2 ശമു. 12:19-25
2 ശമു. 12:19-25 IRVMAL
ഭൃത്യന്മാർ തമ്മിൽ ചെവിയിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്‍റെ ഭൃത്യന്മാരോട്: “കുഞ്ഞു മരിച്ചുപോയോ?” എന്നു ചോദിച്ചു; “മരിച്ചുപോയി” എന്നു അവർ പറഞ്ഞു. ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്‍റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്‍റെ മുമ്പിൽവച്ചു; അവൻ ഭക്ഷിച്ചു. അവന്‍റെ ഭൃത്യന്മാർ അവനോട്: “നീ ഈ ചെയ്തിരിക്കുന്നത് എന്ത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; എന്നാൽ കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റ് ഭക്ഷണം കഴിച്ചുവല്ലോ” എന്നു ചോദിച്ചു. അതിന് അവൻ: “കുഞ്ഞു ജീവനോടിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന് യഹോവ എന്നോട് ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്നു ഞാൻ വിചാരിച്ചു. ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കിവരുത്തുവാൻ എനിക്ക് കഴിയുമോ? ഞാൻ അവന്‍റെ അടുക്കലേക്ക് പോകുകയല്ലാതെ അവൻ എന്‍റെ അടുക്കലേക്ക് മടങ്ങിവരുകയില്ലല്ലോ” എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്‍റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ച് അവളുടെ അടുക്കൽ ചെന്നു അവളോടുകൂടി ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന് ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. യഹോവ നാഥാൻ പ്രവാചകൻമുഖാന്തരം ഒരു സന്ദേശം അയച്ചു; യഹോവ അവനെ സ്നേഹിക്കുകയാൽ ശലോമോനു യെദീദ്യാവ്എന്നു പേർവിളിച്ചു.

