യിരെമ്യാവ് 51

51
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേലിന്റെ നേരേയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരേയും സംഹാരകന്റെ മനസ്സ് ഉണർത്തും. 2പാറ്റുന്നവരെ ഞാൻ ബാബേലിലേക്ക് അയയ്ക്കും; അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനർഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും. 3വില്ലാളി വില്ല് കുലയ്ക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ച് നിവിർന്നു നില്ക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സർവസൈന്യത്തെയും നിർമ്മൂലമാക്കിക്കളവിൻ. 4അങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്റെ വീഥികളിൽ കുത്തിത്തുളയ്ക്കപ്പെട്ടവരും വീഴും. 5യിസ്രായേലിന്റെയും യെഹൂദായുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല. 6ബാബേലിന്റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുത്; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും; 7ബാബേൽ യഹോവയുടെ കൈയിൽ സർവഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം ആയിരുന്നു; ജാതികൾ അതിലെ വീഞ്ഞു കുടിച്ചിട്ട് അവർക്കു ഭ്രാന്തുപിടിച്ചു. 8പെട്ടെന്നു ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിൻ; അതിന്റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ; പക്ഷേ അതിനു സൗഖ്യം വരും. 9ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വർഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു. 10യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക. 11അമ്പു മിനുക്കുവിൻ; പരിച ധരിപ്പിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാൻ തക്കവണ്ണം അവന്റെ നിരൂപണം അതിനു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനുവേണ്ടിയുള്ള പ്രതികാരം തന്നെ. 12ബാബേലിന്റെ മതിലുകൾക്കു നേരേ കൊടി ഉയർത്തുവിൻ; കാവൽ ഉറപ്പിപ്പിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തതു നിർണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു. 13വലിയ വെള്ളങ്ങൾക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങൾ ഉള്ളവളേ, നിന്റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു. 14ഞാൻ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറയ്ക്കും; അവർ നിന്റെ നേരേ ആർപ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു. 15അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. 16അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവൻ ആവി കയറ്റുന്നു; മഴയ്ക്ക് മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു. 17ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു. തട്ടാന്മാരൊക്കെയും വിഗ്രഹം നിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ. അവയിൽ ശ്വാസവും ഇല്ല. 18അവ മായയും വ്യർഥപ്രവൃത്തിയും തന്നെ; സന്ദർശനകാലത്ത് അവ നശിച്ചുപോകും. 19യാക്കോബിന്റെ ഓഹരിയായവൻ ഇവയെപ്പോലെയല്ല; അവൻ സർവത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം. 20നീ എന്റെ വെൺമഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ടു ജാതികളെ തകർക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും. 21നിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; 22നിന്നെക്കൊണ്ടു ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ യുവാവിനെയും യുവതിയെയും തകർക്കും. 23നിന്നെക്കൊണ്ടു ഞാൻ ഇടയനെയും ആട്ടിൻകൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ കൃഷിക്കാരനെയും അവന്റെ ഏർകാളയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും. 24നിങ്ങൾ കാൺകെ ഞാൻ ബാബേലിനും സകല കല്ദയനിവാസികൾക്കും അവർ സീയോനിൽ ചെയ്തിരിക്കുന്ന സകല ദോഷത്തിനും തക്കവണ്ണം പകരം വീട്ടുമെന്നു യഹോവയുടെ അരുളപ്പാട്. 25സകല ഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെമേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്ന് ഉരുട്ടി ദഹനപർവതം ആക്കും എന്നു യഹോവയുടെ അരുളപ്പാട്. 26നിന്നിൽനിന്ന് അവർ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാതവണ്ണം നീ നിത്യശൂന്യമായി ഭവിക്കും എന്നു യഹോവയുടെ അരുളപ്പാട്. 27ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; ജാതികളുടെ ഇടയിൽ കാഹളം ഊതുവിൻ; ജാതികളെ അതിന്റെ നേരേ സംസ്കരിപ്പിൻ; അരാരത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അതിനു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിനെതിരേ ഒരു സേനാപതിയെ നിയമിപ്പിൻ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. 28മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തിൽ ഉൾപ്പെട്ട സകല ദേശക്കാരുമായ ജാതികളെ അതിനു വിരോധമായി സംസ്കരിപ്പിൻ; 29ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിനു ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ നിവൃത്തിയായിവരുന്നതുകൊണ്ടു ദേശം നടുങ്ങി സങ്കടപ്പെടുന്നു. 30ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകൾക്കു തീ വച്ചു കളഞ്ഞു; അതിന്റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു. 31പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകൾ ശത്രുവശമായി, കളങ്ങൾ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോട് അറിയിക്കേണ്ടതിന് 32ഓട്ടാളൻ ഓട്ടാളനും ദൂതൻ ദൂതനുമെതിരേ ഓടുന്നു. 33യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ട് അതിന്റെ കൊയ്ത്തുകാലം വരും. 34ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവൻ എന്നെ വെറും പാത്രമാക്കി, മഹാസർപ്പം എന്നപോലെ അവൻ എന്നെ വിഴുങ്ങിക്കളഞ്ഞു, എന്റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറച്ചു, എന്നെ തള്ളിക്കളഞ്ഞു. 35ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു സീയോൻനിവാസിനി പറയും; എന്റെ രക്തം കല്ദയനിവാസികളുടെമേൽ വരട്ടെ എന്ന് യെരൂശലേം പറയും. 36അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കുവേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും. 37ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും വിസ്മയത്തിനും ചൂളകുത്തുന്നതിനും വിഷയവുമായിത്തീരും. 38അവരൊക്കെയും ബാലസിംഹങ്ങളെപ്പോലെ ഗർജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും. 39അവർ ജയമത്തരായിരിക്കുമ്പോൾ ഉല്ലസിച്ച് ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന് ഞാൻ അവർക്ക് ഒരു പാനീയം ഒരുക്കി അവരെ ലഹരിപിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്. 40ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലനിലത്തേക്ക് ഇറക്കിക്കൊണ്ടുവരും. 41ശേശക് പിടിക്കപ്പെട്ടുപോയതെങ്ങനെ? സർവഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായിപ്പോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ഒരു സ്തംഭനവിഷയമായിത്തീർന്നതെങ്ങനെ? 42ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ട് അതു മൂടിയിരിക്കുന്നു. 43അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാർക്കാത്തതും വഴി നടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു. 44ഞാൻ ബാബേലിൽ വച്ച് ബേലിനെ സന്ദർശിച്ച്, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജാതികൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും. 45എന്റെ ജനമേ, അതിന്റെ നടുവിൽനിന്ന് പുറപ്പെടുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് നിങ്ങൾ ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ. 46ദേശത്തു കേൾക്കുന്ന വർത്തമാനം കൊണ്ടും ഒരു ആണ്ടിൽ ഒരു വർത്തമാനവും പിറ്റേയാണ്ടിൽ മറ്റൊരു വർത്തമാനവും കേൾക്കുമ്പോഴും സാഹസകൃത്യങ്ങൾ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; നിങ്ങൾ ഭയപ്പെടുകയും അരുത്. 47അതുകൊണ്ടു ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും; അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാരൊക്കെയും അതിന്റെ നടുവിൽ വീഴും. 48ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്നു വിനാശകന്മാർ അതിലേക്കു വരും എന്നു യഹോവയുടെ അരുളപ്പാട്. 49യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സർവദേശവും തന്നെ. 50വാളിന് ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്നു യഹോവയെ ഓർപ്പിൻ; യെരൂശലേം നിങ്ങൾക്ക് ഓർമ വരട്ടെ! ഞങ്ങൾ നിന്ദ കേട്ട് ലജ്ജിച്ചിരിക്കുന്നു; 51അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു. 52അതുകൊണ്ടു ഞാൻ അതിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; അന്നു ദേശത്തെല്ലാടവും നിഹതന്മാർ കിടന്നു ഞരങ്ങും. 53ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും എന്നു യഹോവയുടെ അരുളപ്പാട്. 54ബാബേലിൽനിന്ന് നിലവിളിയും കല്ദയദേശത്തുനിന്നു മഹാനാശവും കേൾക്കുന്നു. 55യഹോവ ബാബേലിനെ നശിപ്പിച്ച് അതിൽനിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരയ്ക്കുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേൾക്കുന്നു. 56അതിന്റെ നേരേ, ബാബേലിന്റെ നേരേ തന്നെ, വിനാശകൻ വന്നിരിക്കുന്നു; അതിലെ വീരന്മാർ പിടിപെട്ടിരിക്കുന്നു; അവരുടെ വില്ല് എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവൻ പകരം ചെയ്യും. 57ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും മത്തുപിടിപ്പിക്കും; അവർ ഉണരാതവണ്ണം നിത്യനിദ്ര കൊള്ളും എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്. 58സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിന്റെ വിശാലമായ മതിലുകൾ അശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവർ ക്ഷീണിച്ചുപോകയും ചെയ്യും.
59യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അവനോടുകൂടെ മഹ്സേയാവിന്റെ മകനായ നേര്യാവിന്റെ മകനായ സെരായാവ് പ്രയാണാധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവോടു കല്പിച്ച വചനം- 60ബാബേലിനു വരുവാനിരിക്കുന്ന അനർഥമൊക്കെയും, ബാബേലിനെക്കുറിച്ച് എഴുതിയിരിക്കുന്ന സകല വചനങ്ങളും തന്നെ, യിരെമ്യാവ് ഒരു പുസ്തകത്തിൽ എഴുതി- 61യിരെമ്യാവ് സെരായാവോടു പറഞ്ഞത്: നീ ബാബേലിൽ എത്തിയ ശേഷം ഈ വചനങ്ങളൊക്കെയും നോക്കി വായിച്ചിട്ട്: 62യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്ന് അതിനെക്കുറിച്ച് അരുളിച്ചെയ്തുവല്ലോ എന്നു പറയേണം. 63പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന് ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്ക് എറിഞ്ഞ്; 64ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിനു വരുത്തുന്ന അനർഥത്തിൽനിന്ന് അത് പൊങ്ങിവരികയില്ല; അവർ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യിരെമ്യാവ് 51: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക