MARKA 4
4
വിതയ്‍ക്കുന്നവന്റെ ദൃഷ്ടാന്തം
(മത്താ. 13:1-9; ലൂക്കോ. 8:4-8)
1യേശു വീണ്ടും ഗലീലത്തടാകത്തിന്റെ തീരത്തുവച്ചു പ്രബോധിപ്പിക്കുവാൻ തുടങ്ങി. ഒരു വലിയ ജനാവലി അവിടുത്തെ ചുറ്റും കൂടിയിരുന്നതുകൊണ്ട് അവിടുന്ന് തടാകത്തിൽ കിടന്ന ഒരു വഞ്ചിയിൽ കയറി ഇരുന്നു. ജനങ്ങളെല്ലാവരും തടാകതീരത്തു നിലകൊണ്ടു. 2ദൃഷ്ടാന്തങ്ങളിലൂടെ അവിടുന്നു പല കാര്യങ്ങൾ അവരെ പഠിപ്പിച്ചു. ധർമോപദേശമധ്യേ അവിടുന്ന് ഇപ്രകാരം പറഞ്ഞു:
3“ഇതാ കേൾക്കൂ! ഒരു മനുഷ്യൻ വിതയ്‍ക്കാൻ പുറപ്പെട്ടു. 4അയാൾ വിതച്ചപ്പോൾ കുറെ വിത്തു വഴിയിൽ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു. 5-6ചില വിത്തു പാറയുള്ള സ്ഥലത്താണു വീണത്. അവിടെ മണ്ണിനു താഴ്ചയില്ലാതിരുന്നതിനാൽ വിത്തു പെട്ടെന്നു മുളച്ചെങ്കിലും അവയ്‍ക്കു വേരില്ലാഞ്ഞതുകൊണ്ട് സൂര്യൻ ഉദിച്ചുയർന്നപ്പോൾ വാടിക്കരിഞ്ഞുപോയി. 7മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. അവ ഫലം നല്‌കിയില്ല. 8മറ്റുള്ള വിത്തു നല്ല നിലത്താണു വീണത്. അവ മുളച്ചു വളർന്നു; മുപ്പതും അറുപതും നൂറും മേനി വിളവു നല്‌കി.”
9“കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ” എന്നും യേശു പറഞ്ഞു.
ഈ ദൃഷ്ടാന്തത്തിന്റെ അർഥം
(മത്താ. 13:10-23; ലൂക്കോ. 8:9-15)
10യേശു തനിച്ചിരുന്നപ്പോൾ, അവിടുത്തോട് കൂടെയുണ്ടായിരുന്നവരിൽ ചിലർ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടിവന്ന്, അവിടുന്നു പറഞ്ഞതിന്റെ പൊരുൾ എന്താണെന്നു ചോദിച്ചു. 11അപ്പോൾ യേശു അരുൾചെയ്തു: “ദൈവരാജ്യത്തിന്റെ മർമം നിങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ മറ്റുള്ളവരാകട്ടെ എല്ലാം ദൃഷ്ടാന്തങ്ങളിലൂടെ കേൾക്കുന്നു.
12“അവർ പിന്നെയും പിന്നെയും നോക്കും;
പക്ഷേ കാണുകയില്ല;
പിന്നെയും പിന്നെയും കേൾക്കും;
പക്ഷേ, ഗ്രഹിക്കുകയില്ല;
അങ്ങനെ അല്ലായിരുന്നെങ്കിൽ
അവർ ദൈവത്തിങ്കലേക്കു തിരിയുകയും
അവരുടെ പാപം ക്ഷമിക്കപ്പെടുകയും ചെയ്യുമായിരുന്നു.”
13പിന്നീട് യേശു അവരോടു പറഞ്ഞു: “ഈ ദൃഷ്ടാന്തം നിങ്ങൾക്കു മനസ്സിലായില്ലേ? എങ്കിൽ മറ്റു ദൃഷ്ടാന്തങ്ങളൊക്കെയും നിങ്ങൾ എങ്ങനെ ഗ്രഹിക്കും? 14വിതയ്‍ക്കുന്നവൻ ദൈവവചനമാണു വിതയ്‍ക്കുന്നത്. 15ചിലരുടെ ഹൃദയത്തിൽ വിതയ്‍ക്കപ്പെടുന്ന വചനം കേൾക്കുന്ന ക്ഷണത്തിൽത്തന്നെ സാത്താൻ വന്ന് എടുത്തുകളയുന്നു. ഇതാണ് വഴിയരികിൽ വീണ വിത്ത്. 16അതുപോലെതന്നെ പാറയുള്ള സ്ഥലത്തു വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണ് മറ്റു ചിലർ. കേൾക്കുന്ന ഉടനെ അവർ സന്തോഷപൂർവം വചനം സ്വീകരിക്കുന്നു. 17എന്നാൽ അതിന്റെ വേര് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാത്തതുകൊണ്ട് അല്പകാലം മാത്രമേ നിലനില്‌ക്കുകയുള്ളൂ; വചനംമൂലം കഷ്ടതകളും പീഡനങ്ങളും നേരിടുമ്പോൾ ആടിയുലഞ്ഞു വീണുപോകുന്നു. 18മുൾച്ചെടികൾക്കിടയിൽ വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണു മറ്റു ചിലർ; വചനം കേൾക്കുമെങ്കിലും ലൗകിക ജീവിതത്തിന്റെ ക്ലേശങ്ങളും ധനമോഹവും 19ഇതരകാര്യങ്ങളിലുള്ള വ്യഗ്രതയും വചനത്തെ ഞെക്കിഞെരുക്കുകയും ഫലശൂന്യമാക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. 20എന്നാൽ നല്ല നിലത്തു വിതയ്‍ക്കപ്പെട്ട വിത്തു സൂചിപ്പിക്കുന്നത്, വചനം കേട്ടു സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മേനി വിളവ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നവരെയത്രേ.”
വിളക്ക് പറയുടെ കീഴിൽ
(ലൂക്കോ. 8:16-18)
21പിന്നീടു യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ചു പറയുടെയോ കട്ടിലിന്റെയോ കീഴിൽ ആരെങ്കിലും വയ്‍ക്കുമോ? അതു വിളക്കുതണ്ടിന്മേലല്ലേ വയ്‍ക്കുന്നത്? 22നിഗൂഢമായി വച്ചിരിക്കുന്നത് എന്തുതന്നെ ആയാലും അതു വെളിച്ചത്തുവരും. മൂടി വച്ചിരിക്കുന്നതെന്തും അനാവരണം ചെയ്യപ്പെടും. 23കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”
24യേശു വീണ്ടും പറഞ്ഞു: “നിങ്ങൾ കേൾക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക; നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്ക് അളന്നു കിട്ടും; എന്നല്ല നിങ്ങൾക്കു കൂടുതൽ കിട്ടുകയും ചെയ്യും. 25ഉള്ളവനു നല്‌കപ്പെടും; ഇല്ലാത്തവനിൽനിന്ന് അവന് ഉള്ളതുകൂടി എടുത്തുകളയും.”
വളരുന്ന വിത്തുപോലെ
26യേശു തുടർന്നു പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ കൃഷിഭൂമിയിൽ വിത്തു വിതയ്‍ക്കുന്നു. 27അയാൾ രാവും പകലും ഉറങ്ങിയും ഉണർന്നും കഴിയുന്നു. അതിനിടയ്‍ക്ക്, എങ്ങനെയെന്ന് അയാൾ അറിയാതെ വിത്തു മുളച്ചു വളരുന്നു. ഈ വിത്തുപോലെയാണു ദൈവരാജ്യം. 28ഭൂമി സ്വയമേവ വിളവ് ഉത്പാദിപ്പിക്കുന്നു. ആദ്യം ഇളനാമ്പു തല നീട്ടുന്നു; പിന്നീട് കതിരും, അവസാനം കതിർക്കുല നിറയെ ധാന്യമണികളും ഉണ്ടാകുന്നു. 29ധാന്യം വിളഞ്ഞു കൊയ്ത്തിനു പാകമാകുമ്പോൾ കൊയ്യുന്നതിന് അയാൾ ആളിനെ അയയ്‍ക്കുന്നു.”
കടുകുമണിയുടെ ദൃഷ്ടാന്തം
(മത്താ. 13:31-32-34; ലൂക്കോ. 13:18-19)
30അവിടുന്നു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? ഏതൊരു ദൃഷ്ടാന്തംകൊണ്ട് അതിനെ വിശദീകരിക്കാം? 31അതൊരു കടുകുമണിയെപ്പോലെയാണ്. വിതയ്‍ക്കുമ്പോൾ അതു ഭൂമിയിലുള്ള മറ്റെല്ലാ വിത്തിനെയുംകാൾ ചെറുതാണ്. 32എന്നാൽ അതു മുളച്ചുവളർന്ന് എല്ലാ ചെടികളെയുംകാൾ വലുതായിത്തീരുന്നു. പക്ഷികൾക്ക് അതിന്റെ തണലിൽ കൂടുകെട്ടി പാർക്കാൻ തക്ക വലിയ ശാഖകൾ നീട്ടുകയും ചെയ്യുന്നു.”
33ഇതുപോലെയുള്ള അനേകം ദൃഷ്ടാന്തങ്ങൾ മുഖേന അവർക്കു ഗ്രഹിക്കാവുന്ന വിധത്തിൽ യേശു ദിവ്യവചനം പ്രസംഗിച്ചു. 34ദൃഷ്ടാന്തരൂപേണയല്ലാതെ അവിടുന്ന് ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ശിഷ്യന്മാരോടുകൂടി അവിടുന്ന് തനിച്ചിരിക്കുമ്പോൾ ഓരോ ദൃഷ്ടാന്തവും അവർക്കു വിശദീകരിച്ചു കൊടുത്തിരുന്നു.
കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
(മത്താ. 8:23-27; ലൂക്കോ. 8:22-25)
35അന്നു വൈകുന്നേരം, “നമുക്ക് അക്കരയ്‍ക്കുപോകാം” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. 36അതുകൊണ്ട് അവർ ജനസഞ്ചയത്തെ വിട്ടിട്ട് യേശു നേരത്തെ കയറിയിരുന്ന വഞ്ചിയിൽ കയറി പുറപ്പെട്ടു. വേറെ വഞ്ചികളും കൂടെയുണ്ടായിരുന്നു. 37അപ്പോൾ അത്യുഗ്രമായ ഒരു കൊടുങ്കാറ്റടിച്ചു. തിരമാലകൾ ഉയർന്നു, വഞ്ചിയിൽ വെള്ളം അടിച്ചു കയറി, വഞ്ചി നിറയുമാറായി. 38യേശു അമരത്ത് ഒരു തലയിണവച്ചു കിടന്ന് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അവിടുത്തെ വിളിച്ചുണർത്തി; “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കാൻ പോകുന്നതിനെക്കുറിച്ച് അങ്ങേക്ക് ഒരു വിചാരവുമില്ലേ?” എന്നു ചോദിച്ചു.
39യേശു എഴുന്നേറ്റു കാറ്റിനോട് “അടങ്ങുക” എന്ന് ആജ്ഞാപിച്ചു. തിരമാലകളോട് “ശാന്തമാകുക” എന്നും കല്പിച്ചു. ഉടനെ കാറ്റടങ്ങി. പ്രക്ഷുബ്‍ധമായ തടാകം പ്രശാന്തമായി. 40പിന്നീട് അവിടുന്ന് അവരോട്, “എന്തിനാണു നിങ്ങൾ ഇങ്ങനെ ഭീരുക്കളാകുന്നത്? നിങ്ങൾക്കു വിശ്വാസമില്ലേ?” എന്നു ചോദിച്ചു.
41അവർ അത്യന്തം ഭയപരവശരായി; ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംകൂടി അവിടുത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവർ അന്യോന്യം പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MARKA 4: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.