അക്കാലത്തു റോമാസാമ്രാജ്യത്തിലെങ്ങും കാനേഷുമാരി എടുക്കണമെന്ന് ഒഗസ്തുസ് കൈസർ കല്പന പുറപ്പെടുവിച്ചു. കുറേന്യോസ് സിറിയയിലെ ഗവർണർ ആയിരിക്കുമ്പോഴാണ് ഇത് ആദ്യമായി നടന്നത്. പേരു രേഖപ്പെടുത്തുന്നതിനുവേണ്ടി എല്ലാവരും അവരവരുടെ പട്ടണങ്ങളിലേക്കു പോയി. ദാവീദുവംശജനായിരുന്നതുകൊണ്ട് യോസേഫും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്നു യെഹൂദ്യയിലെ ബേത്‍ലഹേമിലേക്കു പോയി. ബേത്‍ലഹേംപട്ടണമായിരുന്നു ദാവീദിന്റെ ജന്മസ്ഥലം. തനിക്കു വിവാഹനിശ്ചയം ചെയ്തിരുന്ന ഗർഭിണിയായ മറിയമിനോടുകൂടിയാണ് യോസേഫ് പോയത്. ബേത്‍ലഹേമിൽവച്ചു മറിയമിനു പ്രസവസമയമായി. അവൾ തന്റെ സീമന്തസന്താനമായ പുത്രനെ പ്രസവിച്ചു. അവർക്കു താമസിക്കുവാൻ സത്രത്തിൽ സ്ഥലം കിട്ടിയില്ല. അതുകൊണ്ട് മറിയം ശിശുവിനെ തുണിയിൽ പൊതിഞ്ഞ് ഒരു കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിൽ കിടത്തി. ആ രാത്രിയിൽ വെളിംപ്രദേശത്ത് ഏതാനും ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റത്തെ കാത്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദൈവദൂതൻ അവർക്കു പ്രത്യക്ഷനായി; ദൈവത്തിന്റെ തേജസ്സ് അവരുടെ ചുറ്റും പ്രകാശിച്ചു. ആട്ടിടയന്മാർ ഭയപരവശരായി. ദൂതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ദാവീദിന്റെ പട്ടണത്തിൽ കർത്താവായ യേശുക്രിസ്തു എന്ന രക്ഷകൻ നിങ്ങൾക്കായി പിറന്നിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. അതായിരിക്കും നിങ്ങൾക്കുള്ള അടയാളം.” പെട്ടെന്നു മാലാഖമാരുടെ ഒരു വലിയ സംഘം ആ ദൂതനോടു ചേർന്നു ദൈവത്തെ സ്തുതിച്ചു: “സ്വർഗാതിസ്വർഗത്തിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ ദൈവപ്രസാദം ലഭിച്ച മനുഷ്യർക്കു സമാധാനം!” അനന്തരം മാലാഖമാർ അവരുടെ അടുക്കൽനിന്നു സ്വർഗത്തിലേക്കു പോയി. അപ്പോൾ ഇടയന്മാർ തമ്മിൽ പറഞ്ഞു: “നമുക്കു ബേത്‍ലഹേംവരെ ഒന്നു പോകാം; ദൈവം നമ്മെ അറിയിച്ച ആ സംഭവം കാണാമല്ലോ.” അവർ അതിവേഗംപോയി മറിയമിനെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. ഈ ശിശുവിനെപ്പറ്റി മാലാഖമാർ പറഞ്ഞ വസ്തുതകൾ ഇടയന്മാർ അറിയിച്ചു. കേട്ടവരെല്ലാം വിസ്മയഭരിതരായി. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം മനസ്സിൽ സൂക്ഷിച്ച് അവയെപ്പറ്റി ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ദൈവദൂതൻ തങ്ങളോടു പറഞ്ഞതുപോലെയെല്ലാം കാണുകയും കേൾക്കുകയും ചെയ്തതിനാൽ ആട്ടിടയന്മാർ ദൈവത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടു തിരിച്ചുപോയി. എട്ടാം ദിവസം ആയപ്പോൾ ശിശുവിന്റെ പരിച്ഛേദനകർമം നടത്തി, യേശു എന്നു പേരിട്ടു. അമ്മയുടെ ഗർഭത്തിൽ ആ ശിശു ജന്മമെടുക്കുന്നതിനു മുമ്പ് ദൈവദൂതൻ നല്‌കിയ പേരായിരുന്നു അത്. മോശയുടെ നിയമസംഹിതയിൽ അനുശാസിച്ചിട്ടുള്ള ശുദ്ധീകരണകർമം അനുഷ്ഠിക്കേണ്ട സമയമായപ്പോൾ മാതാപിതാക്കൾ ശിശുവിനെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി. എല്ലാ കടിഞ്ഞൂൽപുത്രന്മാരെയും ദൈവത്തിനു സമർപ്പിക്കണമെന്നു യെഹൂദന്മാരുടെ ധർമശാസ്ത്രത്തിൽ അനുശാസിച്ചിട്ടുണ്ടല്ലോ. അതനുസരിച്ച് ഒരു ജോടി മാടപ്രാക്കളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ യാഗം കഴിക്കേണ്ടിയിരുന്നു. ഇസ്രായേൽജനതയുടെ സമുദ്ധാരണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന നീതിനിഷ്ഠനും ഭക്തനുമായ ശിമ്യോൻ എന്നൊരാൾ യെരൂശലേമിൽ പാർത്തിരുന്നു. പരിശുദ്ധാത്മാവിന്റെ അധിവാസം അദ്ദേഹത്തിലുണ്ടായിരുന്നു. ദൈവം വാഗ്ദാനം ചെയ്തപോലെ ക്രിസ്തുവിനെ ദർശിക്കുന്നതിനുമുമ്പ് അദ്ദേഹം മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരുന്നു. ആത്മാവിന്റെ പ്രചോദനത്താൽ അദ്ദേഹം ദേവാലയത്തിലെത്തി. ധർമശാസ്ത്രവിധിപ്രകാരമുള്ള കർമങ്ങൾ അനുഷ്ഠിക്കുന്നതിനായി ഉണ്ണിയേശുവിനെ മാതാപിതാക്കൾ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോൾ ശിമ്യോൻ ശിശുവിനെ കൈയിലെടുത്തു ദൈവത്തെ പ്രകീർത്തിച്ചുകൊണ്ട് ഇപ്രകാരം പാടി: “പരമനാഥാ, അവിടുത്തെ വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു; ഇനി സമാധാനത്തോടുകൂടി കടന്നുപോകാൻ ഈ വിനീതദാസനെ അനുവദിച്ചാലും. സർവ മനുഷ്യവർഗത്തിനുംവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള രക്ഷ ഇയ്യുള്ളവന്റെ കണ്ണുകൾ ദർശിച്ചിരിക്കുന്നുവല്ലോ. അതു വിജാതീയരുടെ ബോധോദയത്തിനുള്ള വെളിച്ചവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ അഭിമാനകാരണവുമാകുന്നു.” ശിശുവിനെപ്പറ്റി ശിമ്യോൻ പറഞ്ഞ ഈ വാക്കുകൾ ആ മാതാപിതാക്കളെ ആശ്ചര്യഭരിതരാക്കി. ശിമ്യോൻ അവരെ അനുഗ്രഹിച്ചശേഷം മാതാവായ മറിയമിനോടു പറഞ്ഞു: “ഈ ശിശു ഇസ്രായേൽജനങ്ങളിൽ പലരുടെയും വീഴ്ചയ്‍ക്കും എഴുന്നേല്പിനും വേണ്ടി നിയുക്തനായിരിക്കുന്നു. ദൈവത്തെ എതിർത്തു പറയുന്നവരുടെ ഹൃദയങ്ങളിലെ രഹസ്യവിചാരങ്ങൾ വെളിപ്പെടുമാറ് ഇവൻ ദൈവത്തിൽനിന്നുള്ള ഒരടയാളമാണ്. മൂർച്ചയേറിയ ഒരു വാൾ കണക്കേ തീവ്രമായ ദുഃഖം നിന്റെ ഹൃദയത്തെ പിളർക്കും.”
LUKA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 2:1-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ