MARKA 14:27-42

MARKA 14:27-42 MALCLBSI

യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ എല്ലാവരും ഇടറിവീഴും; ‘ഞാൻ ഇടയനെ അടിച്ചു വീഴ്ത്തും; ആടുകൾ ചിതറിപ്പോകും’ എന്നിങ്ങനെ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകും.” അപ്പോൾ പത്രോസ് യേശുവിനോട്, “ആരെല്ലാം ഇടറിവീണാലും ഞാൻ വീഴുകയില്ല” എന്നു പറഞ്ഞു. യേശു പത്രോസിനോട്, “ഇന്ന് രാത്രിയിൽ കോഴി രണ്ടു വട്ടം കൂകുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു. അപ്പോൾ പത്രോസ് കൂറെക്കൂടി തറപ്പിച്ചു പറഞ്ഞു: “അങ്ങയോടുകൂടി മരിക്കേണ്ടി വന്നാലും ഞാൻ അങ്ങയെ തള്ളിപ്പറയുകയില്ല.” അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു. പിന്നീട് എല്ലാവരുംകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോൾ “ഞാൻ പ്രാർഥിച്ചു കഴിയുന്നതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. പിന്നീട് അവിടുന്ന് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് മുമ്പോട്ടുപോയി; അവിടുന്ന് അത്യന്തം ശോകാകുലനും അസ്വസ്ഥനുമാകുവാൻ തുടങ്ങി. യേശു അവരോടു പറഞ്ഞു: “എന്റെ ആത്മാവിന്റെ വേദന മരണവേദനപോലെയായിരിക്കുന്നു. നിങ്ങൾ ഇവിടെ ജാഗ്രതയോടുകൂടി ഇരിക്കുക.” പിന്നീട് അവിടുന്ന് അല്പം മുന്നോട്ടുപോയി നിലത്ത് സാഷ്ടാംഗം വീണു: “കഴിയുമെങ്കിൽ കഷ്ടാനുഭവത്തിന്റെ ഈ നാഴിക നീങ്ങിപ്പോകണമേ” എന്നു പ്രാർഥിച്ചു. “പിതാവേ! എന്റെ പിതാവേ! അവിടുത്തേക്കു സമസ്തവും സാധ്യമാണല്ലോ; ഈ പാനപാത്രം എന്നിൽനിന്നു നീക്കിയാലും; എങ്കിലും ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ” എന്ന് അവിടുന്നു പ്രാർഥിച്ചു. യേശു തിരിച്ചുവന്നപ്പോൾ ശിഷ്യന്മാർ ഉറങ്ങുന്നതായി കണ്ടു. അവിടുന്ന് അവരോടു പറഞ്ഞു: “ശിമോനേ, നീ ഉറങ്ങുകയാണോ, ഒരുമണിക്കൂർ ഉണർന്നിരിക്കുവാൻ നിനക്കു കഴിവില്ലേ? പരീക്ഷയിൽ വീണുപോകാതിരിക്കുവാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർഥിക്കുക. ആത്മാവു സന്നദ്ധമാണ്; എന്നാൽ ശരീരം ദുർബലമത്രേ.” യേശു വീണ്ടുംപോയി അതേ വാക്കുകൾ ഉച്ചരിച്ചു പ്രാർഥിച്ചു. തിരിച്ചുവന്നപ്പോൾ പിന്നെയും അവർ ഉറങ്ങുന്നതായിട്ടത്രേ കണ്ടത്. അവരുടെ കണ്ണുകൾക്ക് അത്രയ്‍ക്കു നിദ്രാഭാരമുണ്ടായിരുന്നു. എന്താണ് ഉത്തരം പറയേണ്ടതെന്ന് അവർക്കറിഞ്ഞുകൂടായിരുന്നു. മൂന്നാം പ്രാവശ്യവും അവിടുന്ന് അവരുടെ അടുക്കൽ വന്ന് അവരോട്, “നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? മതി! സമയമായിരിക്കുന്നു! മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു. എഴുന്നേല്‌ക്കുക നമുക്കു പോകാം. ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിക്കഴിഞ്ഞു!” എന്നു പറഞ്ഞു.

MARKA 14 വായിക്കുക