ശബത്തു കഴിഞ്ഞപ്പോൾ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മ മറിയവും ശലോമിയും യേശുവിന്റെ ശരീരത്തിൽ പൂശുവാൻ സുഗന്ധദ്രവ്യങ്ങൾ വാങ്ങി. അവർ ഞായറാഴ്ച പുലർകാലവേളയിൽ സൂര്യനുദിച്ചപ്പോൾത്തന്നെ കല്ലറയ്‍ക്കലേക്കു പോയി. “നമുക്കുവേണ്ടി കല്ലറയുടെ വാതില്‌ക്കൽനിന്ന് ആ കല്ല് ആര് ഉരുട്ടിനീക്കിത്തരും?” എന്ന് അവർ അന്യോന്യം പറഞ്ഞു. എന്നാൽ അവർ സൂക്ഷിച്ചുനോക്കിയപ്പോൾ കല്ലുരുട്ടി നീക്കിയിരിക്കുന്നതു കണ്ടു. ഒരു വലിയ കല്ലായിരുന്നു അത്. കല്ലറയ്‍ക്കുള്ളിൽ പ്രവേശിച്ചപ്പോൾ ശുഭ്രവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ട് അവർ അമ്പരന്നു. അയാൾ പറഞ്ഞു: “പരിഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെയാണല്ലോ നിങ്ങൾ അന്വേഷിക്കുന്നത്; അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; ഇവിടെയില്ല. അവിടുത്തെ സംസ്കരിച്ച സ്ഥലം ഇതാ കണ്ടാലും. നിങ്ങൾ പോയി അവിടുത്തെ ശിഷ്യന്മാരോടും പത്രോസിനോടും ‘നിങ്ങൾക്കു മുമ്പായി അവിടുന്ന് ഗലീലയിലേക്കു പോകുന്നു; നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് അവിടുത്തെ നിങ്ങൾ കാണും’ എന്നു പറയുക. ആ സ്‍ത്രീകൾ കല്ലറയിൽ നിന്നിറങ്ങി ഓടി. അവർ അമ്പരന്നു വിറയ്‍ക്കുന്നുണ്ടായിരുന്നു. ഭയപരവശരായിരുന്നതുകൊണ്ട് അവർ ആരോടും ഒന്നും സംസാരിച്ചില്ല. ഞായറാഴ്ച അതിരാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം ആദ്യമായി മഗ്ദലേന മറിയമിനു പ്രത്യക്ഷപ്പെട്ടു. ആ സ്‍ത്രീയിൽ നിന്നായിരുന്നു യേശു ഏഴു ഭൂതങ്ങളെ ഒഴിച്ചു വിട്ടത്. മറിയം പോയി യേശു ഉയിർത്തെഴുന്നേറ്റ വാർത്ത അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ അറിയിച്ചു. അവർ ദുഃഖിച്ചു വിലപിക്കുകയായിരുന്നു. യേശു ജീവിച്ചിരിക്കുന്നു എന്നും മറിയം അവിടുത്തെ കണ്ടു എന്നും കേട്ടിട്ട് അവർ വിശ്വസിച്ചില്ല. അതിനുശേഷം അവരിൽ രണ്ടുപേർ നാട്ടിൻപുറത്തേക്കു പോകുമ്പോൾ യേശു മറ്റൊരു വിധത്തിൽ അവർക്കു പ്രത്യക്ഷപ്പെട്ടു. അവർ തിരിച്ചുചെന്ന് മറ്റുള്ളവരോട് ആ വിവരം പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. ഒടുവിൽ ശിഷ്യന്മാർ പതിനൊന്നു പേരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. താൻ ഉയിർത്തെഴുന്നേറ്റശേഷം തന്നെ നേരിൽ കണ്ടവർ പറഞ്ഞത് അവിശ്വാസവും ഹൃദയകാഠിന്യവും മൂലം വിശ്വസിക്കാതിരുന്നതിനാൽ, യേശു അവരെ ശാസിച്ചു. അനന്തരം അവിടുന്ന് അരുൾചെയ്തു: “നിങ്ങൾ ലോകമെങ്ങും പോയി സർവമനുഷ്യരാശിയോടും ഈ സുവിശേഷം പ്രസംഗിക്കുക. വിശ്വസിച്ച് സ്നാപനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവർക്ക് ഈ അദ്ഭുതസിദ്ധികൾ ഉണ്ടായിരിക്കും; എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും. അവർ പുതിയ ഭാഷകളിൽ സംസാരിക്കും. സർപ്പങ്ങളെ അവർ കൈയിലെടുക്കുകയോ മാരകമായ ഏതെങ്കിലും വിഷം കുടിക്കുകയോ ചെയ്താലും അവർക്ക് ഒരു ഹാനിയും സംഭവിക്കുകയില്ല; അവർ കൈകൾവച്ചാൽ രോഗികൾ സുഖം പ്രാപിക്കും.” ഇങ്ങനെ അവരോടു പറഞ്ഞശേഷം കർത്താവായ യേശു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശിഷ്യന്മാർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടു ചേർന്നു പ്രവർത്തിക്കുകയും അവർ മുഖാന്തരം നടന്ന അദ്ഭുതപ്രവൃത്തികളാൽ വചനത്തെ ഉറപ്പിക്കുകയും ചെയ്തുപോന്നു.
MARKA 16 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 16:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ