യെശയ്യാവ് 49
49
1ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നെ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. 2അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണിയിൽ മറച്ചുവച്ചു, 3എന്നോട്: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്ത്വീകരിക്കപ്പെടും എന്ന് അരുളിച്ചെയ്തു. 4ഞാനോ; ഞാൻ വെറുതേ അധ്വാനിച്ചു; എന്റെ ശക്തിയെ വ്യർഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു. 5ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു- ഞാൻ യഹോവയ്ക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു-: 6നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കി വച്ചുമിരിക്കുന്നു എന്ന് അവൻ അരുളിച്ചെയ്യുന്നു. 7യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവ നിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ട് എഴുന്നേല്ക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും. 8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോട്: ഇറങ്ങി പൊയ്ക്കൊൾവിൻ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോട്: വെളിയിൽ വരുവിൻ എന്നും പറവാനും ഞാൻ നിന്നെ കാത്തു, 9നിന്നെ ജനത്തിന്റെ നിയമമാക്കി വച്ചിരിക്കുന്നു. അവർ വഴികളിൽ മേയും; എല്ലാ പാഴ്ക്കുന്നുകളിലും അവർക്കു മേച്ചലുണ്ടാകും. 10അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും. 11ഞാൻ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികൾ പൊങ്ങിയിരിക്കും. 12ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു. 13ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു. 14സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു. 15ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. 16ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. 17നിന്റെ മക്കൾ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു. 18തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നുകൂടുന്നു. എന്നാണ, നീ അവരെയൊക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു. 19നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോൾ നിവാസികൾക്കു പോരാതെ വരും; നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്ത് അകന്നിരിക്കും. 20നിന്റെ പുത്രഹീനതയിലെ മക്കൾ: സ്ഥലം പോരാതിരിക്കുന്നു; പാർപ്പാൻ സ്ഥലം തരിക എന്നു നിന്നോടു പറയും. 21അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞുനടക്കുന്നവളും ആയിരിക്കെ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും.
22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജാതികൾക്ക് എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്ക് എന്റെ കൊടി കാണിക്കയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ തങ്ങളുടെ മാർവിലണച്ചും പുത്രിമാരെ തോളിൽ എടുത്തും കൊണ്ടുവരും. 23രാജാക്കന്മാർ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും. 24ബലവാനോട് അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ? 25എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും. 26നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകല ജഡവും അറിയും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശയ്യാവ് 49: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.