1 ശമൂവേൽ 23

23
1അനന്തരം ഫെലിസ്ത്യർ കെയീലയുടെ നേരേ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവർച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവുകിട്ടി. 2ദാവീദ് യഹോവയോട്: ഞാൻ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: ചെന്ന് ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിച്ചുകൊൾക എന്നു കല്പിച്ചു. 3എന്നാൽ ദാവീദിന്റെ ആളുകൾ അവനോട്: നാം ഇവിടെ യെഹൂദായിൽതന്നെ ഭയപ്പെട്ടു പാർക്കുന്നുവല്ലോ; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരേ എങ്ങനെ ചെല്ലും എന്നു പറഞ്ഞു. 4ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോട്: എഴുന്നേറ്റ് കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏല്പിക്കുമെന്ന് അരുളിച്ചെയ്തു. 5അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതി അവരുടെ ആടുമാടുകളെ അപഹരിച്ച് അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു.
6അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ്കൂടെ കൊണ്ടുവന്നിരുന്നു. 7ദാവീദ് കെയീലയിൽ വന്നിരിക്കുന്നു എന്ന് ശൗലിന് അറിവുകിട്ടി; ദൈവം അവനെ എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ കടന്നിരിക്കകൊണ്ട് അവൻ കുടുങ്ങിയിരിക്കുന്നു എന്ന് ശൗൽ പറഞ്ഞു. 8പിന്നെ ശൗൽ ദാവീദിനെയും അവന്റെ ആളുകളെയും വളയേണ്ടതിന് കെയീലയിലേക്കു പോകുവാൻ സകല ജനത്തെയും യുദ്ധത്തിനു വിളിച്ചുകൂട്ടി. 9ശൗൽ തന്റെ നേരേ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോട്: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. 10പിന്നെ ദാവീദ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വന്ന് എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാൻ പോകുന്നു എന്ന് അടിയൻ കേട്ടിരിക്കുന്നു. 11കെയീലാപൗരന്മാർ എന്നെ അവന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്ന് യഹോവ അരുളിച്ചെയ്തു. 12ദാവീദ് പിന്നെയും: കെയീലാപൗരന്മാർ എന്നെയും എന്റെ ആളുകളെയും ശൗലിന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്ന് യഹോവ അരുളിച്ചെയ്തു. 13അപ്പോൾ ദാവീദും അറുനൂറു പേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ട് തരം കണ്ടേടത്തു സഞ്ചരിച്ചു. ദാവീദ് കെയീല വിട്ട് ഓടിപ്പോയി എന്ന് ശൗൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവച്ചു.
14ദാവീദ് മരുഭൂമിയിലെ ദുർഗങ്ങളിൽ താമസിച്ചു. സീഫ്മരുഭൂമിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കൈയിൽ ഏല്പിച്ചില്ല. 15തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. 16അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ട് ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്ന് അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്: ഭയപ്പെടേണ്ടാ, 17എന്റെ അപ്പനായ ശൗലിന് നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിനു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അത് എന്റെ അപ്പനായ ശൗലും അറിയുന്നു എന്നു പറഞ്ഞു. 18ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു. 19അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലമലയിലെ വനദുർഗങ്ങളിൽ ഒളിച്ചിരിക്കുന്നു. 20ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കൈയിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു. 21അതിന് ശൗൽ പറഞ്ഞത്: നിങ്ങൾക്ക് എന്നോടു മനസ്സലിവ് തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. 22നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച് അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു. 23ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിവിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്ന് സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്ത് എങ്ങാനും ഉണ്ടെന്നുവരികിൽ ഞാൻ അവനെ യെഹൂദാ സഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും. 24അങ്ങനെ അവർ പുറപ്പെട്ട് ശൗലിനു മുമ്പേ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബായിലെ മാവോൻമരുവിൽ ആയിരുന്നു. 25ശൗലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവു കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ സേലയിൽ ചെന്നു താമസിച്ചു. 26ശൗൽ അതു കേട്ടപ്പോൾ മാവോൻമരുവിൽ ദാവീദിനെ പിന്തുടർന്നു. ശൗൽ പർവതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പർവതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൗലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു. 27അപ്പോൾ ശൗലിന്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു. 28ഉടനെ ശൗൽ ദാവീദിനെ പിന്തുടരുന്നതു വിട്ട് ഫെലിസ്ത്യരുടെ നേരേ പോയി; ആകയാൽ ആ സ്ഥലത്തിനു സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി. 29ദാവീദോ അവിടം വിട്ട് കയറിപ്പോയി ഏൻ-ഗെദിയിലെ ദുർഗങ്ങളിൽ ചെന്നു പാർത്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 ശമൂവേൽ 23: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക