SAM 34
34
ഒരിക്കലും കൈവിടാത്ത ദൈവം
ദാവീദിന്റെ സങ്കീർത്തനം; അബീമേലെക്കിന്റെ മുമ്പിൽ ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്.
1സർവേശ്വരനെ ഞാൻ എപ്പോഴും വാഴ്ത്തും;
അവിടുത്തെ ഞാൻ നിരന്തരം സ്തുതിക്കും.
2ഞാൻ സർവേശ്വരനിൽ അഭിമാനം കൊള്ളുന്നു;
പീഡിതർ അതു കേട്ട് ആനന്ദിക്കട്ടെ.
3എന്നോടൊത്ത് സർവേശ്വരനെ പ്രകീർത്തിക്കുക;
നമുക്കൊരുമിച്ചു തിരുനാമത്തെ പുകഴ്ത്താം.
4ഞാൻ സർവേശ്വരനോട് അപേക്ഷിച്ചു;
അവിടുന്ന് എനിക്ക് ഉത്തരമരുളി.
സർവഭയങ്ങളിൽനിന്നും അവിടുന്ന് എന്നെ വിടുവിച്ചു.
5സർവേശ്വരനെ നോക്കിയവർ പ്രകാശിതരായി;
അവർ ലജ്ജിതരാകയില്ല.
6ഈ എളിയവൻ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളി.
സകല ദുരിതങ്ങളിൽനിന്നും അവിടുന്നെന്നെ രക്ഷിച്ചു.
7സർവേശ്വരന്റെ ദൂതൻ അവിടുത്തെ
ഭക്തന്മാർക്കു ചുറ്റും പാളയമടിച്ച് അവരെ വിടുവിക്കുന്നു.
8അവിടുന്ന് എത്ര നല്ലവനെന്നു രുചിച്ചറിയുക;
അവിടുത്തെ അഭയം പ്രാപിക്കുന്നവൻ സന്തുഷ്ടനായിരിക്കും.
9വിശുദ്ധജനമേ, സർവേശ്വരനെ ഭയപ്പെടുക.
അവിടുത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവില്ലല്ലോ.
10സിംഹംപോലും വിശന്നു വലഞ്ഞേക്കാം;
സർവേശ്വരനെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്‍ക്കും കുറവില്ല.
11മക്കളേ, എന്റെ വാക്കു കേൾക്കുക;
ദൈവഭക്തിയെന്തെന്നു ഞാൻ നിങ്ങളെ പഠിപ്പിക്കാം.
12സന്തുഷ്ടജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ദീർഘായുസ്സും സന്തോഷവും കാംക്ഷിക്കുന്നുവോ?
13എങ്കിൽ തിന്മ നിങ്ങളുടെ നാവിന്മേൽ ഉണ്ടാകാതിരിക്കട്ടെ.
നിങ്ങളുടെ അധരങ്ങൾ വ്യാജം പറയാതിരിക്കട്ടെ.
14തിന്മ വിട്ടകന്നു നന്മ പ്രവർത്തിക്കുക;
സമാധാനം കാംക്ഷിക്കുക; അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുക.
15സർവേശ്വരൻ നീതിമാന്മാരെ കരുണയോടെ കടാക്ഷിക്കുന്നു;
അവിടുന്ന് അവരുടെ നിലവിളി എപ്പോഴും കേൾക്കുന്നു;
16അവിടുന്നു ദുഷ്കർമികൾക്കെതിരെ മുഖം തിരിക്കുന്നു.
അവിടുന്ന് അവരെ നശിപ്പിച്ച് അവരുടെ
ഓർമപോലും ഭൂമിയിൽ അവശേഷിക്കാതാക്കുന്നു.
17നീതിമാന്മാർ നിലവിളിച്ചു; സർവേശ്വരൻ ഉത്തരമരുളി.
എല്ലാ കഷ്ടതകളിൽനിന്നും അവിടുന്ന് അവരെ വിടുവിച്ചു.
18ഹൃദയം തകർന്നവർക്ക് അവിടുന്നു സമീപസ്ഥൻ;
മനസ്സു നുറുങ്ങിയവരെ അവിടുന്നു രക്ഷിക്കുന്നു.
19നീതിമാന് നിരവധി അനർഥങ്ങൾ ഉണ്ടാകാം;
എന്നാൽ സർവേശ്വരൻ അവയിൽ നിന്നെല്ലാം അവനെ വിടുവിക്കുന്നു.
20അവന്റെ അസ്ഥികളൊന്നും ഒടിഞ്ഞുപോകാതെ;
അവിടുന്ന് അവനെ സംരക്ഷിക്കുന്നു.
21തിന്മ ദുഷ്ടനെ സംഹരിക്കും;
നീതിമാനെ ദ്വേഷിക്കുന്നവർ ശിക്ഷിക്കപ്പെടും.
22സർവേശ്വരൻ തന്റെ ദാസന്മാരെ രക്ഷിക്കുന്നു;
അവിടുത്തെ അഭയം പ്രാപിക്കുന്നവർ ശിക്ഷയ്‍ക്ക് ഇരയാവുകയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 34: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.