MATHAIA 22

22
കല്യാണസദ്യയുടെ ദൃഷ്ടാന്തം
(ലൂക്കോ. 14:15-24)
1യേശു വീണ്ടും ജനങ്ങളോടു ദൃഷ്ടാന്തരൂപേണ സംസാരിച്ചു: 2“സ്വപുത്രന്റെ വിവാഹത്തിനു സദ്യ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണു സ്വർഗരാജ്യം. 3ക്ഷണിക്കപ്പെട്ടവരെ വിളിച്ചുകൊണ്ടു വരാൻ രാജാവു ഭൃത്യന്മാരെ അയച്ചു. എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല. 4‘ഇതാ വിരുന്ന് ഒരുക്കിക്കഴിഞ്ഞിരിക്കുന്നു; കാളകളെയും കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിട്ടുണ്ട്; കല്യാണസദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: വന്നാലും എന്നു ക്ഷണിക്കപ്പെട്ടവരോടു പറയുക’ എന്നു പറഞ്ഞ് രാജാവു വീണ്ടും ഭൃത്യന്മാരെ അയച്ചു. 5ക്ഷണിക്കപ്പെട്ടവരാകട്ടെ, അതു ഗണ്യമാക്കിയില്ല. ഒരുവൻ തന്റെ കൃഷിസ്ഥലത്തേക്കും മറ്റൊരുവൻ തന്റെ വ്യാപാരസ്ഥലത്തേക്കും പോയി. 6മറ്റുചിലർ ആ ഭൃത്യന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. 7രോഷാകുലനായിത്തീർന്ന രാജാവ് പട്ടാളത്തെ അയച്ച് ആ കൊലപാതകികളെ കൊന്നൊടുക്കി; അവരുടെ പട്ടണം ചുട്ടുകരിക്കുകയും ചെയ്തു. 8അതിനുശേഷം രാജാവു തന്റെ ഭൃത്യന്മാരോടു പറഞ്ഞു: ‘കല്യാണവിരുന്ന് ഏതായാലും തയ്യാറായി; ക്ഷണിക്കപ്പെട്ടവർക്ക് അതിന് അർഹതയില്ലാതെപോയി. 9നിങ്ങൾ പ്രധാന തെരുവീഥികളിൽ ചെന്ന് അവിടെ കാണുന്നവരെയെല്ലാം വിളിച്ചുകൊണ്ടുവരിക.’ 10അവർ പോയി സജ്ജനങ്ങളും ദുർജനങ്ങളും എന്ന ഭേദം കൂടാതെ കണ്ണിൽ കണ്ടവരെയെല്ലാം വിളിച്ചുകൊണ്ടുവന്നു. അങ്ങനെ കല്യാണശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
11“വിരുന്നിന് ഇരുന്നവരെ കാണാൻ രാജാവു ചെന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരുവനെ കണ്ടു, ‘സ്നേഹിതാ കല്യാണവസ്ത്രം ധരിക്കാതെ നീ എങ്ങനെ അകത്തുകടന്നു?’ എന്നു രാജാവ് അയാളോടു ചോദിച്ചു. 12അയാൾക്കു മറുപടി ഒന്നും പറയാനില്ലായിരുന്നു. 13അപ്പോൾ രാജാവു സേവകരോട് ആജ്ഞാപിച്ചു: ‘ഇവനെ കൈകാലുകൾ കെട്ടി പുറത്തുള്ള അന്ധകാരത്തിൽ എറിഞ്ഞുകളയുക. അവിടെ കിടന്ന് അവൻ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’
14“അനേകമാളുകൾ ക്ഷണിക്കപ്പെടുന്നു; തിരഞ്ഞെടുക്കപ്പെടുന്നവരാകട്ടെ ചുരുക്കം.”
കൈസർക്കുള്ള കരം
(മർക്കോ. 12:13-17; ലൂക്കോ. 20:20-26)
15അനന്തരം പരീശന്മാർ പോയി യേശുവിനെ എങ്ങനെ വാക്കിൽ കുടുക്കാമെന്നു കൂടിയാലോചിച്ചു. 16അവർ തങ്ങളുടെ ശിഷ്യന്മാരെ ഹേരോദ്യരോടുകൂടി യേശുവിന്റെ അടുക്കൽ അയച്ച് ഇങ്ങനെ ചോദിപ്പിച്ചു: “ഗുരോ, അങ്ങു സത്യവാദിയാണെന്നു ഞങ്ങൾക്കറിയാം. അവിടുന്ന് ആരുടെയും മുഖം നോക്കാതെയും ആരെയും ഭയപ്പെടാതെയുമാണ് ദൈവത്തിന്റെ മാർഗം പഠിപ്പിക്കുന്നത്. 17കൈസർക്കു തലക്കരം കൊടുക്കുന്നതു ശരിയോ തെറ്റോ? അങ്ങയുടെ അഭിപ്രായം എന്താണ്? ഞങ്ങളോടു പറഞ്ഞാലും.”
18അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: “കപടനാട്യക്കാരേ, നിങ്ങൾ എന്നെ കെണിയിൽ അകപ്പെടുത്തുവാൻ നോക്കുന്നത് എന്തിന്! 19തലക്കരം കൊടുക്കുന്നതിനുള്ള നാണയം ഒന്നു കാണിക്കൂ.”
20അവർ ഒരു നാണയം കൊണ്ടുവന്നു. യേശു ചോദിച്ചു: “ഈ പ്രതിരൂപവും ലിഖിതവും ആരുടേതാണ്?”
“കൈസറുടേത്” എന്ന് അവർ പറഞ്ഞു.
21അപ്പോൾയേശു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് അവരോടു പറഞ്ഞു.
22ഇതു കേട്ടപ്പോൾ അവർ ആശ്ചര്യഭരിതരായി അവിടുത്തെ വിട്ടുപോയി.
പുനരുത്ഥാനത്തെപ്പറ്റി
(മർക്കോ. 12:18-27; ലൂക്കോ. 20:27-40)
23അന്നുതന്നെ ഏതാനും സാദൂക്യർ വന്ന് - മരിച്ചവർക്ക് പുനരുത്ഥാനമില്ലെന്നു പറയുന്ന കൂട്ടരാണിവർ യേശുവിനോടു ചോദിച്ചു: 24“ഗുരോ, ഒരുവൻ സന്താനരഹിതനായി മരണമടഞ്ഞാൽ അയാളുടെ സഹോദരൻ മരിച്ചയാളിന്റെ ഭാര്യയെ വിവാഹം ചെയ്യണമെന്നും അങ്ങനെ അയാൾക്കുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കാമെന്നും മോശ വിധിച്ചിട്ടുണ്ടല്ലോ. 25ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ വിവാഹം ചെയ്തശേഷം മരിച്ചു. അയാൾക്കു സന്തതി ഇല്ലായ്കയാൽ അയാളുടെ സഹോദരൻ ആ വിധവയെ വിവാഹം ചെയ്തു. 26-27രണ്ടാമനും മൂന്നാമനും ഏഴാമൻ വരെയും അങ്ങനെ എല്ലാവർക്കും അപ്രകാരം സംഭവിച്ചു. അവസാനം ആ സ്‍ത്രീയും അന്തരിച്ചു. 28പുനരുത്ഥാനത്തിൽ അവൾ ഈ ഏഴുപേരിൽ ആരുടെ ഭാര്യ ആയിരിക്കും? അവൾ എല്ലാവരുടെയും ഭാര്യ ആയിരുന്നല്ലോ.”
29യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “വേദലിഖിതങ്ങളും ദൈവത്തിന്റെ ശക്തിയും നിങ്ങൾ മനസ്സിലാക്കാത്തതുകൊണ്ട് നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു. 30പുനരുത്ഥാനത്തിൽ വിവാഹം കഴിക്കുകയോ വിവാഹം കഴിപ്പിക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും. 31മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? ദൈവം അരുളിച്ചെയ്തത് ഇങ്ങനെയാണ്: 32‘ഞാൻ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല. ജീവിക്കുന്നവരുടെ ദൈവമാകുന്നു.’
33ഇതു കേട്ടപ്പോൾ അവിടുത്തെ പ്രബോധനത്തിൽ ജനങ്ങൾ വിസ്മയിച്ചു.
ഏറ്റവും മുഖ്യമായ കല്പന
(മർക്കോ. 12:28-34; ലൂക്കോ. 10:25-28)
34സാദൂക്യരെ യേശു മൊഴിമുട്ടിച്ച വിവരം കേട്ടപ്പോൾ പരീശന്മാർ ഒത്തുകൂടി വന്നു. 35അവരിൽ ഒരു മതപണ്ഡിതൻ ഒരു ചോദ്യത്തിലൂടെ അവിടുത്തെ കെണിയിൽ വീഴ്ത്തുവാൻ ശ്രമിച്ചു. 36അയാൾ ചോദിച്ചു: “ഗുരോ, ധർമശാസ്ത്രത്തിലെ ഏറ്റവും മുഖ്യമായ കല്പന ഏതാണ്?”
37യേശു പ്രതിവചിച്ചു: “നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും കൂടി സ്നേഹിക്കുക; 38ഇതാണ് ഏറ്റവും ശ്രേഷ്ഠവും സുപ്രധാനവുമായ കല്പന. 39രണ്ടാമത്തേതും ഇതിനു സമമാണ്: നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക. 40സമസ്ത ധർമശാസ്ത്രവും പ്രവാചകന്മാരുടെ പ്രബോധനങ്ങളും ഈ രണ്ടു കല്പനകളിൽ അന്തർഭവിച്ചിരിക്കുന്നു.”
ക്രിസ്തുവിനെക്കുറിച്ചുള്ള ചോദ്യം
(മർക്കോ. 12:35-37; ലൂക്കോ. 20:41-44)
41പരീശന്മാർ ഒരുമിച്ചുകൂടിയപ്പോൾ യേശു അവരോടു ചോദിച്ചു: “ക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത്? അവിടുന്ന് ആരുടെ പുത്രനാണ്?”
42“ദാവീദിന്റെ പുത്രനാണ്” എന്ന് അവർ മറുപടി പറഞ്ഞു. 43അപ്പോൾ യേശു അവരോടു ചോദിച്ചു: “അങ്ങനെയാണെങ്കിൽ ക്രിസ്തുവിനെ കർത്താവ് എന്നു വിളിക്കുവാൻ ദാവീദിനെ ആത്മാവു പ്രേരിപ്പിച്ചുവോ? എന്തെന്നാൽ,
44‘സർവേശ്വരൻ എന്റെ കർത്താവിനോട് അരുൾചെയ്തു: നിന്റെ ശത്രുക്കളെ നിന്റെ കാല്‌ക്കീഴിലാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്തിരിക്കുക’
എന്നു ദാവീദു പറഞ്ഞുവല്ലോ.
45ദാവീദ് അവിടുത്തെ കർത്താവ് എന്നു വിളിച്ചെങ്കിൽ ക്രിസ്തു എങ്ങനെയാണു ദാവീദിന്റെ പുത്രനാകുന്നത്?”
46ഒരു വാക്കുപോലും ഉത്തരം പറയുവാൻ ആർക്കും കഴിഞ്ഞില്ല. അന്നുമുതൽ കൂടുതലായി ഒന്നുംതന്നെ അവിടുത്തോടു ചോദിക്കുവാൻ ആരും തുനിഞ്ഞില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

MATHAIA 22: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക