SAM 69
69
സഹായത്തിനുവേണ്ടിയുള്ള പ്രാർഥന
ഗായകസംഘനേതാവിന്; സാരസരാഗത്തിൽ ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്നെ രക്ഷിക്കണമേ,
വെള്ളം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു.
2ആഴമുള്ള ചേറ്റിൽ ഞാൻ താഴുന്നു;
ചുവടുറപ്പിക്കാൻ എനിക്കു കഴിയുന്നില്ല.
കൊടുംകയത്തിൽ ഞാൻ പെട്ടിരിക്കുന്നു,
വെള്ളം എന്റെ മീതെ കവിഞ്ഞൊഴുകുന്നു;
3കരഞ്ഞുകരഞ്ഞു ഞാൻ തളരുന്നു.
എന്റെ തൊണ്ട വരളുന്നു.
ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണു മങ്ങുന്നു.
4കാരണം കൂടാതെ എന്നെ ദ്വേഷിക്കുന്നവർ,
എന്റെ തലയിലെ രോമങ്ങളെക്കാൾ അധികം.
എന്നെ നശിപ്പിക്കാൻ ഒരുങ്ങുന്നവർ പ്രബലരാണ്.
അവർ എനിക്കെതിരെ വ്യാജം പറയുന്നു.
ഞാൻ മോഷ്‍ടിക്കാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
5ദൈവമേ, എന്റെ അപരാധങ്ങൾ അങ്ങയിൽ നിന്നു മറഞ്ഞിരിക്കുന്നില്ല.
എന്റെ ഭോഷത്തം അവിടുന്ന് അറിയുന്നു.
6സർവശക്തനായ ദൈവമേ, സർവേശ്വരാ,
അങ്ങയിൽ പ്രത്യാശ വയ്‍ക്കുന്നവർ,
എനിക്കുണ്ടാകുന്ന അപമാനം നിമിത്തം ലജ്ജിച്ചുപോകരുതേ.
ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ ആരാധിക്കുന്നവർ,
ഞാൻ നിന്ദിക്കപ്പെടുന്നതുമൂലം അപമാനിതരാകരുതേ.
7അങ്ങേക്കുവേണ്ടിയാണല്ലോ ഞാൻ നിന്ദ സഹിച്ചത്.
ലജ്ജ എന്നെ പൊതിയുന്നു.
8എന്റെ സഹോദരന്മാർക്കു ഞാൻ അപരിചിതനും
എന്റെ കൂടെപ്പിറപ്പുകൾക്കു ഞാൻ അന്യനുമായി തീർന്നിരിക്കുന്നു.
9അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു.
അങ്ങയെ നിന്ദിക്കുന്നവരുടെ വാക്കുകൾ എന്റെമേൽ പതിക്കുന്നു.
10ഉപവാസത്താൽ ഞാൻ എന്നെത്തന്നെ വിനയപ്പെടുത്തി.
അതും എനിക്കു നിന്ദയ്‍ക്കു കാരണമായി.
11ഞാൻ വിലാപവസ്ത്രം ധരിച്ചു,
ഞാൻ അവർക്ക് പഴഞ്ചൊല്ലായിത്തീർന്നു.
12ഞാൻ പട്ടണവാതില്‌ക്കലിരിക്കുന്നവരുടെ സംസാരവിഷയമാണ്.
മദ്യപന്മാർ എന്നെക്കുറിച്ചു പാട്ടു ചമയ്‍ക്കുന്നു.
13എങ്കിലും സർവേശ്വരാ, ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു.
തിരുവുള്ളമുണ്ടാകുമ്പോൾ ഉത്തരമരുളണമേ.
അവിടുത്തെ അളവറ്റ സ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
14ചേറിൽ താണുപോകാതെ എന്നെ രക്ഷിക്കണമേ.
ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ.
ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ
15വെള്ളം എന്റെ മീതെ കവിഞ്ഞൊഴുകരുതേ!
ആഴം എന്നെ മൂടരുതേ, പാതാളം എന്നെ വിഴുങ്ങരുതേ.
16സർവേശ്വരാ, എനിക്കുത്തരമരുളണമേ.
അവിടുത്തെ അചഞ്ചലസ്നേഹം ശ്രേഷ്ഠമാണല്ലോ.
അവിടുന്നെന്നെ കടാക്ഷിക്കണമേ.
അവിടുന്നു കരുണാസമ്പന്നനാണല്ലോ.
17അവിടുന്ന് ഈ ദാസരിൽനിന്നും മറഞ്ഞിരിക്കരുതേ.
ഞാൻ കഷ്ടതയിലായിരിക്കുന്നു.
വൈകാതെ എനിക്ക് ഉത്തരമരുളണമേ.
18അവിടുന്ന് എന്റെ അടുത്തുവന്ന് എന്നെ രക്ഷിക്കണമേ,
എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ.
19ഞാൻ സഹിച്ച നിന്ദയും ലജ്ജയും അപമാനവും അവിടുന്നു അറിയുന്നു.
എന്റെ ശത്രുക്കളെ അവിടുന്ന് കാണുന്നുവല്ലോ.
20ശത്രുക്കളുടെ അധിക്ഷേപം എന്നെ തകർത്തിരിക്കുന്നു; ഞാൻ നിരാശനായിരിക്കുന്നു.
സഹതപിക്കുന്നവരുണ്ടോ എന്നു ഞാൻ നോക്കി, ആരെയും കണ്ടില്ല.
ആശ്വസിപ്പിക്കാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു.
ആരെയും കണ്ടെത്തിയില്ല.
21എനിക്കു വിശന്നപ്പോൾ അവർ ഭക്ഷണത്തിനു പകരം വിഷം തന്നു;
ദാഹിച്ചപ്പോൾ അവർ എനിക്കു പുളിച്ച വീഞ്ഞു നല്‌കി.
22അവരുടെ വിരുന്നുകൾ അവർക്ക് കെണിയായിത്തീരട്ടെ!
അവരുടെ യാഗോത്സവങ്ങൾ അവർക്കു കുരുക്കായിത്തീരട്ടെ!
23അവരുടെ കണ്ണുകൾ ഇരുണ്ട് അന്ധമാകട്ടെ,
അവരുടെ അരക്കെട്ട് ദുർബലമായി എപ്പോഴും വിറയ്‍ക്കട്ടെ.
24അങ്ങയുടെ രോഷം അവരുടെമേൽ ചൊരിയണമേ;
അങ്ങയുടെ ക്രോധം അവരെ ഗ്രസിക്കട്ടെ.
25അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
അവരുടെ കൂടാരങ്ങൾ നിർജനമാകട്ടെ.
26അവിടുന്നു പ്രഹരിച്ചവനെ അവർ പീഡിപ്പിക്കുന്നു.
അവിടുന്നു മുറിവേല്പിച്ചവനെ അവർ വീണ്ടും ദണ്ഡിപ്പിക്കുന്നു.
27അവർക്കു മേല്‌ക്കുമേൽ ശിക്ഷ നല്‌കണമേ, അവരോടു ക്ഷമിക്കരുതേ.
28ജീവിക്കുന്നവരുടെ പുസ്തകത്തിൽനിന്ന്
അവരുടെ പേരുകൾ മായിച്ചുകളയണമേ.
നീതിമാന്മാരുടെ പട്ടികയിൽ അവരെ ചേർക്കരുതേ.
29ഞാൻ പീഡിതനും ദുഃഖിതനുമാണ്.
ദൈവമേ, എന്നെ രക്ഷിച്ചു സുരക്ഷിതസ്ഥാനത്താക്കണമേ.
30ഞാൻ ദൈവത്തെ പാടിപ്പുകഴ്ത്തും,
ഞാൻ കൃതജ്ഞതയോടെ അവിടുത്തെ മഹത്ത്വം പ്രഘോഷിക്കും.
31അതു കാളയെയോ കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെയോ,
യാഗമർപ്പിക്കുന്നതിനെക്കാൾ സർവേശ്വരനു പ്രസാദകരമത്രേ.
32പീഡിതർ അതു കണ്ട് സന്തോഷിക്കട്ടെ.
ദൈവത്തെ ആരാധിക്കുന്നവരേ, നിങ്ങൾ ഉന്മേഷഭരിതരാകുവിൻ.
33സർവേശ്വരൻ ദരിദ്രരുടെ പ്രാർഥന കേൾക്കുന്നു.
ബന്ധനസ്ഥരായ സ്വജനത്തെ അവിടുന്നു മറന്നുകളയുകയില്ല.
34ആകാശവും ഭൂമിയും സമുദ്രങ്ങളും,
അവയിൽ ചരിക്കുന്ന സർവജീവജാലങ്ങളും ദൈവത്തെ പ്രകീർത്തിക്കട്ടെ.
35ദൈവം സീയോനെ രക്ഷിക്കും;
യെഹൂദാനഗരങ്ങൾ അവിടുന്നു വീണ്ടും പണിയും.
അവിടുത്തെ ദാസർ അവിടെ പാർത്ത് അതു കൈവശമാക്കും.
36അവിടുത്തെ ദാസന്മാരുടെ സന്തതികൾ അത് അവകാശമാക്കും.
അവിടുത്തെ സ്നേഹിക്കുന്നവർ അവിടെ വസിക്കുകയും ചെയ്യും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 69: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.