MATHAIA 15:21-28

MATHAIA 15:21-28 MALCLBSI

യേശു അവിടെനിന്ന് സോർ, സീദോൻ പ്രദേശങ്ങളിലേക്കു പോയി. അവിടെയുള്ള ഒരു കനാന്യസ്‍ത്രീ നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നോടു കനിവുണ്ടാകണമേ; എന്റെ മകളെ ഒരു ഭൂതം കഠിനമായി ബാധിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു ഒരു മറുപടിയും പറഞ്ഞില്ല. ശിഷ്യന്മാർ അടുത്തുചെന്ന് “ആ സ്‍ത്രീ കരഞ്ഞുകൊണ്ടു നമ്മുടെ പിന്നാലേ വരുന്നല്ലോ; അവളെ പറഞ്ഞയച്ചാലും” എന്ന് അഭ്യർഥിച്ചു. അതിനു മറുപടിയായി അവിടുന്ന് പറഞ്ഞു: “ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്.” എന്നാൽ ആ സ്‍ത്രീ വന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തിക്കൊണ്ട്, “പ്രഭോ, എന്നെ സഹായിക്കണമേ” എന്ന് അപേക്ഷിച്ചു. “കുഞ്ഞുങ്ങൾക്കു കൊടുക്കാനുള്ള അപ്പമെടുത്തു നായ്‍ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് യേശു പ്രതിവചിച്ചു. അപ്പോൾ ആ സ്‍ത്രീ പറഞ്ഞു: “അതേ, കർത്താവേ, നായ്‍ക്കുട്ടികളും യജമാനന്റെ മേശയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” യേശു ആ സ്‍ത്രീയോട് അരുൾചെയ്തു: “അല്ലയോ സ്‍ത്രീയേ, നിന്റെ വിശ്വാസം വലുതുതന്നെ; നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ.” ആ നിമിഷത്തിൽത്തന്നെ അവളുടെ മകൾ രോഗവിമുക്തയായി.

MATHAIA 15 വായിക്കുക