7
സ്തെഫാനൊസിൻ്റെ പ്രസംഗം
1“ഈ കാര്യങ്ങൾ സത്യം തന്നെയോ” എന്നു മഹാപുരോഹിതൻ ചോദിച്ചതിന് സ്തെഫാനൊസ് പറഞ്ഞത്: 2“സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾക്കുവിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിലേക്ക് പോയി താമസിക്കുന്നതിന് മുമ്പെ, മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തന്നെ, തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി: 3‘നിന്റെ ദേശത്തെയും നിന്റെ സ്വന്ത ജനത്തേയും വിട്ട് ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്ക് ചെല്ലുക’ എന്നു പറഞ്ഞു. അങ്ങനെ അബ്രാഹാം കല്ദയരുടെ ദേശംവിട്ട് ഹാരാനിൽ വന്ന് പാർത്തു. 4അബ്രാഹാമിന്റെ പിതാവ് മരിച്ചശേഷം ദൈവം അവനെ അവിടെനിന്ന് നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്ന് പാർപ്പിച്ചു. 5ആ സമയത്ത് ദൈവം അവനു അതിൽ കാലുകുത്തുവാൻ ഒരടി നിലംപോലും അവകാശമായി കൊടുത്തില്ല; എന്നാൽ അവനു സന്തതിയില്ലാതിരിക്കെ അവനും അവന്റെ ശേഷം അവന്റെ സന്തതിയ്ക്കും ആ ദേശം കൈവശമായി നല്കുമെന്ന് അവനോട് വാഗ്ദത്തം ചെയ്തു. 6അവന്റെ സന്തതി അന്യദേശത്ത് ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറ് (400) വര്ഷം കഷ്ടപ്പെടുത്തും എന്നിങ്ങനെ ദൈവം അവനോട് പറഞ്ഞു. 7‘അവരെ അടിമകളാക്കിയ ജനതയെ ഞാൻ ന്യായംവിധിക്കും; അതിന്റെശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ ആരാധിക്കും’ എന്നു ദൈവം അരുളിച്ചെയ്തു.
8“പിന്നെ ദൈവം അബ്രാഹാമിന് പരിച്ഛേദനയെന്ന ഉടമ്പടി കൊടുത്തു; അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു, എട്ടാം നാൾ അവനെ പരിച്ഛേദന ചെയ്തു. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ടു ഗോത്രപിതാക്കന്മാരും ജനിച്ചു. 9ഗോത്രപിതാക്കന്മാർക്ക് യോസേഫിനോടുള്ള അസൂയനിമിത്തം അവർ അവനെ മിസ്രയീമിലേക്ക് വിറ്റുകളഞ്ഞു. 10എന്നാൽ ദൈവം അവനോടുകൂടെ ഇരുന്ന് അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: ഫറവോൻ അവനെ മിസ്രയീമിനും തന്റെ സർവ്വഗൃഹത്തിനും അധിപതിയാക്കി വച്ചു. 11എന്നാൽ മിസ്രയീംദേശത്തിലും കനാനിലുമെല്ലാം ക്ഷാമവും മഹാകഷ്ടവും വന്നസമയത്ത് നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി. 12അപ്പോൾ മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അങ്ങോട്ട് അയച്ചു. 13രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി; യോസേഫിന്റെ കുടുംബം ഫറവോനും അറിവായ് വന്നു. 14യോസേഫ് സഹോദരന്മാരെ തിരിച്ചയച്ച് തന്റെ പിതാവായ യാക്കോബിനോട് തന്റെ കുടുംബത്തെ ഒക്കെയും മിസ്രയീമിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ പറഞ്ഞു. അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു. 15യാക്കോബ് മിസ്രയീമിലേക്ക് പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു, 16അവരെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ എമ്മോരിൻ്റെ മക്കളോട് അബ്രാഹാം വിലകൊടുത്ത് വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.
17“ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ പെരുകിയിരുന്നു. 18ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു. 19ആ രാജാവ് നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ കഷ്ടപ്പെടുത്തുകയും, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതിരിപ്പാൻ തക്കവണ്ണം അവരെ ഉപേക്ഷിക്കുവാനും നിര്ബ്ബന്ധിച്ചു.
20“ആ കാലത്ത് മോശെ ജനിച്ചു; അവൻ ദൈവത്തിന്റെ മുമ്പാകെ അതിസുന്ദരനായിരുന്നു, അവനെ മൂന്നു മാസം തന്റെ അപ്പന്റെ വീട്ടിൽ പോറ്റിവളർത്തി. 21പിന്നെ അവനെ പുറത്തുകളഞ്ഞപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്ത് തന്റെ സ്വന്തം മകനായി വളർത്തി. 22മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു, വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. 23അവനു നാല്പത് വയസ്സ് തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണണമെന്ന് മനസ്സിൽ തോന്നി. 24അവൻ യിസ്രായേല്യനായ ഒരുവൻ ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ട് അവനെ പിന്തുണച്ച് മിസ്രയീമ്യനെ അടിച്ചുകൊന്നു, ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു. 25താൻ മുഖാന്തരം ദൈവം അവർക്ക് രക്ഷ നൽകുമെന്ന് സഹോദരന്മാർ ഗ്രഹിക്കും എന്നു മോശെ വിചാരിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. 26പിറ്റെന്നാൾ ചില യിസ്രായേല്യർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽവന്ന് അവരെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ട് അവരോട്; ‘പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത്?’ എന്നു പറഞ്ഞു. 27എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: ‘നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ? 28ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?’ എന്നു പറഞ്ഞു. 29ഈ വാക്ക് കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്ത് ചെന്നു അവിടെ പരദേശിയായി പാർത്തു, അവിടെവച്ച് അവനു രണ്ടു പുത്രന്മാർ ജനിച്ചു.
30“നാല്പത് വർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. 31മോശെ ആ കാഴ്ച കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാനായി അടുത്തുചെല്ലുമ്പോൾ: 32‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രാഹാമിന്റെയും, യിസ്സഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം’ എന്ന കർത്താവിന്റെ ശബ്ദം കേട്ടു. മോശെ ഭയന്ന് വിറച്ചിട്ട് അങ്ങോട്ട് നോക്കുവാൻ ധൈര്യപ്പെട്ടില്ല. 33കർത്താവ് അവനോട്: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക. 34മിസ്രയീമിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ നിശ്ചയമായിട്ടും കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും’ എന്നു പറഞ്ഞു. 35‘നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയത് ആർ?’ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ തന്നെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു. 36അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു വര്ഷം മരുഭൂമിയിലും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു അവരെ നയിച്ചുകൊണ്ടുവന്നു.
37“ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ ഇവൻ തന്നെ. 38സീനായ് മലയിൽ തന്നോട് സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും ഇവൻ തന്നെ. 39നമ്മുടെ പിതാക്കന്മാർ അവനെ അനുസരിക്കുവാൻ മനസ്സില്ലാതെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ട് മിസ്രയീമിലേക്ക് പിന്തിരിഞ്ഞു, 40അവർ അഹരോനോട്; ‘ഞങ്ങളെ നയിപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക, ഞങ്ങളെ മിസ്രയീമിൽനിന്ന് നയിച്ചുകൊണ്ടുവന്ന ആ മോശെക്ക് എന്ത് സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു. 41അതുകൊണ്ട് അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന് ബലികഴിച്ച് തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു. 42ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ സേവിപ്പാൻ അവരെ ഏല്പിച്ചുകൊടുത്തു.
‘യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് വര്ഷം
ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
43നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ
മൊലോക്കിൻ്റെ കൂടാരവും രേഫാൻദേവൻ്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ;
എന്നാൽ ഞാൻ നിങ്ങളെ ബാബേലിനപ്പുറം നാടുകടത്തും’
എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
44“നമ്മുടെ പിതാക്കന്മാർക്ക് മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു, ദൈവം മോശെയോട് സംസാരിച്ചപ്പോൾ; അവൻ കണ്ട മാതൃകപോലെ തന്നെ അതിനെ നിർമ്മിക്കേണം എന്നു അവനോട് കല്പിച്ചിരുന്നു. 45നമ്മുടെ പിതാക്കന്മാർ, യോശുവയോടുകൂടെയുള്ള അവരുടെ തിരിച്ചുവരവിൽ ദേശത്തിലേക്ക് കൊണ്ടുവന്നത് ഈ കൂടാരമായിരുന്നു. ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജനതകളുടെ അവകാശത്തിലേക്ക് അവർ പ്രവേശിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ദാവീദിന്റെ കാലം വരെ അങ്ങനെതന്നെയായിരുന്നു, 46അവനു ദൈവത്തിന്റെ മുമ്പാകെ കൃപ ലഭിച്ചിരുന്നു, യാക്കോബിന്റെ ദൈവത്തിന് ഒരു കൂടാരം ഉണ്ടാക്കുവാൻ അവൻ ആഗ്രഹിച്ചു. 47എന്നാൽ ശലോമോൻ അവനു ഒരു ആലയം പണിതു. 48അത്യുന്നതൻ കൈപ്പണിയായ ആലയത്തിൽ വസിക്കുന്നില്ലതാനും
49‘സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു.
നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം?
എന്റെ വിശ്രമസ്ഥലവും ഏത്?
50ഇതൊക്കെയും എന്റെ കൈ അല്ലയോ ഉണ്ടാക്കിയത്
എന്നു കർത്താവ് അരുളിച്ചെയ്യുന്നു’
എന്നു പ്രവാചകൻ പറയുന്നുവല്ലോ.
51“ദുശ്ശാഠ്യക്കാരും, ഹൃദയത്തിനും ചെവിയ്ക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെ നിങ്ങളും എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോട് എതിർത്ത് നില്ക്കുന്നു. 52പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവൻ്റെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു; 53അവരെപ്പോലെ നിങ്ങളും ഇപ്പോൾ വഞ്ചകരും കൊലപാതകരും ആയിത്തീർന്നിരിക്കുന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.”
സ്തെഫാനൊസിനെ കൊല്ലുന്നു
54ഇതു കേട്ടപ്പോൾ ന്യായാധിപസംഘത്തിലുള്ളവർ കോപപരവശരായി അവന്റെനേരെ പല്ലുകടിച്ചു. 55അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു: 56“ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നതും ഞാൻ കാണുന്നു” എന്നു പറഞ്ഞു. 57ഇത് കേട്ടപ്പോൾ അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്റെനേരെ പാഞ്ഞുചെന്നു, 58അവനെ വലിച്ചിഴച്ചും കൊണ്ടു നഗരത്തിൽനിന്ന് പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ പുറംചട്ടകൾ ഊരി ശൗല് എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വച്ചു.
59അവർ അവനെ കല്ലെറിഞ്ഞുകൊണ്ടിരിക്കയിൽ “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്നു സ്തെഫാനൊസ് വിളിച്ചപേക്ഷിച്ചു. 60അവൻ മുട്ടുകുത്തി: “കർത്താവേ, അവരോട് ഈ പാപം കണക്കിടരുതേ” എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.