ആവർ. 11

11
യഹോവയെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക
1“അതിനാൽ നിന്‍റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് അവന്‍റെ ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്‌പ്പോഴും പ്രമാണിക്കേണം. 2നിങ്ങളുടെ ദൈവമായ യഹോവയുടെ മഹാപ്രവൃത്തികൾ അറിയാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത്. 3അവന്‍റെ ശിക്ഷണം, മഹത്വം, ബലമുള്ള കൈ, നീട്ടിയ ഭുജം, അവൻ മിസ്രയീമിന്‍റെ മദ്ധ്യത്തിൽ മിസ്രയീം രാജാവായ ഫറവോനോടും അവന്‍റെ സകലദേശത്തോടും ചെയ്ത അവന്‍റെ അടയാളങ്ങൾ, അവന്‍റെ പ്രവൃത്തികൾ, 4അവൻ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെ മേൽ ഒഴുകുമാറാക്കി അവരെ നശിപ്പിച്ചതും നിങ്ങൾ ഓർക്കേണം.
5“നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽ അവൻ നിങ്ങളെ നടത്തിയത്, എല്ലാം നിങ്ങൾ അറിയുന്നു. 6അവൻ രൂബേന്‍റെ മകനായ എലീയാബിന്‍റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വാ പിളർന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും യിസ്രായേൽ ജനത്തിന്‍റെ മദ്ധ്യത്തിൽ അവർക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ള കാര്യങ്ങളും അറിയാത്തവരല്ല നിങ്ങൾ എന്നു ഓർത്തുകൊള്ളുവീൻ. 7യഹോവ ചെയ്ത മഹാപ്രവൃത്തികൾ നിങ്ങൾ കണ്ണ് കൊണ്ടു കണ്ടിരിക്കുന്നുവല്ലോ.
8“ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശം കീഴടക്കുവാനും 9യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതികൾക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശത്ത്, നിങ്ങൾ ദീർഘായുസ്സോടിരിക്കുവാൻ, ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ച് നടക്കുവിൻ. 10നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോന്ന മിസ്രയീം ദേശംപോലെയല്ല; അവിടെ നീ വിത്ത് വിതച്ചിട്ട് പച്ചക്കറിത്തോട്ടം പോലെ നിന്‍റെ കാലുകൊണ്ട് നനയ്ക്കേണ്ടിയിരുന്നു. 11നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം, മലകളും താഴ്വരകളും ഉള്ളതും ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം ലഭിക്കുന്നതും 12നിന്‍റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്‍റെ ആരംഭംമുതൽ അവസാനംവരെ നിന്‍റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.
13“നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവനെ സേവിക്കുകയും ചെയ്തുകൊണ്ട് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന എന്‍റെ കല്പനകൾ#11:13 എന്‍റെ കല്പനകൾ ദൈവത്തിന്‍റെ കല്പനകള്‍ ജാഗ്രതയോടെ അനുസരിച്ചാൽ 14ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിന് ആവശ്യമായ മുൻമഴയും പിൻമഴയും പെയ്യിക്കും. 15ഞാൻ നിന്‍റെ നിലത്ത് നിന്‍റെ കന്നുകാലികൾക്ക് പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
16നിങ്ങളുടെ ഹൃദയത്തിന് ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. 17അല്ലെങ്കിൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ച് മഴ പെയ്യാതെ അവൻ ആകാശം അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കുകയും യഹോവ നിങ്ങൾക്ക് തരുന്ന നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോവുകയും ചെയ്യും. 18ആകയാൽ നിങ്ങൾ എന്‍റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്ക് മദ്ധ്യത്തിൽ നെറ്റിപ്പട്ടമായി ധരിക്കുകയും വേണം. 19വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവ ഉപദേശിച്ചുകൊടുക്കേണം. 20യഹോവ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന് 21അവ നിന്‍റെ വീടിന്‍റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.
22“ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്‍റെ എല്ലാ വഴികളിലും നടന്ന് അവനോട് ചേർന്നിരിക്കുകയും ചെയ്താൽ 23യഹോവ ഈ ജനതകളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയും; നിങ്ങളേക്കാൾ വലിപ്പവും ബലവുമുള്ള ജനതകളുടെ ദേശം നിങ്ങൾ കൈവശമാക്കും. 24നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങളുടേതാകും. നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും യൂഫ്രട്ടീസ് നദിമുതൽ പടിഞ്ഞാറെ കടൽ വരെയും ആകും. 25ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നില്‍ക്കുകയില്ല. നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെക്കുറിച്ചുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.
26“ഇതാ, ഞാൻ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. 27ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും 28അവിടുത്തെ കല്പനകൾ അനുസരിക്കാതെ ഇന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന വഴി വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.
29“നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്‍റെ ദൈവമായ യഹോവ നിന്നെ എത്തിച്ചശേഷം, ഗെരിസീം മലയിൽവച്ച് അനുഗ്രഹവും ഏബാൽ മലയിൽവച്ച് ശാപവും പ്രസ്താവിക്കണം. 30ആ മലകൾ ഗില്ഗാലിനെതിരായി മോരെ തോപ്പിനരികിൽ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്ത് യോർദ്ദാന്‍ നദിക്കക്കരെ പടിഞ്ഞാറുഭാഗത്താണല്ലോ ഉള്ളത്. 31നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തരുന്ന ദേശം കൈവശമാക്കേണ്ടതിന് നിങ്ങൾ യോർദ്ദാൻ നദി കടന്നുചെന്ന് അതിനെ കീഴടക്കി അവിടെ വസിക്കും. 32ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന എല്ലാ ചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചു നടക്കേണം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ആവർ. 11: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക