ROM 5

5
സമാധാന പുനഃസ്ഥാപനം
1വിശ്വാസത്താൽ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ട നാം നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽക്കൂടി ദൈവത്തോടു രഞ്ജിച്ച് സമാധാനമുള്ള #5:1 ‘അവസ്ഥയിലായിരിക്കുന്നു’ - ചില കൈയെഴുത്തു പ്രതികളിൽ ‘അവസ്ഥയിലായിത്തീരുക’ എന്നാണ്.അവസ്ഥയിലായിരിക്കുന്നു. 2ദൈവകൃപയുടെ അനുഭവത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. ക്രിസ്തു മുഖേന ഈ അനുഭവത്തിലേക്കു നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ദൈവതേജസ്സിൽ പങ്കാളികളാകാമെന്നുള്ള പ്രത്യാശയിൽ നാം ആനന്ദിക്കുന്നു. 3മാത്രമല്ല, നമ്മുടെ കഷ്ടതകളിൽപോലും നാം ആനന്ദിക്കുന്നു. 4എന്തെന്നാൽ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം. 5ഈ പ്രത്യാശ നിറവേറാതിരിക്കുകയില്ല. എന്തെന്നാൽ നമുക്കു നല്‌കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവം തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ നിറച്ചിരിക്കുന്നു.
6നാം ബലഹീനരായിരിക്കുമ്പോൾത്തന്നെ ക്രിസ്തു അധർമികളായ നമുക്കുവേണ്ടി യഥാസമയം മരിച്ചു. 7ഒരു നീതിമാനുവേണ്ടിയായാൽപോലും ആരെങ്കിലും മരിക്കുവാൻ തയ്യാറാകുക ചുരുക്കമാണ്. ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കുവാൻ വല്ലവരും ചിലപ്പോൾ തുനിഞ്ഞെന്നുവരാം. 8എന്നാൽ നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള സ്നേഹം പ്രകടമാക്കിയിരിക്കുന്നു. 9ക്രിസ്തുവിന്റെ മരണത്താൽ ദൈവമുമ്പാകെ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നാം ഇപ്പോൾ ദൈവകോപത്തിൽനിന്ന് ക്രിസ്തു മുഖാന്തരം വിമുക്തരാകുമെന്നുള്ളത് നിശ്ചയമല്ലേ? 10നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നു. എന്നാൽ തന്റെ പുത്രന്റെ മരണത്താൽ നമ്മെ അവിടുത്തെ മിത്രങ്ങളാക്കിത്തീർത്തു. നാം ദൈവത്തിന്റെ മിത്രങ്ങളായതുകൊണ്ട് ക്രിസ്തുവിന്റെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നുള്ളത് എത്രയധികം നിശ്ചയമാണ്! 11അതുമാത്രമല്ല, നമ്മെ ഇപ്പോൾ ദൈവത്തിന്റെ മിത്രങ്ങളാക്കിത്തീർത്ത നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽകൂടി നാം ദൈവത്തിൽ ആശ്രയിച്ച് ആനന്ദം പ്രാപിക്കുന്നു.
ക്രിസ്തുവും ആദാമും
12ഏക മനുഷ്യൻ മുഖാന്തരം പാപവും പാപംമൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. എല്ലാവരും പാപം ചെയ്തതിനാൽ മരണം സകല മനുഷ്യരിലും വ്യാപിച്ചു. 13ധർമശാസ്ത്രം നല്‌കപ്പെടുന്നതിനു മുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു. എന്നാൽ അന്ന് നിയമങ്ങൾ ഇല്ലാഞ്ഞതുകൊണ്ട് അത് പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല. 14ആദാമിന്റെ കാലംമുതൽ മോശയുടെ കാലംവരെ മരണം മനുഷ്യവർഗത്തിന്മേൽ ആധിപത്യം ഉറപ്പിച്ചിരുന്നു. ആദാം ദൈവകല്പന ലംഘിച്ചതുപോലെയുള്ള പാപം ചെയ്യാത്തവർപോലും മരണത്തിന്റെ ആധിപത്യത്തിൽ അമർന്നിരുന്നു.
15ആദാം വരുവാനിരുന്നവന്റെ പ്രതിരൂപമാകുന്നു. എന്നാൽ കൃപാവരവും ആദാമിന്റെ അപരാധവും തമ്മിൽ അന്തരമുണ്ട്. ഒരുവന്റെ അപരാധത്താൽ അനേകമാളുകൾ മരിച്ചു എങ്കിൽ ദൈവത്തിന്റെ കൃപയും യേശുക്രിസ്തു എന്ന ഏക മനുഷ്യനിൽ കൂടിയുള്ള കൃപാദാനവും അസംഖ്യമാളുകളുടെമേൽ എത്ര അധികമായി ചൊരിയുന്നു! 16ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല കൃപാവരം. ന്യായവിധിയിൽ ഏകമനുഷ്യന്റെ പാപം ശിക്ഷാവിധി വരുത്തുന്നു. എന്നാൽ കൃപാവരത്താൽ മനുഷ്യൻ അനേകം പാപങ്ങളിൽനിന്നു വിമോചിതനായി നിരപരാധൻ എന്നു വിധിക്കപ്പെടുന്നു. 17ഏക മനുഷ്യന്റെ പാപംമൂലം മരണം ഭരണം നടത്തിയെങ്കിൽ കൃപാവരവും നീതി എന്ന ദാനവും സമൃദ്ധമായി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏക മനുഷ്യനിൽ കൂടി ജീവനിൽ എത്രയധികമായി വാഴും!
18അങ്ങനെ ഒരു മനുഷ്യന്റെ പാപം സകല മനുഷ്യരെയും ശിക്ഷാവിധിയിലേക്കു നയിച്ചതുപോലെ നീതിയിലേക്കു നയിക്കുന്ന ഒരു പ്രവൃത്തിമൂലം എല്ലാവർക്കും ജീവൻ ലഭിക്കുകയും എല്ലാവരും കുറ്റമില്ലാത്തവരായി അംഗീകരിക്കപ്പെടുകയും ചെയ്തു. 19അതുപോലെതന്നെ ഒരുവന്റെ അനുസരണക്കേടിനാൽ അസംഖ്യമാളുകൾ പാപികളായിത്തീർന്നതുപോലെ ഒരുവന്റെ അനുസരണത്താൽ അസംഖ്യം ആളുകൾ നീതിമാന്മാരാക്കപ്പെടും.
20പാപം വർധിക്കുവാനാണ് നിയമം ആവിർഭവിച്ചത്. എന്നാൽ പാപം വർധിച്ചപ്പോൾ അതിലധികമായി കൃപ പെരുകി. 21മരണത്തിലൂടെ പാപം വാണതുപോലെ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്റെ രക്ഷകപ്രവർത്തനത്തിലൂടെ അനശ്വരജീവൻ കൈവരുത്തുന്നതിനായി കൃപയും വാണരുളും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ROM 5: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക