യോശുവ 7
7
1എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തു സംബന്ധിച്ച് ഒരു അകൃത്യം ചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരേ ജ്വലിച്ചു.
2യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്ക് ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്: നിങ്ങൾ ചെന്ന് ദേശം ഒറ്റുനോക്കുവിൻ എന്നു പറഞ്ഞു. അവർ ചെന്ന് ഹായിയെ ഒറ്റുനോക്കി, 3യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: ജനം എല്ലാം പോകേണമെന്നില്ല; ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പോയാൽ മതി; സർവജനത്തെയും അവിടേക്ക് അയച്ചു കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ എന്നു പറഞ്ഞു. 4അങ്ങനെ ജനത്തിൽ ഏകദേശം മൂവായിരം പേർ അവിടേക്ക് പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽനിന്ന് തോറ്റ് ഓടി. 5ഹായിപട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീംവരെ പിന്തുടർന്നു മലഞ്ചരിവിൽവച്ച് അവരെ തോല്പിച്ചു; അതുകൊണ്ട് ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയിത്തീർന്നു. 6യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണു വാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണുകിടന്നു: 7അയ്യോ കർത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് നീ ഈ ജനത്തെ യോർദ്ദാനിക്കരെ കൊണ്ടുവന്നതു എന്ത്? ഞങ്ങൾ യോർദ്ദാനക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു. 8യഹോവേ, യിസ്രായേൽ ശത്രുക്കൾക്കു പുറം കാട്ടിയശേഷം ഞാൻ എന്തു പറയേണ്ടൂ! 9കനാന്യരും ദേശനിവാസികൾ ഒക്കെയും കേട്ടിട്ട് ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിനുവേണ്ടി എന്തു ചെയ്യും എന്ന് യോശുവ പറഞ്ഞു. 10യഹോവ യോശുവയോട് അരുളിച്ചെയ്തത്: എഴുന്നേല്ക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണു കിടക്കുന്നത് എന്തിന്? 11യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചു മറവുചെയ്ത് തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വച്ചിരിക്കുന്നു. 12യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്ക് പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല; 13നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു. 14നിങ്ങൾ രാവിലെ ഗോത്രംഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ട് അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. 15ശപഥാർപ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ട് ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.
16അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. 17അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. 18അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. 19യോശുവ ആഖാനോട്: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത് എന്നു പറഞ്ഞു. 20ആഖാൻ യോശുവയോട്: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴച്ച് ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. 21ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. 22യോശുവ ദൂതന്മാരെ അയച്ചു; അവർ കൂടാരത്തിൽ ഓടിച്ചെന്നു; കൂടാരത്തിൽ അതും അടിയിൽ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു. 23അവർ അവയെ കൂടാരത്തിൽനിന്ന് എടുത്ത് യോശുവയുടെയും എല്ലാ യിസ്രായേൽമക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വച്ചു. 24അപ്പോൾ യോശുവയും എല്ലാ യിസ്രായേലുംകൂടെ സേരഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി: 25നീ ഞങ്ങളെ വലച്ചത് എന്തിന്? യഹോവ ഇന്നു നിന്നെ വലയ്ക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു. 26അവന്റെമേൽ അവർ ഒരു വലിയ കൽക്കുന്നു കൂട്ടി; അത് ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർതാഴ്വര എന്ന് ഇന്നുവരെ പേർ പറഞ്ഞുവരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോശുവ 7: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.