JOBA 41

41
1നിനക്ക് ലിവ്യാഥാനെ ചൂണ്ടയിട്ടു പിടിക്കാമോ?
അതിന്റെ നാക്കു കയറുകൊണ്ട് ബന്ധിക്കാമോ?
2അതിന്റെ മൂക്കിൽ കയറിടാമോ?
അതിന്റെ താടിയെല്ലിൽ കൊളുത്തു കടത്താമോ?
3അതു നിന്റെ മുമ്പിൽ യാചന നിരത്തുമോ?
അതു നിന്നോടു കെഞ്ചിപ്പറയുമോ?
4എക്കാലവും നിനക്കു ദാസ്യം വഹിക്കാമെന്ന്
അതു നിന്നോട് ഉടമ്പടി ചെയ്യുമോ?
5ഒരു കിളിയോടെന്നവിധം നിനക്ക് അതിനോടു കളിക്കാമോ?
നിന്റെ ദാസിമാർക്കുവേണ്ടി, അതിനെ പിടിച്ചു കെട്ടിയിടുമോ?
6വ്യാപാരികൾ അതിനു വിലപേശുമോ?
കച്ചവടക്കാർക്ക് അതിനെ പകുത്തു വില്‌ക്കുമോ?
7അതിന്റെ തൊലി നിറയെ ചാട്ടുളിയും
തലയിൽ മുപ്പല്ലിയും തറയ്‍ക്കാമോ?
8അതിനെ ഒന്നു തൊട്ടാൽ എന്തൊരു പോരായിരിക്കുമെന്ന് ഓർത്തുനോക്കൂ;
പിന്നെ നീ അതിനു തുനിയുകയില്ല.
9നോക്കൂ; അതിനെ കീഴ്പെടുത്താമെന്ന ആശ ആർക്കും വേണ്ട;
ഒന്നേ നോക്കൂ; അതോടെ നോക്കുന്നവൻ നിലംപതിക്കും.
10അതിനെ പ്രകോപിപ്പിക്കാൻ തക്ക ശൗര്യം ആർക്കും ഇല്ല.
എങ്കിൽ പിന്നെ എന്നെ നേരിടാൻ ആർക്കു കഴിയും?
11ഞാൻ മടക്കിക്കൊടുക്കാൻ ആരെങ്കിലും എന്തെങ്കിലും എന്നെ ഏല്പിച്ചിട്ടുണ്ടോ?
ആകാശത്തിൻകീഴുള്ള സമസ്തവും എൻറേതല്ലേ?
12അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും
വടിവൊത്ത ശരീരഘടനയെയുംപറ്റി മൗനം അവലംബിക്കാൻ എനിക്കു സാധ്യമല്ല.
13അതിന്റെ പുറംചട്ട ഉരിയാൻ ആർക്കു കഴിയും?
അതിന്റെ ഇരട്ടക്കവചം തുളയ്‍ക്കാൻ ആർക്കു കഴിയും?
14അതിന്റെ വായ് ആരു തുറക്കും?
അതിന്റെ പല്ലുകൾ ഭീകരമാണ്.
15പരിചകൾ അടുക്കിയാണ് അതിന്റെ പുറം നിർമ്മിച്ചിരിക്കുന്നത്.
അവ വിടവുതീർത്തു മുദ്രവച്ചിരിക്കുന്നു.
16വായു കടക്കാത്തവിധം അവ യോജിപ്പിച്ചിരിക്കുന്നു;
17അകറ്റാൻ അരുതാത്തവിധം അവ പറ്റിച്ചേർന്നിരിക്കുന്നു.
18അതു തുമ്മുമ്പോൾ മിന്നൽപ്പിണർ പ്രസരിക്കുന്നു;
അതിന്റെ കണ്ണ് പ്രഭാതകിരണങ്ങൾ പോലെയാണ്.
19അതിന്റെ വായിൽനിന്ന് അഗ്നിജ്വാലകൾ പുറപ്പെടുന്നു;
തീപ്പൊരികൾ ചിതറുന്നു.
20അതിന്റെ നാസാരന്ധ്രങ്ങളിൽനിന്ന് കോരപ്പുല്ലു കത്തി
വെള്ളം തിളയ്‍ക്കുന്ന കലത്തിൽ നിന്നെന്ന പോലെ പുക ഉയരുന്നു.
21അതിന്റെ ശ്വാസം ഏറ്റ് കനൽക്കട്ട ജ്വലിക്കുന്നു.
അതിന്റെ വായിൽനിന്ന് അഗ്നിജ്വാല പായുന്നു.
22അതിന്റെ ബലം കഴുത്തിൽ കുടികൊള്ളുന്നു.
അതിന്റെ മുമ്പിൽ ഭീകരത താണ്ഡവമാടുന്നു.
23അതിന്റെ മാംസപാളികൾ ഇളകാത്തവിധം ഉറപ്പായി ചേർന്നിരിക്കുന്നു;
24അതിന്റെ നെഞ്ച് കല്ലുപോലെ കടുപ്പമുള്ളതത്രേ;
തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളത്.
25അത് തല ഉയർത്തുമ്പോൾ ബലശാലികൾ പേടിക്കുന്നു;
അവർ അന്ധാളിച്ചുപോകുന്നു.
26വാളോ, കുന്തമോ, അസ്ത്രമോ,
ചാട്ടുളിയോകൊണ്ട് അതിനെ നേരിടുക സാധ്യമല്ല.
27ഇരുമ്പ് അതിനു വൈക്കോൽപോലെയാണ്.
ഓട് ചെതുക്കുതടിപോലെയും.
28അസ്ത്രം എയ്ത് അതിനെ ഓടിക്കുക സാധ്യമല്ല.
കവിണക്കല്ല് അതിന് വൈക്കോൽ പോലെയാണ്.
29ഗദയും അതിന് വൈക്കോൽ പോലെയാണ്.
വേൽ പ്രയോഗിക്കുമ്പോൾ അതു പരിഹസിച്ചു ചിരിക്കുന്നു.
30അതിന്റെ അടിഭാഗം കൂർത്തുമൂർത്ത ഓട്ടുകഷണം പോലെയാകുന്നു.
മെതിത്തടിപോലെ അതു ചെളിപ്പുറത്ത് കിടക്കുന്നു.
31കുട്ടകത്തിലെ വെള്ളം എന്നപോലെ അതു സമുദ്രജലത്തെ തിളപ്പിക്കുന്നു.
അതു സമുദ്രത്തെ ഒരു കുടം തൈലം പോലെയാക്കുന്നു.
32അതു മുന്നോട്ടു നീങ്ങുമ്പോൾ പിറകിൽ തിളങ്ങുന്ന പാതപോലെ ജലരേഖ കാണാം.
അതു കണ്ടാൽ ആഴിക്കു നര ബാധിച്ചതു പോലെ തോന്നും.
33അതിനു തുല്യമായ ഒരു ജന്തുവും ഭൂമിയിലില്ല.
അതിനെപ്പോലെ ഭയമില്ലാത്ത വേറൊരു ജീവിയില്ല.
34ഉന്നതമായതെല്ലാം അതു കാണുന്നു;
അത് ഗർവിഷ്ഠരുടെയെല്ലാം രാജാവാകുന്നു.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOBA 41: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക