THUFINGTE 2

2
ജ്ഞാനത്തിന്റെ സത്ഫലങ്ങൾ
1മകനേ, ജ്ഞാനം ശ്രദ്ധാപൂർവം കേൾക്കുകയും
അതു ഗ്രഹിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
2മകനേ, എന്റെ വാക്കുകൾ കൈക്കൊള്ളുകയും
എന്റെ കല്പനകൾ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക.
3അതേ, ജ്ഞാനത്തിനുവേണ്ടി കേണപേക്ഷിക്കുക.
വിവേകത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുക.
4ധനത്തെ എന്നപോലെ അതിനെ തേടുകയും
മറഞ്ഞുകിടക്കുന്ന നിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക.
5അപ്പോൾ ദൈവഭക്തി എന്തെന്നു നീ ഗ്രഹിക്കും.
ദൈവജ്ഞാനം കണ്ടെത്തും.
6സർവേശ്വരനാണല്ലോ ജ്ഞാനം നല്‌കുന്നത്.
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉറവിടം അവിടുന്നാണല്ലോ.
7നീതിനിഷ്ഠർക്കുവേണ്ടി ഉദാത്തമായ ജ്ഞാനം അവിടുന്നു സംഭരിച്ചുവയ്‍ക്കുന്നു.
നേരായ മാർഗത്തിൽ ചരിക്കുന്നവർക്ക് അവിടുന്നു പരിചയാണ്.
8അവിടുന്നു ന്യായത്തോടു വർത്തിക്കുന്നു;
വിശുദ്ധന്മാരുടെ വഴികൾ അവിടുന്നു കാത്തുസൂക്ഷിക്കുന്നു.
9അങ്ങനെ നീതിയും ന്യായവും
സത്യസന്ധതയും സന്മാർഗവും നീ അറിയും.
10നീ ജ്ഞാനം ഉൾക്കൊള്ളും;
വിവേകം നിന്നെ സന്തോഷിപ്പിക്കും.
11വകതിരിവു നിന്നെ കാക്കും;
വിവേകം നിന്നെ സംരക്ഷിക്കും.
12അതു ദുർമാർഗത്തിൽനിന്നും ദുർഭാഷണം നടത്തുന്നവരിൽനിന്നും നിന്നെ വിടുവിക്കും.
13ഇരുളിന്റെ മാർഗത്തിൽ ചരിക്കാൻ അവർ നേരായ മാർഗം ഉപേക്ഷിക്കുന്നു.
14തിന്മ പ്രവർത്തിക്കുന്നതിൽ അവർ ആനന്ദംകൊള്ളുന്നു.
അതിന്റെ വൈകൃതത്തിൽ സന്തോഷിക്കുന്നു.
15അവരുടെ വഴികൾ കുടിലമാണ്,
അവർ നേർവഴി വിട്ടു നടക്കുന്നവരാണ്.
16പരസ്‍ത്രീയുടെ പിടിയിൽനിന്നും
ചക്കരവാക്കു പറയുന്ന വ്യഭിചാരിണിയിൽ നിന്നും അതു നിന്നെ രക്ഷിക്കും.
17അവൾ തന്റെ യൗവനകാലത്തെ ജീവിതപങ്കാളിയെ ഉപേക്ഷിച്ചു
ദൈവമുമ്പാകെ ചെയ്ത ഉടമ്പടി വിസ്മരിച്ചു.
18അവളുടെ ഭവനം മരണത്തിലേക്കു താഴുന്നതും
അവളുടെ പാത പാതാളത്തിലേക്കു നയിക്കുന്നതുമാകുന്നു.
19അവളെ സമീപിക്കുന്നവർ ആരും തിരിച്ചുവരുന്നില്ല.
അവർ ജീവന്റെ മാർഗത്തെ കണ്ടെത്തുന്നുമില്ല.
20അതുകൊണ്ടു നീ നല്ലവരുടെ മാതൃക പിന്തുടരുക
നീതിനിഷ്ഠരുടെ പാതയിൽനിന്ന് വ്യതിചലിക്കയുമരുത്.
21നേരുള്ളവർ ദേശത്തു വസിക്കും.
നിഷ്കളങ്കർ അവിടെ നിലനില്‌ക്കും.
22എന്നാൽ ദുഷ്ടർ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടും
വഞ്ചകർ ഉന്മൂലനം ചെയ്യപ്പെടും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUFINGTE 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക