ROM 10

10
1സഹോദരരേ, എന്റെ സ്വന്തം ജനം രക്ഷിക്കപ്പെടണമെന്ന് ഞാൻ എത്രമാത്രം അഭിവാഞ്ഛിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു! 2ദൈവത്തെ സംബന്ധിച്ച കാര്യങ്ങളിൽ അവർ അത്യന്തം ശുഷ്കാന്തിയുള്ളവരാണെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. പക്ഷേ അവരുടെ ശുഷ്കാന്തി യഥാർഥ പരിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. 3ദൈവം മനുഷ്യരെ തന്നോടുള്ള ഉറ്റബന്ധത്തിലാക്കിത്തീർക്കുന്നതെങ്ങനെയെന്ന് അറിയാതെ, തങ്ങളുടെ സ്വന്തം മാർഗം സ്ഥാപിക്കുവാനാണ് അവർ ശ്രമിക്കുന്നത്. അതിനാൽ മനുഷ്യരെ തന്നോടു ബന്ധിപ്പിക്കുന്ന ദൈവത്തിന്റെ മാർഗത്തിന് അവർ വഴങ്ങിയിട്ടില്ല. 4വിശ്വസിക്കുന്ന ഏതൊരുവനെയും കുറ്റമറ്റവനായി ദൈവം അംഗീകരിക്കത്തക്കവണ്ണം ക്രിസ്തു യെഹൂദ ധർമശാസ്ത്രത്തിന് അന്ത്യം കുറിച്ചിരിക്കുന്നു.
രക്ഷ എല്ലാവർക്കുമുള്ളത്
5‘ധർമശാസ്ത്രത്തിന്റെ അനുശാസനങ്ങൾ അനുസരിക്കുന്നവൻ അതുമൂലം ജീവിക്കും’ - ഇതാണ് ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാർഗമായി മോശ രേഖപ്പെടുത്തിയിരിക്കുന്നത്. 6എന്നാൽ വിശ്വാസത്താൽ ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ക്രിസ്തുവിനെ ഇറക്കിക്കൊണ്ടു വരുന്നതിന് ആർ സ്വർഗത്തിലേക്കു കയറും എന്നു നിങ്ങൾ ചിന്തിക്കരുത്. 7“മരിച്ചവരുടെ ഇടയിൽനിന്ന് ക്രിസ്തുവിനെ ഉത്ഥാനം ചെയ്യിക്കുന്നതിന് ആർ അധോലോകത്തിലേക്ക് ഇറങ്ങും?” എന്നും ചിന്തിക്കരുത്. 8അതിനെക്കുറിച്ച് വേദലിഖിതത്തിൽ‍ കാണുന്നത് ഇതാണ്: ദൈവത്തിന്റെ സന്ദേശം നിങ്ങളുടെ സമീപത്തുണ്ട്, നിങ്ങളുടെ അധരങ്ങളിലും നിങ്ങളുടെ ഹൃദയത്തിലും തന്നെ.’ ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്ന വിശ്വാസത്തിന്റെ സന്ദേശം അതുതന്നെയാണ്. 9യേശു കർത്താവാകുന്നു എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ ദൈവം നിന്നെ രക്ഷിക്കും. 10ഹൃദയംകൊണ്ടു വിശ്വസിക്കുന്നതുമൂലം ദൈവം നമ്മെ അംഗീകരിക്കുന്നു; അധരംകൊണ്ട് ഉദ്ഘോഷിക്കുന്നതുമൂലം ദൈവം നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. 11‘ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരികയില്ല’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. 12യെഹൂദനെന്നും വിജാതീയനെന്നും ഭേദമില്ല. ദൈവം എല്ലാവരുടെയും കർത്താവത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അവിടുന്ന് ഉദാരമായി അനുഗ്രഹിക്കുന്നു. 13“സർവേശ്വരന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും.”
14-15എന്നാൽ അവർ വിശ്വസിക്കാതെ എങ്ങനെ വിളിച്ചപേക്ഷിക്കും? കേൾക്കാതെ എങ്ങനെ വിശ്വസിക്കും? സദ്‍വാർത്ത പ്രഖ്യാപനം ചെയ്യാതെ എങ്ങനെ കേൾക്കും? അയയ്‍ക്കപ്പെടാതെ എങ്ങനെ പ്രഖ്യാപനം ചെയ്യും? ‘സദ്‍വാർത്ത അറിയിക്കുന്നവരുടെ വരവ് എത്ര സന്തോഷപ്രദം!’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. 16എന്നാൽ എല്ലാവരും സദ്‍വാർത്ത സ്വീകരിച്ചിട്ടില്ല. ‘സർവേശ്വരാ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു? എന്ന് യെശയ്യാ തന്നെ ചോദിക്കുന്നു. 17വിശ്വാസം ഉണ്ടാകുന്നത് ആ സദ്‍വാർത്ത കേൾക്കുന്നതുകൊണ്ടും കേൾക്കുന്നത് ക്രിസ്തുവിനെ സംബന്ധിച്ചു പ്രസംഗിക്കുന്നതുകൊണ്ടും ആകുന്നു.
18എന്നാൽ അവർ അതു കേട്ടിട്ടില്ലേ? എന്നാണു ഞാൻ ചോദിക്കുന്നത്. തീർച്ചയായും അവർ കേട്ടിട്ടുണ്ട്.
അവരുടെ ശബ്ദത്തിന്റെ ധ്വനി
ലോകത്തെങ്ങും വ്യാപിച്ചു;
അവരുടെ വാക്കുകൾ
ലോകത്തിന്റെ അറുതിവരെയും എത്തിയിരിക്കുന്നു
എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്.
19ഇസ്രായേൽജനം ഇതൊന്നും ഗ്രഹിച്ചില്ലേ എന്നു ഞാൻ വീണ്ടും ചോദിക്കുന്നു. ആദ്യംതന്നെ മോശ പറയുന്നു:
യഥാർഥ ജനതയല്ലാത്തവർ മൂലം
ഞാൻ നിങ്ങൾക്ക് അസൂയ വരുത്തും;
അജ്ഞരായ ജനതമൂലം
നിങ്ങളെ ഞാൻ കോപിഷ്ഠരാക്കും.
20യെശയ്യാ പ്രവാചകനാകട്ടെ,
എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി;
എന്നെ ആരായാത്തവർക്കു ഞാൻ പ്രത്യക്ഷനായി
എന്നു പറയുവാൻ ധൈര്യപ്പെടുന്നു. 21എന്നാൽ ഇസ്രായേലിനെക്കുറിച്ച് പ്രവാചകൻ പറയുന്നത് ഇങ്ങനെയാണ്: “എന്നെ അനുസരിക്കാത്തവരും എന്നോട് എതിർക്കുന്നവരുമായ ജനത്തെ സ്വീകരിക്കുവാൻ ഞാൻ ഇടവിടാതെ കൈനീട്ടി.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ROM 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക