ZAKARIA 10
10
സർവേശ്വരൻ വിമോചനം വാഗ്ദാനം ചെയ്യുന്നു
1വസന്തകാലത്തെ മഴയ്‍ക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കുക. മഴയും മഴക്കാറും അയച്ച് സർവമനുഷ്യർക്കും വിളഭൂമിയിലെ സസ്യജാലങ്ങൾക്കും ജലം നല്‌കുന്നത് സർവേശ്വരനാണ്; 2കുലദേവവിഗ്രഹങ്ങൾ നിരർഥകവാക്കുകൾ പുലമ്പുന്നു; ലക്ഷണം നോക്കുന്നവർ അസത്യം ദർശിക്കുന്നു; സ്വപ്നദർശകൻ വ്യാജസ്വപ്നം കണ്ട് പൊള്ളയായ ആശ്വാസം നല്‌കുന്നു. അതുകൊണ്ടു ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ വലയുന്നു.
3“എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിക്കുന്നു. ഞാൻ ഇവരുടെ നേതാക്കന്മാരെ ശിക്ഷിക്കും.” സർവശക്തനായ സർവേശ്വരൻ തന്റെ ആട്ടിൻപറ്റമായ യെഹൂദാജനത്തെ പരിപാലിക്കും. യുദ്ധക്കളത്തിൽ അവരെ തലയെടുപ്പുള്ള പടക്കുതിരകളാക്കും. 4അവരിൽനിന്നു മൂലക്കല്ലും കൂടാരത്തിന്റെ കുറ്റിയും പുറപ്പെടും. പടവില്ലും ഭരണാധിപന്മാരും അവരിൽനിന്നു വരും. 5വീഥികളിലെ ചേറിൽ ശത്രുക്കളെ ചവുട്ടിത്താഴ്ത്തുന്ന യുദ്ധവീരന്മാരെപ്പോലെ അവർ ആയിത്തീരും. സർവേശ്വരൻ അവരുടെകൂടെ ഉള്ളതുകൊണ്ട് അവർ പടപൊരുതും. അവർ ശത്രുക്കളായ കുതിരപ്പടയാളികളെ സംഭീതരാക്കും.
യെഹൂദായും ഇസ്രായേലും
6യെഹൂദാജനത്തെ ഞാൻ ബലപ്പെടുത്തും; യോസേഫിന്റെ സന്തതികളെ ഞാൻ രക്ഷിക്കും. എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തും. ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്തവരെപ്പോലെ അവർ ആയിത്തീരും; ഞാൻ അവരുടെ ദൈവമായ സർവേശ്വരനാണല്ലോ; ഞാൻ അവർക്ക് ഉത്തരമരുളും. 7അപ്പോൾ ഇസ്രായേൽജനം ശക്തരായ യുദ്ധവീരന്മാരെപ്പോലെയാകും; വീഞ്ഞുകൊണ്ടെന്നപോലെ അവരുടെ ഹൃദയം ഉല്ലസിക്കും; അവരുടെ പുത്രന്മാർ അതു കണ്ട് ആനന്ദിക്കും. അവരുടെ ഹൃദയം സർവേശ്വരനിൽ സന്തോഷിക്കും. അടയാളം നല്‌കി ഞാൻ അവരെ വിളിച്ചുകൂട്ടും.
8ഞാൻ അവരെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. അവർ പണ്ടെന്നപോലെ അസംഖ്യമാകും. 9ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ചെങ്കിലും വിദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും. അവർ മക്കളോടുകൂടി ജീവിക്കുകയും തിരിച്ചുവരികയും ചെയ്യും. 10ഞാൻ അവരെ ഈജിപ്തിൽനിന്നു തിരിച്ചുവരുത്തും. അസ്സീറിയായിൽനിന്ന് ഒരുമിച്ചുകൂട്ടും. ഗിലെയാദുദേശത്തിലേക്കും ലെബാനോനിലേക്കും ഞാൻ അവരെ കൊണ്ടുവരും. അവിടെ അവർക്ക് ഇടംപോരാതെ വരും. 11അവർ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നുപോകും. അപ്പോൾ ആ സമുദ്രത്തിലെ തിരമാലകൾ ഞാൻ അടിച്ചമർത്തും. നൈൽനദിയിലെ ആഴങ്ങളെല്ലാം വറ്റിപ്പോകും. അസ്സീറിയായുടെ ഗർവം അടങ്ങും; ഈജിപ്തിന്റെ അധികാരം നഷ്ടപ്പെടും. 12സർവേശ്വരനായ ഞാൻ അവരെ ശക്തിപ്പെടുത്തും; അവർ എന്റെ നാമത്തിൽ അഭിമാനംകൊള്ളും എന്ന് സർവേശ്വരൻ അരുളിച്ചെയ്യുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ZAKARIA 10: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.