JOELA 2
2
വെട്ടുക്കിളി
1സീയോനിൽ കാഹളം മുഴക്കുവിൻ. എന്റെ വിശുദ്ധപർവതത്തിൽ ആപൽസൂചന നല്‌കുവിൻ. സകല ദേശവാസികളും നടുങ്ങട്ടെ. സർവേശ്വരന്റെ ദിവസം വരുന്നുവല്ലോ. 2അത് ആസന്നമായിരിക്കുന്നു. ഇരുളിന്റെയും മ്ലാനതയുടെയും ദിവസം! കാർമേഘത്തിന്റെയും കൂരിരുട്ടിന്റെയും ദിവസംതന്നെ. മഹത്ത്വവും പ്രാബല്യവുമുള്ള ഒരു ജനത കൂരിരുട്ടുപോലെ പർവതത്തെ മൂടിയിരിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഇതുപോലൊന്നുണ്ടായിട്ടില്ല. ഇനി ഒരു തലമുറയിലും ഉണ്ടാവുകയുമില്ല. 3അവരുടെ മുമ്പിൽ ദഹിപ്പിക്കുന്ന തീ! അവരുടെ പിമ്പിലും തീ ജ്വലിക്കുന്നു, അവർക്കു മുമ്പിലുള്ള ദേശം ഏദൻതോട്ടം പോലെ; പിന്നിലുള്ളതോ ശൂന്യമായ മരുഭൂമി. ഒന്നും അവരുടെ പിടിയിൽനിന്നു രക്ഷപെടുകയില്ല.
4അവരുടെ ആകൃതി കുതിരകളുടേത്; പടക്കുതിരകളെപ്പോലെ അവർ പായുന്നു. 5പർവതശിഖരങ്ങളിൽ രഥങ്ങളുടെ ഇരമ്പലെന്നു തോന്നുംവിധം അവർ കുതിച്ചു ചാടുന്നു. കച്ചിക്കു തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന കരുകര ശബ്ദംപോലെയുള്ള ശബ്ദം അവർ ഉണ്ടാക്കുന്നു. അവർ പടയ്‍ക്ക് ഒരുങ്ങിനില്‌ക്കുന്ന സുശക്തമായ സൈന്യംപോലെയാകുന്നു. 6അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; എല്ലാ മുഖങ്ങളും വിളറുന്നു. യുദ്ധവീരന്മാരെപ്പോലെ അവർ മുന്നേറുന്നു. 7യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു. അവരിൽ ഓരോരുത്തരും നിരതെറ്റാതെ അവരവരുടെ മാർഗങ്ങളിൽ മുമ്പോട്ടു നീങ്ങുന്നു. 8അന്യോന്യം തള്ളിമാറ്റാതെ അവരവരുടെ പാതയിലൂടെ അവർ നീങ്ങുന്നു. ശത്രുക്കളുടെ ആയുധങ്ങൾ തട്ടിനീക്കി അവർ മുന്നേറുന്നു. ആർക്കും അവരെ തടയാനാകത്തില്ല. 9അവർ നഗരത്തിന്മേൽ ചാടിവീഴുന്നു. മതിലിന്മേൽ ചാടിക്കയറുന്നു. കള്ളന്മാരെപ്പോലെ ജാലകങ്ങളിലൂടെ അവർ വീടുകളിൽ കടക്കുന്നു. 10അവർക്കു മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യചന്ദ്രന്മാർ ഇരുളുന്നു; നക്ഷത്രങ്ങൾ പ്രഭയറ്റു പോകുന്നു. 11സർവേശ്വരൻ തന്റെ സൈന്യത്തിനു മുമ്പിൽ അവിടുത്തെ ശബ്ദം മുഴക്കുന്നു. അവിടുത്തെ സൈന്യം വളരെ വിപുലമാണ്. അവിടുത്തെ ആജ്ഞ നടപ്പാക്കുന്നവൻ കരുത്തുറ്റവൻ. സർവേശ്വരന്റെ ദിനം മഹത്തും ഭയാനകവുമായത്; അതിനെ നേരിടാൻ ആർക്കു കഴിയും?
അനുതപിക്കുവിൻ
12സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടും പൂർണഹൃദയത്തോടും കൂടി ഇപ്പോഴെങ്കിലും നിങ്ങൾ എങ്കലേക്കു തിരിയുവിൻ. 13വസ്ത്രങ്ങളല്ല നിങ്ങളുടെ ഹൃദയങ്ങൾ തന്നേ കീറി ദൈവമായ സർവേശ്വരനിലേക്കു തിരിയുവിൻ. അവിടുന്നു കൃപാലുവും കരുണാമയനും ക്ഷമിക്കുന്നവനും സുസ്ഥിരസ്നേഹം ഉള്ളവനും ആണല്ലോ. ശിക്ഷ ഇളവുചെയ്യാൻ അവിടുന്നെപ്പോഴും സന്നദ്ധനാണ്. 14നിങ്ങളുടെ ദൈവമായ സർവേശ്വരൻ തീരുമാനം മാറ്റി ധാന്യയാഗവും പാനീയയാഗവും അർപ്പിക്കാൻ നിങ്ങൾക്കു കഴിയത്തക്കവിധം സമൃദ്ധമായ വിളവു നല്‌കി നിങ്ങളെ അനുഗ്രഹിക്കുകയില്ലെന്ന് ആരുകണ്ടു? 15സീയോനിൽ കാഹളം മുഴക്കുവിൻ. ഉപവാസം പ്രഖ്യാപിക്കുവിൻ. സഭ വിളിച്ചുകൂട്ടുവിൻ. 16ജനത്തെ കൂട്ടിവരുത്തുവിൻ! അവരെ വിശുദ്ധീകരിക്കുവിൻ! ജനപ്രമാണികളെ വിളിച്ചുകൂട്ടുവിൻ; കുട്ടികളെയും പിഞ്ചുപൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ. മണവാളൻ മണവറയും മണവാട്ടി ഉറക്കറയും വിട്ടു പുറത്തുവരട്ടെ. 17സർവേശ്വരന്റെ ശുശ്രൂഷകരായ പുരോഹിതർ ദേവാലയപൂമുഖത്തിനും യാഗപീഠത്തിനും മധ്യേനിന്ന് ഉള്ളുനൊന്തു കരയട്ടെ. സർവേശ്വരാ, അവിടുത്തെ ജനത്തോടു ക്ഷമിക്കണമേ. അന്യജനത അവരുടെമേൽ വാഴത്തക്കവിധം അവിടുത്തെ മക്കളെ നിന്ദാപാത്രവും പഴമൊഴിയും ആക്കരുതേ. ഇവരുടെ ദൈവം എവിടെ എന്നു ജനതകൾ ചോദിക്കാൻ ഇടവരുത്തരുതേ!
18അപ്പോൾ സർവേശ്വരനു തന്റെ ദേശത്തോടുള്ള സ്നേഹം ആളിക്കത്തി; തന്റെ ജനത്തോടു കരുണ തോന്നി. 19സർവേശ്വരൻ തന്റെ ജനത്തോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്‌കുന്നു. നിങ്ങൾ സംതൃപ്തരായിത്തീരും. ജനതകളുടെ ഇടയിൽ ഇനി ഞാൻ നിങ്ങളെ നിന്ദാപാത്രമാക്കുകയില്ല. 20വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ അടുത്തുനിന്നു ദൂരെ പായിക്കും. ഉണങ്ങി വരണ്ട വിജനദേശത്തേക്ക് അവരെ ഓടിക്കും. അവരുടെ സൈന്യത്തിന്റെ മുൻനിരയെ കിഴക്കേ സമുദ്രത്തിലും പിൻനിരയെ പടിഞ്ഞാറൻ സമുദ്രത്തിലും വീഴ്ത്തും. ഗർവം നിറഞ്ഞ അവരുടെ പ്രവൃത്തികൾ നിമിത്തം അവരിൽനിന്നു ദുർഗന്ധം വമിക്കും.
21ദേശമേ ഭയപ്പെടേണ്ടാ, സർവേശ്വരൻ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കയാൽ ആഹ്ലാദിക്കുക; ആനന്ദം കൊള്ളുക! 22വയലിലെ മൃഗങ്ങളേ, പേടിക്കേണ്ട; മേച്ചിൽപ്പുറങ്ങൾ പച്ചപിടിച്ചിരിക്കുന്നു. വൃക്ഷം ഫലം നല്‌കുന്നു. അത്തിയും മുന്തിരിയും സമൃദ്ധമായി വിളവു നല്‌കുന്നു. 23സീയോൻമക്കളേ, സന്തോഷിക്കുവിൻ. നിങ്ങളുടെ ദൈവമായ സർവേശ്വരനിൽ ആനന്ദിക്കുവിൻ. അവിടുന്ന് ആവശ്യാനുസരണം നിങ്ങൾക്ക് ശരത്കാല മഴ നല്‌കിയിരിക്കുന്നു. പണ്ടത്തെപ്പോലെ അവിടുന്നു ശരത്കാലമഴയും വസന്തകാലമഴയും പെയ്യിക്കുന്നു. 24മെതിക്കളങ്ങൾ ധാന്യംകൊണ്ടു നിറയും. ചക്കുകളിൽ എണ്ണയും വീഞ്ഞും നിറഞ്ഞുകവിയും. 25ഞാൻ അയച്ച മഹാസൈന്യമായ തുള്ളനും വിട്ടിലും പച്ചപ്പുഴുവും തിന്നു നശിപ്പിച്ച കാലത്തെ വിളവുകൾ നിങ്ങൾക്കു ഞാൻ തിരിച്ചുതരും. 26നിങ്ങൾ മതിയാകുവോളം ഭക്ഷിച്ചു തൃപ്തരാകും; നിങ്ങൾക്കുവേണ്ടി അദ്ഭുതകരമായി പ്രവർത്തിച്ച നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ സ്തുതിക്കും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല. 27ഞാൻ ഇസ്രായേലിന്റെ മധ്യത്തിലുണ്ടെന്നും സർവേശ്വരനായ ഞാനല്ലാതെ മറ്റാരുമല്ല നിങ്ങളുടെ ദൈവമെന്നും നിങ്ങൾ അറിയും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല.
സർവേശ്വരന്റെ ദിവസം
28പിന്നീട് ഇതു സംഭവിക്കും: എല്ലാവരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. നിങ്ങളുടെ യുവജനങ്ങൾക്കു ദർശനങ്ങൾ ഉണ്ടാകും. 29ആ നാളുകളിൽ ദാസന്മാരുടെയും ദാസിമാരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും.
30ആകാശത്തും ഭൂമിയിലും ഞാൻ അദ്ഭുതകരമായ അടയാളങ്ങൾ കാണിക്കും. രക്തവും അഗ്നിയും ധൂമപടലങ്ങളും തന്നെ. 31സർവേശ്വരന്റെ മഹത്തും ഭയാനകവുമായ ദിനം വന്നണയുന്നതിനു മുമ്പ് സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ രക്തവർണമാകും. 32എന്നാൽ സർവേശ്വരന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും, അവിടുന്നരുളിച്ചെയ്തതുപോലെ സീയോൻ പർവതത്തിലും യെരൂശലേമിലും രക്ഷിക്കപ്പെട്ടവരുടെ ഗണം ഉണ്ടായിരിക്കും. അവശേഷിക്കുന്നവരുടെ കൂട്ടത്തിൽ സർവേശ്വരൻ വിളിക്കാനുള്ളവരും ഉണ്ടായിരിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOELA 2: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.