14
യൊരോബെയാമിന്റെ മകന്റെ മരണം
1ആ കാലത്ത് യൊരോബെയാമിന്റെ മകൻ അബീയാവ് രോഗിയായി കിടപ്പിലായി. 2യൊരോബെയാം തന്റെ ഭാര്യയോട്: “നീ യൊരോബെയാമിന്റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു പോകേണം; ‘ഈ ജനത്തിനു ഞാൻ രാജാവാകും’ എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ. 3നിന്റെ കയ്യിൽ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്റെ അടുക്കൽ ചെല്ലുക; കുട്ടിയുടെ കാര്യം എന്താകും എന്നു അവൻ നിന്നെ അറിയിക്കും” എന്നു പറഞ്ഞു.
4യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നെ ചെയ്തു; അവൾ പുറപ്പെട്ടു ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർദ്ധക്യം നിമിത്തം കണ്ണ് മങ്ങിയിരുന്നതുകൊണ്ടു കാണ്മാൻ കഴിയാതെയിരുന്നു. 5എന്നാൽ യഹോവ അഹീയാവിനോട്: “യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ രോഗിയായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്ത് വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും” എന്നു അരുളിച്ചെയ്തു.
6അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവ് കേട്ടിട്ടു പറഞ്ഞത്: “യൊരോബെയാമിന്റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു അഭിനയിക്കുന്നത് എന്തിന്? അശുഭവർത്തമാനം നിന്നെ അറിയിക്കുവാൻ എനിക്കു നിയോഗം ഉണ്ട്. 7നീ ചെന്നു യൊരോബെയാമിനോട് പറയേണ്ടത്: ‘യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽ നിന്നു നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിനു പ്രഭുവാക്കി. 8രാജത്വം ദാവീദ് ഗൃഹത്തിൽ നിന്നു കീറിയെടുത്ത് നിനക്കു തന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കുകയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ 9നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിനു നീ അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ പുറന്തള്ളികളഞ്ഞു 10അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന് അനർത്ഥം വരുത്തി, യൊരോബെയാമിനുള്ള സ്വതന്ത്രനും ദാസനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം അശേഷം മുടിഞ്ഞുപോകും വരെ അതിനെ കോരിക്കളകയും ചെയ്യും. 11യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.’”
12അഹീയാവ് യൊരോബെയാമിന്റെ ഭാര്യയോടു തുടർന്ന് പറഞ്ഞു: “ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിനകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും. 13യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്യും; യൊരോബെയാമിന്റെ ഗൃഹത്തിൽ വച്ചു അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും. 14യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; ഇതാണ് ആ ദിവസം, അതേ ഇപ്പോൾ തന്നെ! 15യിസ്രായേൽ അശേരാപ്രതിഷ്ഠകൾ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഞാങ്ങണ ചെടി വെള്ളത്തിൽ ആടുന്നതുപോലെ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്ക് താൻ കൊടുത്ത ഈ നല്ലദേശത്തുനിന്നു അവരെ പറിച്ചെടുത്ത് നദിക്കക്കരെ ചിതറിച്ചുകളയും. 16പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.”
17അപ്പോൾ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിർസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടന്നപ്പോൾ കുട്ടി മരിച്ചു. 18യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.
19യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 20യൊരോബെയാം വാണകാലം ഇരുപത്തിരണ്ടു വര്ഷം ആയിരുന്നു. അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവനു പകരം രാജാവായി.
യെഹൂദാരാജാക്കന്മാർ: രെഹബെയാം
21ശലോമോന്റെ മകൻ രെഹബെയാം യെഹൂദയിൽ വാണു. അവൻ വാഴ്ച തുടങ്ങിയപ്പോൾ നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽ ഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു വര്ഷം വാണു. അവന്റെ അമ്മ അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു. 22യെഹൂദാ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി അവർ പാപംചെയ്ത് യഹോവയെ കോപിപ്പിച്ചു. 23അവർ ഉയർന്ന കുന്നിന്മേലും പച്ചമരത്തിൻകീഴിലും, പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി. 24ലൈംഗികവൈകൃതവും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജനതകളുടെ സകലമ്ലേച്ഛതകളും അവർ അനുകരിച്ചു.
25എന്നാൽ രെഹബെയാം രാജാവിന്റെ അഞ്ചാം ആണ്ടിൽ മിസ്രയീം രാജാവായ ശീശക്ക് യെരൂശലേമിനെ ആക്രമിച്ചു. 26യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങൾ എല്ലാം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി. 27ഇവയ്ക്കു പകരം രെഹബെയാം രാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി, രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരെ ഏല്പിച്ചു. 28രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവ ധരിക്കയും അതിനുശേഷം കാവൽ മുറിയിൽ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.
29രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ? 30യൊരോബെയാമിനും രെഹബെയമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. 31രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടു കൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു അവന്റെ അമ്മ. അവന്റെ മകൻ അബീയാം അവനു പകരം രാജാവായി.