JOBA 39
39
1കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?
മാൻപേടകളുടെ പ്രസവം നീ കണ്ടിട്ടുണ്ടോ?
2അവയുടെ പ്രസവകാലം നിനക്കു കണക്കുകൂട്ടാമോ?
അവയുടെ പ്രസവസമയം നിനക്ക് അറിയാമോ?
3എപ്പോൾ അവ കുനിഞ്ഞു പ്രസവിച്ച് കുഞ്ഞിനു ജന്മം നല്കുന്നു?
4അവയുടെ കുട്ടികൾ ശക്തിനേടി തുറസ്സായ സ്ഥലത്തു വളരുന്നു;
പിന്നെ അവ പിരിഞ്ഞകലുന്നു; മടങ്ങിവരുന്നതുമില്ല.
5കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്?
അവയ്ക്ക് ഓടിനടക്കാൻ അനുവാദം കൊടുത്തത് ആര്?
6ഞാൻ അവയ്ക്കു പുൽമേടുകൾ മേയാൻ കൊടുത്തു.
ഓരുനിലം അവയുടെ വീടാക്കി.
7പട്ടണത്തിലെ ശബ്ദകോലാഹലം അതു വെറുക്കുന്നു.
മേയിക്കുന്നവന്റെ ആക്രോശം അതു കേൾക്കുന്നില്ല.
8പർവതങ്ങൾ അതിന്റെ മേച്ചിൽസ്ഥലങ്ങളാണ്.
പച്ചത്തലപ്പുകൾ തേടി അതു നടക്കുന്നു.
9കാട്ടുകാള നിന്നെ സേവിക്കുമോ?
നിന്റെ തൊഴുത്തിൽ അതു രാപാർക്കുമോ?
10അതിനെ നുകംവച്ച് ഉഴവിനു കൊണ്ടുപോകാമോ?
അത് നിന്റെ പിന്നാലെ നടന്നു കട്ട ഉടച്ചു നിലം നിരപ്പാക്കുമോ?
11അതിന്റെ കരുത്തു വലുതാണെന്നു കരുതി നിനക്കതിനെ ആശ്രയിക്കാമോ?
നിന്റെ പണി അതിനെ ഏല്പിക്കുമോ?
12അത് നിന്റെ കളപ്പുരയിലേക്കു ധാന്യം കൊണ്ടുവരുമെന്നു നീ വിശ്വസിക്കുന്നോ?
13ഒട്ടകപ്പക്ഷി പ്രൗഢിയോടെ ചിറകടിക്കുന്നു.
പക്ഷേ അതിനു കൊക്കിനെപ്പോലെ പറക്കാൻ കഴിയുമോ?
14അതു നിലത്തു മുട്ടയിട്ടിട്ടു പോകുന്നു.
മുട്ട മണ്ണിന്റെ ചൂടുകൊണ്ടു വിരിയുന്നു.
15ആരെങ്കിലും അതു ചവിട്ടിയുടയ്ക്കുമെന്നോ,
കാട്ടുമൃഗങ്ങൾ അവ ചവിട്ടിക്കളയുമെന്നോ അത് ഓർക്കുന്നില്ല.
16തന്റെ കുഞ്ഞുങ്ങളാണെന്നു വിചാരമില്ലാതെ അത് അവയോടു ക്രൂരമായി വർത്തിക്കുന്നു.
17തന്റെ ഈറ്റുനോവു പാഴായിപ്പോകുമെന്ന് അതു ഭയപ്പെടുന്നില്ല.
കാരണം ദൈവം അതിനു ജ്ഞാനമോ വിവേകമോ നല്കിയിട്ടില്ല.
18അതു ചിറകു വിടർത്തി ഓടിയകലുമ്പോൾ
കുതിരയെയും കുതിരക്കാരനെയും പിൻതള്ളി നാണംകെടുത്തുന്നു.
19ഇയ്യോബേ, കുതിരയ്ക്കു ശക്തി കൊടുക്കുന്നതു നീയാണോ?
അതിന്റെ കഴുത്തിനു ബലം വരുത്തുന്നതും നീയാണോ?
20അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കുന്നതു നീയോ?
അതിന്റെ ശക്തിയേറിയ ചീറ്റൽ ഭയജനകമല്ലേ?
21താഴ്വരയിൽ ചുരം മാന്തി അതു സ്വന്തശക്തിയിൽ ഊറ്റംകൊള്ളുന്നു.
യുദ്ധഭൂമിയിലേക്ക് അതു പാഞ്ഞുചെല്ലുന്നു.
22ഭയത്തെ അതു പരിഹസിച്ചുതള്ളുന്നു.
ഭീതികൊണ്ട് അതു തളരുന്നില്ല.
വാളു കണ്ടു പിന്തിരിഞ്ഞോടുന്നില്ല.
23അതിന്റെമേൽ യോദ്ധാക്കളുടെ ആയുധങ്ങളുടെ കിലുകിലധ്വനി ഉയരുന്നു.
കുന്തവും ചാട്ടുകുന്തവും വെട്ടിത്തിളങ്ങുന്നു.
24അത് ഉഗ്രതയും കോപവുംപൂണ്ട് ബഹുദൂരം പിന്നിടുന്നു.
കാഹളധ്വനി ഉയരുമ്പോൾ അടങ്ങിനില്ക്കാൻ അതിനു കഴിയുകയില്ല.
25കാഹളധ്വനി കേട്ട് അതു ഹാ, ഹാ ശബ്ദം പുറപ്പെടുവിക്കുന്നു.
യുദ്ധത്തിന്റെ ഗന്ധം അതിനു ദൂരത്തുനിന്നേ കിട്ടുന്നു.
പടനായകരുടെ അട്ടഹാസവും ആർപ്പുവിളിയും അകലെവച്ചുതന്നെ അറിയുന്നു.
26നിന്റെ ജ്ഞാനം കൊണ്ടാണോ പരുന്ത് ഉയർന്നു പറക്കുകയും
തെക്കോട്ടു ചിറകു വിടർത്തുകയും ചെയ്യുന്നത്?
27നിന്റെ കല്പനയനുസരിച്ചാണോ കഴുകൻ മുകളിലേക്കു പറന്നുയരുന്നത്?
ഉയരത്തിൽ കൂടുകെട്ടുന്നത്?
28കടുംതൂക്കായ പരുക്കൻ പാറയിലെ സുരക്ഷിതമായ സ്ഥാനങ്ങളിൽ അതു കൂടുവച്ചു പാർക്കുന്നു.
29അവിടെയിരുന്നുകൊണ്ട് അത് ഇരയെ തിരയുന്നു.
അതു ദൂരെയുള്ള ഇരയെ കാണുന്നു.
30കഴുകന്റെ കുഞ്ഞുങ്ങൾ രക്തം വലിച്ചുകുടിക്കുന്നു;
ശവമുള്ളിടത്ത് കഴുകനുമുണ്ട്.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOBA 39: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.