9
എല്ലാവരും മരണത്തിന് അധീനരാണ്
1നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു: ഇത്യാദി കാര്യങ്ങൾ ശോധന ചെയ്യുവാൻ ഞാൻ മനസ്സുവച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യർ അറിയുന്നില്ല; സർവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും. 2എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാനും പാപിക്കും, നിർമ്മലനും മലിനനും, യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവനും, ഒരു ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരു ഗതി ആകുന്നു. 3എല്ലാവർക്കും ഒരു ഗതി വരുന്നു എന്നത് സൂര്യനുകീഴിൽ നടക്കുന്ന എല്ലാറ്റിലും വലിയ ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തുണ്ട്. അതിന് ശേഷം അവർ മരിച്ചവരുടെ അടുക്കലേക്ക് പോകുന്നു. 4ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ള ഏതൊരുവനും പ്രത്യാശക്ക് വകയുണ്ട്; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതാണല്ലോ. 5ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു. 6അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യനുകീഴിൽ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല.
7നീ ചെന്നു സന്തോഷത്തോടുകൂടി അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്കുക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ. 8നിന്റെ വസ്ത്രം എല്ലായ്പ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ. 9സൂര്യനുകീഴിൽ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായ ആയുഷ്കാലത്ത് നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടി നിന്റെ ആയുഷ്കാലമെല്ലാം സന്തോഷിച്ചുകൊൾക; അതല്ലയോ ഈ ആയുസ്സിൽ സൂര്യന്റെ കീഴിൽ നീ ചെയ്യുന്ന സകലപ്രയത്നത്തിലും നിനക്കുള്ള ഓഹരി. 10നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.
11പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്. 12മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വലയിൽ പെട്ടുപോയ മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെട്ട പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്ന് വരുന്ന ദുഷ്കാലത്ത് കെണിയിൽ കുടുങ്ങിപ്പോകുന്നു.
13ഞാൻ സൂര്യന് കീഴിൽ ഇങ്ങനെയും ജ്ഞാനം കണ്ടു; അതെനിക്ക് മഹത്തായി തോന്നി: 14ചെറിയ ഒരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; ശക്തനായ ഒരു രാജാവ് അതിന്റെ നേരെ വന്ന്, അതിനെ ഉപരോധിച്ചു; അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു. 15എന്നാൽ അവിടെ ദരിദ്രനായ ഒരു ജ്ഞാനി വസിച്ചിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർമ്മിച്ചില്ല. 16“ജ്ഞാനം ശക്തിയേക്കാൾ നല്ലതു തന്നെ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല” എന്നു ഞാൻ പറഞ്ഞു.
17മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ ഉത്തമം. 18യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ കേവലം ഒരു പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.