പുറ. 7

7
1യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്‍റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും. 2ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്‍റെ സഹോദരനായ അഹരോൻ യിസ്രായേൽ മക്കളെ തന്‍റെ ദേശത്തുനിന്ന് വിട്ടയക്കുവാൻ ഫറവോനോട് പറയേണം. 3എന്നാൽ ഞാൻ ഫറവോന്‍റെ ഹൃദയം കഠിനമാക്കും; മിസ്രയീമിൽ ഞാൻ വളരെ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 4ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ മിസ്രയീമിന്മേൽ എന്‍റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്‍റെ ഗണങ്ങളെ, എന്‍റെ ജനമായ യിസ്രായേൽ മക്കളെ തന്നെ, മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കും. 5അങ്ങനെ ഞാൻ എന്‍റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽ മക്കളെ അവരുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും.”
6മോശെയും അഹരോനും യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നെ ചെയ്തു. 7അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു.
അഹരോന്‍റെ വടി സർപ്പമായിത്തീരുന്നു
8യഹോവ മോശെയോടും അഹരോനോടും: 9“ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്നു പറഞ്ഞാൽ നീ അഹരോനോട്: ‘നിന്‍റെ വടി എടുത്ത് ഫറവോന്‍റെ മുമ്പാകെ നിലത്തിടുക’ എന്നു പറയേണം; അത് ഒരു സർപ്പമായിത്തീരും” എന്നു കല്പിച്ചു.
10അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കൽ ചെന്നു യഹോവ അവരോട് കല്പിച്ചത് പോലെ ചെയ്തു. അഹരോൻ തന്‍റെ വടി ഫറവോൻ്റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അത് സർപ്പമായിത്തീർന്നു. 11അപ്പോൾ ഫറവോൻ വിദ്വാന്മാരെയും മന്ത്രവാദികളെയും വിളിപ്പിച്ചു; മിസ്രയീമിലെ മന്ത്രവാദികളായ ഇവരും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു. 12അവർ ഓരോരുത്തൻ അവനവന്‍റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്‍റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. 13ഫറവോന്‍റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
വെള്ളം രക്തമാകുന്നു
14അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയക്കുവാൻ അവനു മനസ്സില്ല. 15രാവിലെ നീ ഫറവോന്‍റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്‍റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണുവാൻ നദീതീരത്ത് നില്ക്കേണം; സർപ്പങ്ങളായിത്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളേണം. 16അവനോട് പറയേണ്ടത് എന്തെന്നാൽ: ‘മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക’ എന്നു കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്‍റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല. 17ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്‍റെ കയ്യിലുള്ള വടികൊണ്ട് ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അത് രക്തമായിത്തീരും; 18നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിക്കുവാൻ മിസ്രയീമ്യർക്ക് അറപ്പ് തോന്നും.”
19യഹോവ പിന്നെയും മോശെയോട്: “നീ അഹരോനോട് പറയേണ്ടത് എന്തെന്നാൽ: നിന്‍റെ വടി എടുത്ത് മിസ്രയീമിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം ഇങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും നീട്ടുക; അവ രക്തമായിത്തീരും; മിസ്രയീമിൽ എല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും” എന്നു കല്പിച്ചു.
20മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോൻ്റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഉയർത്തി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം രക്തമായിത്തീർന്നു. 21നദിയിലെ മത്സ്യം ചത്ത് നാറുകയാൽ നദിയിലെ വെള്ളം കുടിക്കുവാൻ മിസ്രയീമ്യർക്ക് കഴിഞ്ഞില്ല; മിസ്രയീമിൽ എല്ലായിടത്തും രക്തം ഉണ്ടായിരുന്നു. 22മിസ്രയീമിലെ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല. 23ഫറവോൻ തന്‍റെ അരമനയിലേക്ക് പോയി; ഇതും അവൻ ഗണ്യമാക്കിയില്ല. 24നദിയിലെ വെള്ളം കുടിക്കുവാൻ യോഗ്യമല്ലാത്തതുകൊണ്ട് മിസ്രയീമ്യർ എല്ലാവരും കുടിക്കുവാൻ വെള്ളത്തിനായി നദിക്കരയിൽ പലയിടത്തും കുഴികൾ കുഴിച്ചു.
25യഹോവ നൈൽ നദിയെ അടിച്ചതിനുശേഷം ഏഴു ദിവസം കഴിഞ്ഞിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

പുറ. 7: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക