1 കൊരി. 7

7
വിവാഹം
1ഇനി നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്‍റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നത് മനുഷ്യനു നല്ലത്. 2എങ്കിലും ദുർന്നടപ്പ് നിമിത്തം ഓരോ പുരുഷനും സ്വന്തഭാര്യയും, ഓരോ സ്ത്രീക്കും സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ. 3ഭർത്താവ് ഭാര്യയോടും, ഭാര്യ ഭർത്താവിനോടുമുള്ള ഉത്തരവാദിത്തം നിർവഹിക്കേണം. 4ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്‍റെ ശരീരത്തിന്മേൽ അവനല്ല ഭാര്യയ്ക്കത്രേ അധികാരം. 5പ്രാർത്ഥനയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുവാനല്ലാതെ, അല്പസമയത്തേക്ക് നിങ്ങൾ തമ്മിൽ പരസ്പര സമ്മതമില്ലാ‍തെ വേർപിരിഞ്ഞിരിക്കരുത്. എന്നാൽ നിങ്ങളുടെ ആത്മസംയമനമില്ലായ്മ നിമിത്തം, സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന് വീണ്ടും ചേർന്നിരിക്കുക. 6ഞാൻ ഇത് കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നത്. 7സകലമനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും വരം ദൈവം നല്കിയിരിക്കുന്നു.
8വിവാഹം കഴിയാത്തവരോടും വിധവമാരോടും: എന്നെപ്പോലെ താമസിക്കുന്നത് അവർക്ക് കൊള്ളാം എന്നു ഞാൻ പറയുന്നു. 9എന്നാൽ, ആത്മസംയമനം ഇല്ലെങ്കിൽ അവർ വിവാഹം ചെയ്യട്ടെ; വികാരാസക്തികൊണ്ട് എരിയുന്നതിനേക്കാൾ വിവാഹം ചെയ്യുന്നത് നല്ലത്. 10വിവാഹം കഴിഞ്ഞവരോടോ ഞാൻ-ഞാനല്ല കർത്താവ് തന്നെ - കല്പിക്കുന്നത്: 11ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹം കൂടാതെ പാർക്കേണം; അല്ലെങ്കിൽ ഭർത്താവിനോട് യോജിപ്പിലെത്തേണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.
12എന്നാൽ മറ്റുള്ളവരോട് കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടുകൂടെ പാർക്കുവാൻ സമ്മതിക്കുകയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്. 13അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർക്കുവാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുത്. 14എന്തെന്നാൽ, അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും, അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരുമല്ലോ; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു. 15എങ്കിലും അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വക കാ‍ര്യങ്ങളിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിക്കുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. 16ഭാര്യയേ, നീ ഭർത്താവിന് രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? ഭർത്താവേ, നീ ഭാര്യയ്ക്ക് രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?
17എന്നാൽ ഓരോരുത്തന് കർത്താവ് വിഭാഗിച്ച് കൊടുത്തതു പോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകലസഭകളിലും ആജ്ഞാപിക്കുന്നത്. 18ഒരുവൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമ്മം വരുത്തരുത്; ഒരുവൻ അഗ്രചർമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുത്. 19പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.
20ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നെ നിലനിൽക്കട്ടെ. 21നീ ദാസനായിരിക്കുമ്പോൾ വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിൽ അതിൽത്തന്നെ ഇരുന്നുകൊള്ളുക. 22എന്തെന്നാൽ ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്‍റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്‍റെ ദാസനാകുന്നു. 23നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക് ദാസന്മാരാകരുത്. 24സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട അതേ സ്ഥിതിയിൽ തന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ.
25കന്യകമാരെക്കുറിച്ച് എനിക്ക് കർത്താവിന്‍റെ കല്പനയില്ല; എങ്കിലും കർത്താവ് തന്‍റെ കരുണയിൽ വിശ്വസ്തൻ ആക്കിയ ഞാൻ അഭിപ്രായം പറയുന്നു. 26ഇപ്പോഴത്തെ കഷ്ടത നിമിത്തം, മനുഷ്യൻ ആയിരിക്കുന്നതുപോലെ തന്നെ നിൽക്കുന്നത് അവനു നന്ന് എന്നു എനിക്ക് തോന്നുന്നു. 27നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്. 28എന്നാൽ നീ വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; കന്യകയും വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; എങ്കിലും വിവാഹിതർക്ക് ജഡത്തിൽ കഷ്ടത ഉണ്ടാകും; അത് നിങ്ങൾക്ക് വരരുത് എന്നു എന്‍റെ ആഗ്രഹം.
29എന്നാൽ സഹോദരന്മാരേ, ഒന്ന് ഞാൻ പറയുന്നു: സമയം വളരെ ചുരുക്കമാകുന്നു; 30ആകയാൽ ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും, കരയുന്നവർ കരയാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്ക് വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും 31ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. എന്തെന്നാൽ ഈ ലോകത്തിന്‍റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ. 32നിങ്ങൾ ആകുലചിന്ത ഇല്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് കർത്താവിന്‍റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; 33വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്‍റെ കാ‍ര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു. 34അവന്‍റെ താല്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു; വിവാഹം കഴിയാ‍ത്തവളോ കന്യകയോ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന് കർത്താവിന്‍റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്‍റെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നു. 35ഞാൻ ഇത് നിങ്ങളുടെമേൽ നിയന്ത്രണം ഇടുവാനല്ല, എന്നാൽ ഉചിതമായത് ചെയ്യുവാനും, നിങ്ങൾ ഏകാഗ്രതയോടെ കർത്താവിനെ സേവിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.
36എന്നാൽ ഒരാൾ തന്‍റെ കന്യകയ്ക്ക്#7:36 കന്യക എന്നാൽ വിവാഹപ്രായമായ യുവതി. പ്രായം കടന്നു എന്നതിനാൽ, താൻ ചെയ്യുന്നത് അനുചിതം എന്നു വിചാരിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ പാപം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ. 37എങ്കിലും നിർബ്ബന്ധമില്ലാതെ തന്‍റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്‍റെ കന്യകയെ സൂക്ഷിച്ചുകൊള്ളുവാൻ സ്വന്തഹൃദയത്തിൽ തീരുമാനിച്ചു എങ്കിൽ അവൻ ചെയ്യുന്നത് നന്ന്. 38അങ്ങനെ ഒരുവൻ തന്‍റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്. 39ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു; ഭർത്താവ് മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ. 40എന്നാൽ അവൾ അങ്ങനെ തന്നെ ആയിരുന്നാൽ ഭാഗ്യമേറിയവൾ എന്നു എന്‍റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്നു തോന്നുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 കൊരി. 7: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക