MATHAIA 8:5-13

MATHAIA 8:5-13 MALCLBSI

യേശു കഫർന്നഹൂമിൽ പ്രവേശിച്ചപ്പോൾ റോമൻ സൈന്യത്തിലെ ഒരു ശതാധിപൻ വന്ന് അവിടുത്തെ സഹായം അഭ്യർഥിച്ചു. “പ്രഭോ, എന്റെ ഭൃത്യൻ തളർവാതം പിടിപെട്ട് എന്റെ വീട്ടിൽ കിടക്കുന്നു; അവൻ ദുസ്സഹമായ വേദന അനുഭവിക്കുന്നു” എന്ന് അയാൾ പറഞ്ഞു. യേശു അയാളോട്: “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്നു പറഞ്ഞു. അപ്പോൾ ശതാധിപൻ പറഞ്ഞു “പ്രഭോ അങ്ങ് എന്റെ ഭവനത്തിൽ വരാൻ തക്ക യോഗ്യത എനിക്കില്ല. അങ്ങ് ഒരു വാക്കു കല്പിച്ചാൽ മാത്രം മതി; എന്റെ ഭൃത്യൻ സുഖം പ്രാപിക്കും. ഞാൻ മേലധികാരികളുടെ കീഴിലുള്ള ഒരുവനാണ്; എന്റെ കീഴിലും ഭടന്മാരുണ്ട്; ഒരുവനോട് ‘പോകുക’ എന്നു ഞാൻ പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാൽ അവനതു ചെയ്യുന്നു.” യേശു ഇതു കേട്ടപ്പോൾ ആശ്ചര്യപ്പെട്ടു. തന്നെ അനുഗമിച്ചവരോട് അവിടുന്ന് അരുൾചെയ്തു: “ഇസ്രായേലിൽപോലും ഇതുപോലെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകമാളുകൾ വന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടുംകൂടി സ്വർഗരാജ്യത്തിൽ വിരുന്നിനിരിക്കും. എന്നാൽ രാജ്യത്തിന്റെ അവകാശികളായിരിക്കേണ്ടവർ പുറത്തുള്ള അന്ധകാരത്തിലേക്കു തള്ളപ്പെടും; അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” യേശു ആ ശതാധിപനോട്, “പൊയ്‍ക്കൊള്ളുക, താങ്കൾ വിശ്വസിച്ചിരിക്കുന്നതുപോലെ താങ്കൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ ഭൃത്യൻ സുഖം പ്രാപിച്ചു.

MATHAIA 8 വായിക്കുക