THUFINGTE 15

15
1സൗമ്യമായ മറുപടി രോഷത്തെ ശമിപ്പിക്കും;
പരുഷവാക്കോ കോപത്തെ ജ്വലിപ്പിക്കും;
2ജ്ഞാനിയുടെ വാക്കുകൾ വിജ്ഞാനം വിതറുന്നു;
മൂഢന്മാരോ ഭോഷത്തം വിളമ്പുന്നു.
3സർവേശ്വരൻ എല്ലാം കാണുന്നു;
ദുഷ്ടരെയും ശിഷ്ടരെയും അവിടുന്നു നോക്കിക്കൊണ്ടിരിക്കുന്നു.
4സൗമ്യതയുള്ള വാക്ക് ജീവവൃക്ഷം,
വക്രതയുള്ള വാക്ക് ഹൃദയം തകർക്കുന്നു.
5മൂഢൻ പിതാവിന്റെ പ്രബോധനം നിരസിക്കുന്നു;
ശാസനം ആദരിക്കുന്നവൻ വിവേകിയായിത്തീരും.
6നീതിമാന്റെ ഗൃഹത്തിൽ ധാരാളം നിക്ഷേപമുണ്ട്;
ദുഷ്ടന്റെ സമ്പാദ്യത്തിന്മേൽ അനർഥം നിപതിക്കും.
7ജ്ഞാനിയുടെ വചസ്സുകൾ വിജ്ഞാനം വിതറുന്നു;
ദുഷ്ടന്മാരുടെ മനസ്സോ നേരുള്ളതല്ല.
8ദുഷ്ടന്മാരുടെ യാഗം സർവേശ്വരൻ വെറുക്കുന്നു;
സത്യസന്ധരുടെ പ്രാർഥനയിൽ അവിടുന്നു പ്രസാദിക്കുന്നു.
9ദുഷ്ടന്മാരുടെ മാർഗം സർവേശ്വരൻ ദ്വേഷിക്കുന്നു;
എന്നാൽ നീതിനിഷ്ഠനെ അവിടുന്നു സ്നേഹിക്കുന്നു.
10നേർവഴി വിട്ടു നടക്കുന്നവനു കഠിനശിക്ഷ ലഭിക്കും;
ശാസന വെറുക്കുന്നവൻ മരിക്കും.
11പാതാളവും നരകഗർത്തവും സർവേശ്വരന്റെ മുമ്പിൽ തുറന്നുകിടക്കുന്നു;
എങ്കിൽ മനുഷ്യഹൃദയം അവിടുന്ന് എത്ര വ്യക്തമായി കാണും.
12പരിഹാസി ശാസനം ഇഷ്ടപ്പെടുന്നില്ല;
അവൻ ജ്ഞാനിയെ സമീപിക്കുന്നതുമില്ല.
13സന്തുഷ്ടഹൃദയം മുഖം പ്രസന്നമാക്കുന്നു;
ഹൃദയവ്യഥ ഉന്മേഷം കെടുത്തുന്നു.
14വിവേകി വിജ്ഞാനം തേടുന്നു.
മൂഢൻ ഭോഷത്തംകൊണ്ടു തൃപ്തിയടയുന്നു.
15പീഡിതന് ജീവിതം ക്ലേശപൂർണമാണ്;
എന്നാൽ സന്തുഷ്ടഹൃദയനു നിത്യവും ഉത്സവമാണ്.
16അനർഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാൾ മെച്ചം
ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്.
17വിദ്വേഷത്തോടുകൂടിയ മാംസഭോജ്യത്തെക്കാൾ
സ്നേഹത്തോടുകൂടിയ സസ്യഭോജനമത്രേ ശ്രേഷ്ഠം.
18കോപശീലൻ കലഹം ഇളക്കിവിടുന്നു;
ക്ഷമാശീലൻ അതു ശമിപ്പിക്കുന്നു.
19അലസന്റെ മാർഗം മുൾച്ചെടികൾകൊണ്ടു നിറഞ്ഞത്;
നീതിമാന്റെ മാർഗമോ നിരപ്പുള്ള രാജപാത;
20ജ്ഞാനമുള്ള മകൻ പിതാവിനെ സന്തോഷിപ്പിക്കും;
മൂഢനാകട്ടെ മാതാവിനെ നിന്ദിക്കുന്നു.
21ഭോഷത്തം ബുദ്ധിഹീനന് ആഹ്ലാദമാകുന്നു;
വിവേകി നേർവഴിയിൽ നടക്കുന്നു.
22സദുപദേശം ഇല്ലെങ്കിൽ പദ്ധതികൾ പാളിപ്പോകും;
ഉപദേഷ്ടാക്കളുടെ ബഹുത്വത്താൽ അവ വിജയിക്കും.
23ഉചിതമായ മറുപടി നല്‌കുക സന്തോഷകരമത്രേ,
അവസരോചിതമായ വാക്ക് എത്ര നല്ലത്.
24ജ്ഞാനിയുടെ പാത ഉയർന്ന് ജീവനിലേക്കു നയിക്കുന്നു;
അവൻ താഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു.
25അഹങ്കാരിയുടെ ഭവനം സർവേശ്വരൻ പൊളിച്ചുകളയും,
വിധവയുടെ അതിരുകൾ അവിടുന്നു സംരക്ഷിക്കുന്നു.
26ദുർജനങ്ങളുടെ വിചാരങ്ങൾ സർവേശ്വരൻ വെറുക്കുന്നു;
സജ്ജനത്തിന്റെ വാക്കുകൾ അവിടുത്തേക്കു പ്രസാദകരം.
27അന്യായലാഭം ഇച്ഛിക്കുന്നവൻ സ്വന്തഭവനത്തിനു ദ്രോഹം വരുത്തും;
കൈക്കൂലി വെറുക്കുന്നവൻ ജീവിച്ചിരിക്കും.
28നീതിമാൻ ആലോചിച്ച് ഉചിതമായ ഉത്തരം നല്‌കുന്നു
ദുഷ്ടന്മാരോ ദുഷ്ടത പ്രവർത്തിക്കുന്നു.
29സർവേശ്വരൻ ദുർജനത്തിൽനിന്ന് അകന്നിരിക്കുന്നു;
നീതിമാന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നു.
30കണ്ണിന്റെ പ്രകാശം ഹൃദയത്തെ ആനന്ദിപ്പിക്കുന്നു;
സദ്‍വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുന്നു;
31ജീവദായകമായ ശാസന കേൾക്കുന്നവൻ
ജ്ഞാനികളുടെ ഇടയിൽ വസിക്കും.
32പ്രബോധനം അവഗണിക്കുന്നവൻ തന്നെത്തന്നെ അവഗണിക്കുന്നു.
ശാസന കേൾക്കുന്നവനോ വിവേകം നേടുന്നു.
33ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു.
വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUFINGTE 15: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക