LUKA 16

16
കാര്യസ്ഥന്റെ കുശാഗ്രബുദ്ധി
1യേശു പിന്നെയും ശിഷ്യന്മാരോടു പറഞ്ഞു: “ധനികനായ ഒരു മനുഷ്യന് ഒരു കാര്യസ്ഥനുണ്ടായിരുന്നു. തന്റെ യജമാനന്റെ വസ്തുവകകൾ ദുർവ്യയം ചെയ്യുന്നു എന്ന് അയാളുടെ പേരിൽ ആരോപണം ഉണ്ടായി. 2ആ ധനികൻ അയാളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘തന്നെപ്പറ്റി ഈ കേൾക്കുന്നത് എന്ത്? എന്റെ വസ്തുവകകൾ കൈകാര്യം ചെയ്തതിന്റെ കണക്കു കൊണ്ടുവരിക; ഇനിമേൽ താൻ എന്റെ കാര്യസ്ഥനായിരിക്കുവാൻ പാടില്ല,’ 3അപ്പോൾ അയാൾ ആത്മഗതം ചെയ്തു: ‘യജമാനൻ എന്നെ ജോലിയിൽനിന്നു പിരിച്ചുവിടാൻ പോകുന്നു. ഞാൻ ഇനി എന്തുചെയ്യും? കിളയ്‍ക്കുവാൻ എനിക്കു വശമില്ല; ഇരക്കുവാൻ ഞാൻ നാണിക്കുന്നു. 4യജമാനൻ എന്നെ ജോലിയിൽനിന്നു നീക്കുമ്പോൾ മറ്റുള്ളവർ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം.’
5“അയാൾ യജമാനന്റെ കടക്കാരെ ഓരോരുത്തരായി വിളിച്ചുവരുത്തി. ഒന്നാമനോട് അയാൾ ചോദിച്ചു: ‘നീ എന്റെ യജമാനനോടു കടം വാങ്ങിയിട്ടുള്ളത് എന്താണ്?’ 6‘നൂറു കുടം ഒലിവെണ്ണ’ എന്ന് ആ കടക്കാരൻ പറഞ്ഞു. അപ്പോൾ കാര്യസ്ഥൻ, നിന്റെ പറ്റുചീട്ട് ഇതാ, വേഗം അമ്പത് എന്നു തിരുത്തുക’ എന്നു പറഞ്ഞു. 7പിന്നീടു മറ്റൊരാളിനോട്, ‘നീ എന്തു കൊടുക്കാനുണ്ട്?’ എന്നു ചോദിച്ചു. ‘നൂറു പറ കോതമ്പ്’ എന്നയാൾ മറുപടി പറഞ്ഞു. കാര്യസ്ഥൻ ഉടനെ അയാളോട് ‘നിന്റെ പറ്റുചീട്ടെടുത്ത് എൺപത് എന്നാക്കുക’ എന്നു പറഞ്ഞു.
8“അവിശ്വസ്തനായ ഈ കാര്യസ്ഥൻ തന്റെ പ്രവൃത്തിയിൽ പ്രദർശിപ്പിച്ച കുശാഗ്രബുദ്ധിയെ യജമാനൻ ശ്ലാഘിച്ചു. ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ, വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിയുള്ളവരാണല്ലോ.
9“ഞാൻ നിങ്ങളോടു പറയുന്നു: അന്യായമായ ധനംകൊണ്ടു നിങ്ങൾ സ്നേഹിതന്മാരെ നേടിക്കൊള്ളുക. അങ്ങനെ ചെയ്യുന്നതായാൽ ലൗകികധനം നിങ്ങൾക്കില്ലാതെ വരുമ്പോൾ നിത്യഭവനങ്ങളിൽ നിങ്ങൾ സ്വീകരിക്കപ്പെടും. 10ഏറ്റവും ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുന്നവൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ഏറ്റവും ചെറിയ കാര്യങ്ങളിൽ അവിശ്വസ്തൻ വലിയ കാര്യങ്ങളിലും അവിശ്വസ്തനായിരിക്കും. 11ലൗകികധനം കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ അവിശ്വസ്തരാണെങ്കിൽ സാക്ഷാത്തായ ധനം നിങ്ങളെ ആരാണ് ഏല്പിക്കുക? 12അന്യരുടെ മുതലിന്റെ കാര്യത്തിൽ നിങ്ങൾ അവിശ്വസ്തരാണെങ്കിൽ നിങ്ങൾക്ക് സ്വന്തമായി എന്തെങ്കിലും ആരു തരും?
13“രണ്ട് യജമാനന്മാരെ സേവിക്കുവാൻ ഒരു ഭൃത്യനും സാധ്യമല്ല. ഒന്നുകിൽ ഒരുവനെ വെറുത്ത് അപരനെ സ്നേഹിക്കും. അല്ലെങ്കിൽ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ കൈവെടിയും. നിങ്ങൾക്കു ദൈവത്തെയും ധനത്തെയും സേവിക്കുക സാധ്യമല്ല.
ദൈവരാജ്യവും ധർമശാസ്ത്രവും
(മത്താ. 11:12-13; 5:31-32; മർക്കോ. 10:11-12)
14ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇവയെല്ലാം കേട്ടപ്പോൾ യേശുവിനെ പരിഹസിച്ചു. 15അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങൾ മനുഷ്യരുടെ മുമ്പിൽ സ്വയം ന്യായീകരിക്കുന്നു. എന്നാൽ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യർക്ക് ഉത്തമമെന്നു തോന്നുന്നത് ദൈവത്തിന്റെ ദൃഷ്‍ടിയിൽ അധർമമായിരിക്കും.
16“യോഹന്നാന്റെ ആഗമനംവരെ ആയിരുന്നു ധർമശാസ്ത്രത്തിന്റെയും പ്രവാചകന്മാരുടെയും കാലം. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കപ്പെട്ടുവരുന്നു. എല്ലാവരും ദൈവരാജ്യം ബലാല്‌ക്കാരേണ പിടിച്ചുപറ്റുവാൻ ശ്രമിക്കുന്നു. 17ധർമശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുന്നതിനെക്കാൾ എളുപ്പം ആകാശവും ഭൂമിയും ഇല്ലാതാകുന്നതായിരിക്കും.
18“സ്വഭാര്യയെ പരിത്യജിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവു പരിത്യജിച്ച സ്‍ത്രീയെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.
ധനവാനും ലാസറും
19“ഒരിടത്ത് ധനാഢ്യനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ വിലയേറിയ പട്ടുവസ്ത്രം അണിയുകയും സുഖലോലുപനായി നിത്യേന വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്തുവന്നു. 20ഈ ധനികന്റെ പടിവാതില്‌ക്കൽ വ്രണബാധിതനായി കിടന്നിരുന്ന ലാസർ എന്ന ദരിദ്രൻ, 21ആ ധനികന്റെ ഭക്ഷണമേശയിൽനിന്നു പുറത്തുകളയുന്ന ഉച്ഛിഷ്ടംകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് ആശിച്ചു. നായ്‍ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുമായിരുന്നു.
22“ദരിദ്രനായ ലാസർ മരിച്ചു. മാലാഖമാർ അയാളെ കൊണ്ടുപോയി അബ്രഹാമിന്റെ മാറോടു ചേർത്തിരുത്തി. 23ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അയാൾ പ്രേതലോകത്തിൽ കിടന്നു യാതന അനുഭവിക്കുമ്പോൾ മുകളിലേക്കു നോക്കി. അങ്ങു ദൂരെ അബ്രഹാമിനോടു ചേർന്നിരിക്കുന്ന ലാസറിനെ കണ്ട്, അയാൾ വിളിച്ചുപറഞ്ഞു: 24‘അബ്രഹാം പിതാവേ, എന്നോടു കരുണയുണ്ടാകണമേ. വിരൽത്തുമ്പുകൊണ്ടെങ്കിലും ഇറ്റുവെള്ളം പകർന്ന് എന്റെ നാവു തണുപ്പിക്കുന്നതിനു ലാസറിനെ ഇങ്ങോട്ടയച്ചാലും. ഞാൻ ഈ അഗ്നിജ്വാലയേറ്റ് അതിവേദന അനുഭവിക്കുകയാണല്ലോ.
25“അബ്രഹാം പ്രതിവചിച്ചു: ‘ജീവിതകാലത്ത് എല്ലാ സുഖഭോഗങ്ങളും നിനക്കു ലഭിച്ചു; അതേസമയം ലാസർ എല്ലാവിധ കഷ്ടതകളും അനുഭവിച്ചു എന്നും ഓർക്കുക. എന്നാൽ ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു; 26നീയാകട്ടെ വേദനപ്പെടുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കലേക്കു കടന്നുവരാനോ, അവിടെനിന്ന് ഇങ്ങോട്ടു കടക്കുവാനോ കഴിയാത്തവിധം ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ അഗാധമായ ഒരു പിളർപ്പുണ്ട്. 27അപ്പോൾ അയാൾ പറഞ്ഞു: ‘എന്നാൽ പിതാവേ, ഒരു കാര്യം ചെയ്യണമേ! എന്റെ ഭവനത്തിലേക്കു ലാസറിനെ അയച്ചാലും; 28എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്; അവരെങ്കിലും ഈ കഠിനയാതനയുടെ സ്ഥലത്തു വരാതിരിക്കുവാൻ അയാൾ അവർക്കു മുന്നറിയിപ്പു നല്‌കട്ടെ.’
29“എന്നാൽ അബ്രഹാം അതിനു മറുപടിയായി ‘അവർക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്റെ സഹോദരന്മാർ അവരുടെ വാക്കുകൾ ശ്രദ്ധിക്കട്ടെ.’ 30അപ്പോൾ അയാൾ പറഞ്ഞു: ‘അങ്ങനെയല്ല പിതാവേ, മരിച്ച ഒരാൾ അവരുടെ അടുക്കൽ മടങ്ങിച്ചെന്നാൽ അവർ അനുതപിക്കാതിരിക്കുകയില്ല.’ 31അബ്രഹാം അതിനു ‘മോശയെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്തവൻ, ഒരുവൻ ഉയിർത്തെഴുന്നേറ്റു ചെന്നാലും വിശ്വസിക്കുവാൻ പോകുന്നില്ല’ എന്നു മറുപടി പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

LUKA 16: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക