MALAKIA 3
3
എന്റെ ദൂതൻ
1ഇതാ എനിക്കു മുമ്പായി വഴിയൊരുക്കുവാൻ ഞാൻ എന്റെ ദൂതനെ അയയ്‍ക്കുന്നു; നിങ്ങൾ അന്വേഷിക്കുന്ന സർവേശ്വരൻ തന്റെ ആലയത്തിലേക്ക് ഉടൻ വരും; നിങ്ങൾക്കു പ്രിയങ്കരനായ ഉടമ്പടിയുടെ ദൂതൻ, ഇതാ വരുന്നു എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 2എന്നാൽ അവിടുന്ന് ആഗതനാകുന്ന ദിനത്തെ അതിജീവിക്കാൻ ആർക്കു കഴിയും? അവിടുന്നു പ്രത്യക്ഷനാകുമ്പോൾ ആർക്കു നിലനില്‌ക്കാൻ കഴിയും. അവിടുന്ന് ഉലയിലെ ശുദ്ധീകരിക്കുന്ന തീപോലെയും അലക്കുകാരൻ ഉപയോഗിക്കുന്ന കാരംപോലെയും ആണ്. 3ഉലയിൽ വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ലേവിയുടെ പുത്രന്മാരെ ശുദ്ധീകരിക്കും. അവർ കുറ്റമറ്റ വഴിപാടർപ്പിക്കുംവരെ പൊന്നും വെള്ളിയുമെന്നപോലെ അവിടുന്ന് അവരെ ശുദ്ധിചെയ്തുകൊണ്ടിരിക്കും. 4അന്നു യെഹൂദായുടെയും യെരൂശലേമിന്റെയും വഴിപാട് മുൻകാലങ്ങളിലെന്നപോലെ സർവേശ്വരനു പ്രസാദകരമായിരിക്കും.
5“അപ്പോൾ ന്യായവിധിക്കായി ഞാൻ നിങ്ങളുടെ അടുക്കൽ വരും; മന്ത്രവാദികൾക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും വേലക്കാരനെ കൂലിയിൽ വഞ്ചിക്കുന്നവർക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർക്കും പരദേശികളോട് അന്യായം കാട്ടുന്നവർക്കും എന്നെ ഭയപ്പെടാത്തവർക്കും എതിരെ സാക്ഷ്യം വഹിക്കാൻ ഞാൻ ഉടനെ വരും.” ഇതു സർവശക്തനായ സർവേശ്വരന്റെ വചനം.
സർവേശ്വരനിലേക്കു തിരിയുക
6സർവേശ്വരനായ ഞാൻ മാറ്റമില്ലാത്തവനാണ്; യാക്കോബിന്റെ പുത്രന്മാരേ, അതുകൊണ്ടാണ് നിങ്ങൾ നശിച്ചുപോകാതിരിക്കുന്നത്.
7നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങൾ ലംഘിച്ചു വഴിതെറ്റി നടന്നു. നിങ്ങൾ എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ, ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിച്ചുവരും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്നാൽ “എങ്ങനെയാണു ഞങ്ങൾ മടങ്ങിവരേണ്ടത്?” എന്നു നിങ്ങൾ ചോദിക്കുന്നു. മനുഷ്യൻ ദൈവത്തെ കൊള്ള ചെയ്യുമോ? 8എന്നിട്ടും നിങ്ങൾ എന്നെ കൊള്ള ചെയ്യുന്നു. “എങ്ങനെയാണു ഞങ്ങൾ അങ്ങയെ കൊള്ള ചെയ്യുന്നത്” എന്നു നിങ്ങൾ ചോദിക്കുന്നു. ദശാംശം നല്‌കുന്നതിലും വഴിപാടുകൾ അർപ്പിക്കുന്നതിലും തന്നെ. 9എന്നെ കൊള്ള ചെയ്യുന്നതിനാൽ, നിങ്ങൾ, അതേ ഈ ജനത മുഴുവൻ ശാപഗ്രസ്തരാകുന്നു. 10സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ആലയത്തിൽ ആഹാരം ഉണ്ടായിരിക്കാൻ ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരുവിൻ. അങ്ങനെ എന്നെയൊന്നു പരീക്ഷിച്ചു നോക്കുക. ഞാൻ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്ന് അനുഗ്രഹവർഷം സമൃദ്ധമായി ചൊരിയുകയില്ലേ?” 11“ഞാൻ വെട്ടുക്കിളിയെ നിരോധിക്കും. അവ നിങ്ങളുടെ കൃഷി നശിപ്പിക്കുകയില്ല; നിങ്ങളുടെ മുന്തിരി ഫലം നല്‌കാതിരിക്കുകയില്ല.” 12നിങ്ങളുടെ ദേശം മനോഹരമാകയാൽ സകല ജനതകളും നിങ്ങളെ അനുഗൃഹീതർ എന്നു വിളിക്കും. ഇതു സർവശക്തനായ സർവേശ്വരന്റെ വചനം.
ദൈവത്തിന്റെ കാരുണ്യവാഗ്ദാനം
13“എന്റെ നേരെയുള്ള നിങ്ങളുടെ വാക്കുകൾ പരുഷമായിരിക്കുന്നു” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്നിട്ടും നിങ്ങൾ ചോദിക്കുന്നു: 14“അങ്ങേക്കെതിരെ ഞങ്ങൾ എന്താണു സംസാരിച്ചത്?” ദൈവത്തെ സേവിക്കുന്നതു വ്യർഥം. ഞങ്ങൾ അവിടുത്തെ കല്പന അനുസരിക്കുന്നതുകൊണ്ടും സർവശക്തനായ അവിടുത്തെ മുമ്പിൽ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം? 15ഇനിമേൽ അഹങ്കാരികളാണ് അനുഗൃഹീതർ എന്നു ഞങ്ങൾ കരുതും. ദുഷ്പ്രവൃത്തി ചെയ്യുന്നവർ തഴച്ചു വളരുക മാത്രമല്ല ദൈവത്തെ പരീക്ഷിച്ചിട്ടും അവർ ശിക്ഷയിൽനിന്നു രക്ഷപെടുന്നു.
16സർവേശ്വരനോടു ഭക്തിയുള്ളവർ അന്യോന്യം സംസാരിച്ചു. അവിടുന്ന് അതു ശ്രദ്ധിച്ചു കേട്ടു. സർവേശ്വരന്റെ ഭക്തന്മാരെയും അവിടുത്തെ നാമം ആദരിക്കുന്നവരെയും കുറിച്ച് എഴുതിയിട്ടുള്ള ഒരു അനുസ്മരണഗ്രന്ഥം തിരുസന്നിധാനത്തിൽ വച്ചിട്ടുണ്ട്. 17ഞാൻ പ്രവർത്തിക്കുന്ന ദിവസം അവർ എന്റെ പ്രത്യേകനിക്ഷേപം ആയിരിക്കുമെന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. പിതാവ് തന്നെ ശുശ്രൂഷിക്കുന്ന മകനോടു കാരുണ്യം കാട്ടുന്നതുപോലെ ഞാൻ അവരോടു കാരുണ്യപൂർവം വർത്തിക്കും. 18അപ്പോൾ നീതിനിഷ്ഠനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം വീണ്ടും നിങ്ങൾ മനസ്സിലാക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MALAKIA 3: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.