എഫെ. 3

3
കാര്യവിചാരകനായ പൗലൊസ്
1അതുനിമിത്തം പൗലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്ക് വേണ്ടി ക്രിസ്തുയേശുവിനാൽ ബന്ധിതനായിരിക്കുന്നു. 2നിങ്ങൾക്കായി എന്നെ ഭരമേല്പിച്ചിരിക്കുന്ന ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ച് 3ഞാൻ മുന്നമേ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപാടിനാൽ എനിക്ക് ഒരു മർമ്മം അറിവായിവന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 4നിങ്ങൾ അത് വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ച മർമ്മത്തെ പറ്റി എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാം. 5ആ മർമ്മം ഇപ്പോൾ അവന്‍റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ മുൻ തലമുറകളിലെ മനുഷ്യർക്ക് അറിവായിവന്നിരുന്നില്ല.
6ആ മർമ്മം എന്നതോ ജനതകൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളത് തന്നെ. 7ആ സുവിശേഷത്തിന് ഞാൻ അവന്‍റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്ക് ലഭിച്ച ദൈവത്തിന്‍റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.
8സകല വിശുദ്ധരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുവിന്‍റെ അതിരറ്റ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കുവാനും 9സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിൻ്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിക്കുവാനുമായി ഈ കൃപ എനിക്ക് നല്കിയിരിക്കുന്നു. 10അതിന്‍റെ ഫലമായി ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനം, 11ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിവർത്തിച്ച അനാദികാലം മുതലുള്ള നിർണ്ണയപ്രകാരം സഭ മുഖാന്തരം വെളിപ്പെട്ടുവരുന്നു.
12ക്രിസ്തുയേശുവിലുള്ള വിശ്വാസം നിമിത്തം അവനിൽ നമുക്കു ധൈര്യവും ദൈവത്തിങ്കലേക്കുള്ള പ്രവേശനവും ഉണ്ട്. 13അതുകൊണ്ട് ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ എന്‍റെ കഷ്ടങ്ങളെ ഓർത്തു അധൈര്യപ്പെട്ടു പോകരുത് എന്നു ഞാൻ അപേക്ഷിക്കുന്നു.
ദൈവിക നിറവിലേക്ക് നയിക്കുന്ന ക്രിസ്തുവിന്‍റെ സ്നേഹം
14നിങ്ങൾക്കായുള്ള ഈ ദൈവികപ്രവൃത്തി നിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും 15പേർ വരുവാൻ കാരണമായ പിതാവിന്‍റെ സന്നിധിയിൽ മുട്ടുകുത്തുന്നു. 16അവൻ, തന്‍റെ മഹത്വത്തിന്‍റെ ധനത്തിന് ഒത്തവണ്ണം നിങ്ങളിലുള്ള അവിടുത്തെ ആത്മാവിനാൽ നിങ്ങളുടെ അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടേണ്ടതിനും 17ക്രിസ്തു, വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനമുള്ളവരായി 18ക്രിസ്തുവിന്‍റെ സ്നേഹത്തിൻ്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും 19പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍റെ സ്നേഹത്തെ അറിയുവാൻ പ്രാപ്തരാകയും, ദൈവത്തിന്‍റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.
20എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ കഴിയുന്നവന് 21സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

എഫെ. 3: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക