MARKA 3

3
കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നു
(മത്താ. 12:9-14; ലൂക്കോ. 6:6-11)
1യേശു പിന്നീടൊരിക്കൽ സുനഗോഗിൽ ചെന്നു; കൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. 2ശബത്തുദിവസം അവിടുന്ന് ആ മനുഷ്യനെ സുഖപ്പെടുത്തുമോ എന്ന് അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു. യേശുവിൽ കുറ്റം ആരോപിക്കുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്തത്. 3കൈ ശോഷിച്ച ആ മനുഷ്യനോട്, “എഴുന്നേറ്റ് മുൻപിലേക്ക് മാറിനില്‌ക്കുക” എന്ന് യേശു പറഞ്ഞു. 4പിന്നീട് അവിടുന്ന് ജനത്തോട്, “ശബത്തിൽ നന്മ ചെയ്യുന്നതോ, തിന്മ ചെയ്യുന്നതോ, ജീവനെ രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ ഏതാണു നിയമാനുസൃതം?” എന്നു ചോദിച്ചു. അവരാകട്ടെ മൗനം അവലംബിച്ചു. 5യേശു അവരുടെ ഹൃദയകാഠിന്യത്തിൽ ദുഃഖിച്ച്, കോപത്തോടുകൂടി ചുറ്റും നോക്കിയശേഷം ആ മനുഷ്യനോട്, “നിന്റെ കൈ നീട്ടുക” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. 6ഉടനെ കൈ സുഖം പ്രാപിച്ചു. പരീശന്മാർ ഉടൻതന്നെ പുറത്തുപോയി അവിടുത്തെ എങ്ങനെ അപായപ്പെടുത്താം എന്നതിനെക്കുറിച്ച് ഹേരോദ്യരോട് ആലോചിച്ചു.
യേശു ഗലീലത്തടാകത്തിന്റെ തീരത്ത്
7ശിഷ്യന്മാരോടുകൂടി യേശു ഗലീലത്തടാകത്തിന്റെ തീരത്തേക്കു പോയി. ഗലീലയിൽനിന്ന് ഒരു വൻ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു. 8യെഹൂദ്യ, യെരൂശലേം, എദോം, യോർദ്ദാന്റെ മറുകര, സോരിന്റെയും സീദോന്റെയും ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം വലിയൊരു ജനാവലി യേശു ചെയ്ത കാര്യങ്ങളെക്കുറിച്ചു കേട്ടിട്ട് അവിടുത്തെ അടുക്കൽ വന്നുകൂടി. 9-10ഒട്ടേറെ ആളുകളെ അവിടുന്ന് സുഖപ്പെടുത്തിയതിനാൽ രോഗബാധിതരായ എല്ലാവരും അവിടുത്തെ സ്പർശിക്കുന്നതിനായി തള്ളിക്കയറി മുൻപോട്ടു വന്നുകൊണ്ടിരുന്നു. ആൾക്കൂട്ടം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് ഒരു ചെറുവഞ്ചി ഒരുക്കുവാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. 11അവിടുത്തെ കണ്ടമാത്രയിൽ ദുഷ്ടാത്മാക്കൾ സാഷ്ടാംഗം വീണ് “അങ്ങു ദൈവപുത്രനാണ്” എന്നു വിളിച്ചു പറഞ്ഞു.
12താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവരോട് യേശു കർശനമായി ആജ്ഞാപിച്ചു.
പന്ത്രണ്ട് അപ്പോസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു
(മത്താ. 10:1-4; ലൂക്കോ. 6:12-16)
13യേശു പിന്നീട് ഒരു കുന്നിന്റെ മുകളിലേക്ക് കയറിപ്പോയി. താൻ ഇച്ഛിച്ചവരെ അവിടുന്നു വിളിച്ചു. അവർ അവിടുത്തെ അടുത്തെത്തി. 14അവിടുന്നു നിയമിച്ച പന്ത്രണ്ടുപേർക്ക് അപ്പോസ്തോലന്മാർ എന്നു നാമകരണം ചെയ്തു. 15അവിടുന്ന് അവരോടു പറഞ്ഞു: “എന്റെകൂടെ ആയിരിക്കേണ്ടതിന് ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; സുവിശേഷം ഘോഷിക്കുവാൻ ഞാൻ നിങ്ങളെ അയയ്‍ക്കും; ഭൂതങ്ങളെ പുറത്താക്കുവാനുള്ള അധികാരം നിങ്ങൾക്കുണ്ടായിരിക്കും.”
16-17ശിമോന് അവിടുന്നു പത്രോസ് എന്നു പേരിട്ടു. സെബദിയുടെ പുത്രന്മാരായ യാക്കോബിനും യോഹന്നാനും ഇടിമുഴക്കത്തിന്റെ മക്കൾ എന്ന് അർഥമുള്ള ബോവനേർഗ്ഗസ് എന്നും നാമകരണം ചെയ്തു. 18ശേഷമുള്ളവർ അന്ത്രയാസ്, ഫീലിപ്പോസ്, ബർതൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകൻ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോൻ, 19യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത് എന്നിവരായിരുന്നു.
യേശുവും ബേൽസബൂലും
(മത്താ. 12:22-32; ലൂക്കോ. 11:14-23; 12:10)
20പിന്നീട് യേശു വീട്ടിലേക്കു പോയി. അവർക്കു ഭക്ഷണം കഴിക്കുവാൻപോലും സാധിക്കാത്തവിധം പിന്നെയും ജനം തിങ്ങിക്കൂടി. 21ഇതറിഞ്ഞ് യേശുവിന്റെ ബന്ധുജനങ്ങൾ അവിടുത്തെ പിടിച്ചുകൊണ്ടു പോകുവാൻ വന്നു. “അവിടുത്തേക്കു ബുദ്ധിഭ്രമമുണ്ട്” എന്ന് അവർ പറഞ്ഞു.
22“ബേൽസബൂൽ ആണ് ഇയാളിലുള്ളത്; പിശാചുക്കളെ ഇറക്കാനുള്ള ശക്തി ഇയാൾക്കു നല്‌കുന്നത് പിശാചുക്കളുടെ തലവനാണ്” എന്ന് യെരൂശലേമിൽനിന്നു വന്ന മതപണ്ഡിതന്മാർ പറഞ്ഞു.
23അപ്പോൾ യേശു അവരെ വിളിച്ച് ദൃഷ്ടാന്തരൂപേണ ഇങ്ങനെ പറഞ്ഞു: 24“സാത്താനു സാത്താനെ ബഹിഷ്കരിക്കുവാൻ കഴിയുന്നതെങ്ങനെ? അന്തഃഛിദ്രമുള്ള രാജ്യത്തിനു നിലനില്‌ക്കുവാൻ സാധിക്കുകയില്ല. 25അതുപോലെതന്നെ അന്തഃഛിദ്രമുള്ള കുടുംബത്തിനും നിലനില്‌ക്കുവാൻ സാധിക്കുകയില്ല. 26സാത്താൻ തന്നോടുതന്നെ എതിർക്കുകയും ഭിന്നിക്കുകയും ചെയ്താൽ നിലനില്‌ക്കുവാൻ കഴിയാതെ അവൻ നാശമടയുന്നു.
27“ബലശാലിയായ ഒരുവനെ പിടിച്ചുകെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടിൽ പ്രവേശിച്ച് മുതൽ അപഹരിക്കുവാൻ ആർക്കും സാധിക്കുകയില്ലല്ലോ. ആദ്യം അയാളെ ബന്ധിക്കണം. അതിനുശേഷമേ, അയാളുടെ വീടു കൊള്ളചെയ്യുവാൻ സാധിക്കൂ.
28“ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: മനുഷ്യരുടെ എല്ലാ പാപങ്ങളും ഈശ്വരനിന്ദകളും ക്ഷമിക്കപ്പെടും; 29എന്നാൽ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണങ്ങൾ ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല; അവൻ എന്നാളും കുറ്റവാളിയായിരിക്കും.” 30“യേശുവിൽ ഒരു ദുഷ്ടാത്മാവുണ്ട്” എന്ന് അവർ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ പ്രസ്താവിച്ചത്.
യേശുവിന്റെ അമ്മയും സഹോദരന്മാരും
(മത്താ. 12:46-50; ലൂക്കോ. 8:19-21)
31യേശുവിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നുകൊണ്ട് അവിടുത്തെ വിളിക്കുവാൻ ആളയച്ചു. 32ഒരു വലിയ ജനസഞ്ചയം അവിടുത്തെ ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. “അവിടുത്തെ അമ്മയും സഹോദരന്മാരും സഹോദരിമാരും അവിടുത്തെ അന്വേഷിച്ചു പുറത്തു നില്‌ക്കുന്നു” എന്ന് അവർ പറഞ്ഞു.
33“ആരാണ് എന്റെ അമ്മ? ആരെല്ലാമാണ് എന്റെ സഹോദരർ?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു. 34പിന്നീട് തന്റെ ചുറ്റും കൂടിയിരുന്നവരെ നോക്കിക്കൊണ്ട് അരുൾചെയ്തു: 35“ഇതാ എന്റെ അമ്മയും സഹോദരരും! ദൈവത്തിന്റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

MARKA 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക