“ഞാൻ നിന്‍റെ മുമ്പിൽ വച്ചിരിക്കുന്ന അനുഗ്രഹത്തിൻ്റെയും ശാപത്തിൻ്റെയും ആയ ഈ വചനങ്ങൾ സകലവും നിന്‍റെമേൽ നിവൃത്തിയാകും. നിന്‍റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞ് ചിതറിച്ച ജനതകളുടെ ഇടയിൽവച്ച് നീ അവയെ നിന്‍റെ ഹൃദയത്തിൽ ഓർക്കുകയും നീയും നിന്‍റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ ഞാൻ ആജ്ഞാപിക്കുന്ന വാക്കു കേട്ടനുസരിച്ച് യഹോവയുടെ അടുക്കലേക്ക് മടങ്ങിവന്നാൽ ദൈവമായ യഹോവ നിന്‍റെ സ്ഥിതി മാറ്റുകയും നിന്നോട് മനസ്സലിഞ്ഞ് നിങ്കലേക്കു തിരിയുകയും നിന്നെ ചിതറിച്ചിരുന്ന സകല ജനതകളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും. നിനക്കുള്ളവർ ആകാശത്തിന്‍റെ കീഴിലുള്ള അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്‍റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്ന് അവൻ നിന്നെ കൊണ്ടുവരും. നിന്‍റെ പൂര്‍വ്വ പിതാക്കന്മാർക്ക് കൊടുത്തിരുന്ന ദേശത്തേക്ക് നിന്‍റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അത് വീണ്ടും കൈവശമാക്കും; അവൻ നിനക്കു നന്മചെയ്ത് നിന്‍റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും. “നീ ജീവിച്ചിരിക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കുവാൻ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവ നിന്‍റെ ഹൃദയവും നിന്‍റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും. ഈ ശാപങ്ങൾ സകലവും നിന്‍റെ ദൈവമായ യഹോവ നിന്‍റെ ശത്രുക്കളുടെമേലും നിന്നെ വെറുത്ത് ഉപദ്രവിക്കുന്നവരുടെമേലും വരുത്തും. നീ മനസ്സു തിരിഞ്ഞ് യഹോവയുടെ വാക്കുകേട്ട് ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും അനുസരിച്ചു നടക്കും. നിന്‍റെ ദൈവമായ യഹോവ നിന്‍റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്‍റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു അഭിവൃദ്ധി നല്കുകയും ചെയ്യും. നിന്‍റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കുകയും നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി തിരിയുകയും ചെയ്താൽ യഹോവ നിന്‍റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും പ്രസാദിച്ച് വീണ്ടും നന്മ ചെയ്യും.
ആവർ. 30 വായിക്കുക
കേൾക്കുക ആവർ. 30
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർ. 30:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ