മത്തായി 15:21-28

മത്തായി 15:21-28 MALOVBSI

യേശു അവിടം വിട്ടു സോർ, സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്ന്, അവനോട്: കർത്താവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയയ്ക്കേണമേ എന്ന് അവനോട് അപേക്ഷിച്ചു. അതിന് അവൻ: യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്ന് ഉത്തരം പറഞ്ഞു. എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു. അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്ന് ഉത്തരം പറഞ്ഞു. അതിന് അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു.