച്ചത്തിന്റെ വാസസ്ഥലത്തേക്കുള്ള വഴി ഏത്?
ഇരുളിന്റെ പാർപ്പിടം എവിടെ?
20അവയെ അവയുടെ അതിർത്തിക്കുള്ളിലേക്ക് നയിക്കാൻ അവയുടെ പാർപ്പിടത്തിലേക്കുള്ള വഴി നിനക്ക് അറിയാമോ?
21നിശ്ചയമായും നിനക്കറിയാം;
നീ അന്നേ ജനിച്ചിരുന്നല്ലോ;
നിന്റെ ആയുസ്സ് അത്രയ്‍ക്ക് ദീർഘമാണല്ലോ;
22ഹിമത്തിന്റെ സംഭരണശാലകളിൽ നീ പ്രവേശിച്ചിട്ടുണ്ടോ?
കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
23കഷ്ടകാലത്തേക്കും യുദ്ധകാലത്തേക്കും വേണ്ടി ഞാൻ അവ സംഭരിച്ചിരിക്കുന്നു.
24വെളിച്ചം പ്രസരിപ്പിക്കുന്ന സ്ഥലത്തേക്കും
ഭൂമിയിൽ വീശുന്ന കിഴക്കൻകാറ്റിന്റെ ഉദ്ഭവസ്ഥാനത്തേക്കുമുള്ള വഴി ഏത്?
25നിർജനപ്രദേശത്തും ആരും പാർക്കാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും
26തരിശായ പാഴ്നിലത്തിന്റെ ദാഹം ശമിപ്പിക്കാനും ഭൂമി ഇളമ്പുല്ലു മുളപ്പിക്കാനും വേണ്ടി
27പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു പാതയും വെട്ടിത്തുറന്നതാര്?
28മഴയ്‍ക്കു ജനയിതാവുണ്ടോ?
മഞ്ഞുതുള്ളികൾക്ക് ആരു ജന്മമേകി?
29ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറത്തുവന്നു?
ആകാശത്തിലെ പൊടിമഞ്ഞിന് ആരു ജന്മം നല്‌കി?
30വെള്ളം പാറക്കല്ലുപോലെ ഉറച്ചുപോകുന്നു.
ആഴിയുടെ മുഖം ഉറഞ്ഞു കട്ടിയാകുന്നു.
31കാർത്തിക നക്ഷത്രങ്ങളുടെ ചങ്ങലകൾ ബന്ധിക്കാമോ?
മകയിരത്തെ ബന്ധിച്ചിരിക്കുന്ന പാശം അഴിക്കാമോ?
32നിനക്ക് യഥാകാലം രാശിചക്രം നിയന്ത്രിക്കാമോ?
സപ്തർഷിമണ്ഡലത്തെ നയിക്കാമോ?
33ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിനക്കറിയാമോ?
അവ ഭൂമിയിൽ പ്രയോഗിക്കാൻ നിനക്കു കഴിയുമോ?
34പെരുവെള്ളം നിന്നെ മൂടാൻ തക്കവിധം മഴ പെയ്യിക്കാൻ മേഘങ്ങളോട് ഉച്ചത്തിൽ ആജ്ഞാപിക്കാൻ നിനക്കു കഴിയുമോ?
35‘ഇതാ ഞങ്ങൾ’ എന്നു പറഞ്ഞുകൊണ്ട് പുറപ്പെടാൻ തക്കവിധം
മിന്നൽപ്പിണരുകളോട് ആജ്ഞാപിക്കാമോ?
36ഹൃദയത്തിൽ ജ്ഞാനവും മനസ്സിൽ വിവേകവും നിക്ഷേപിച്ചതാര്?
37പൂഴി കട്ടിയായിത്തീരാനും മൺകട്ടകൾ ഒന്നോടൊന്ന് ഒട്ടിച്ചേരാനും തക്കവിധം
38ആകാശത്തിലെ ജലസംഭരണിയെ ചെരിക്കാൻ ആർക്കു കഴിയും?
ജ്ഞാനത്താൽ മേഘങ്ങളെ എണ്ണാനും ആർക്കു കഴിയും?
39സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോൾ,
മറവിടങ്ങളിൽ പതിയിരിക്കുമ്പോൾ,
40അവയ്‍ക്കുവേണ്ടി ഇര തേടിക്കൊടുക്കാനും
സിംഹക്കുട്ടികളുടെ വിശപ്പടക്കാനും നിനക്കു കഴിയുമോ?
41വിശന്നിട്ടു ദൈവത്തോടു നിലവിളിക്കുന്ന കാക്കക്കുഞ്ഞുങ്ങൾക്കുവേണ്ടി
ഇര തേടി അലഞ്ഞുതിരിയുന്ന കാക്കയ്‍ക്കു തീറ്റി കൊടുക്കുന്നത് ആരാണ്?

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOBA 38: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക