ഗലാ. 4

4
1അവകാശി മുഴുവൻ സ്വത്തിനും ഉടമയെങ്കിലും ശിശുവായിരിക്കുന്നിടത്തോളം അടിമയേക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല, 2എന്നാൽ പിതാവ് നിശ്ചയിച്ച സമയത്തോളം സംരക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു. 3അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ പ്രപഞ്ചത്തിൻ്റെ ആദി പാഠങ്ങളിൽ അടിമപ്പെട്ടിരുന്നു. 4എന്നാൽ തക്ക കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്‍റെ പുത്രനായ യേശുവിനെ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി അയച്ചത് 5അവൻ ന്യായപ്രമാണത്തിൻ കീഴിലുള്ളവരെ വീണ്ടെടുത്തിട്ട് നാം ദത്തുപുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ. 6നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. 7അതുകൊണ്ട് നീ ഇനി അടിമയല്ല പുത്രനത്രെ: നീ പുത്രനെങ്കിലോ ദൈവത്താൽ അവകാശിയും ആകുന്നു.
8മുമ്പ് നിങ്ങൾ ദൈവത്തെ അറിയാതിരുന്നപ്പോൾ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്ക് അടിമപ്പെട്ടിരുന്നു. 9എന്നാൽ ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും വിലയില്ലാത്തതുമായ ആദിപാഠങ്ങളിലേക്ക് തിരിയുന്നത് എന്തിന്? നിങ്ങൾ അവയ്ക്ക് പിന്നെയും അടിമപ്പെടുവാൻ ഇച്ഛിക്കുന്നുവോ? 10നിങ്ങൾ വിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും നിഷ്ഠയായി അനുഷ്ഠിക്കുന്നു. 11ഞാൻ നിങ്ങൾക്കുവേണ്ടി അദ്ധ്വാനിച്ചത് വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.
12സഹോദരന്മാരേ, ഞാൻ നിങ്ങളെപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. 13എന്നാൽ ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമത് നിങ്ങളോടു സുവിശേഷം അറിയിക്കുവാന്‍ അവസരം ലഭിച്ചു എന്നു നിങ്ങൾ അറിയുന്നുവല്ലോ. 14എന്‍റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദിക്കുകയോ വെറുക്കുകയോ ചെയ്യാതെ, ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ സ്വീകരിച്ചു. 15ഇപ്പോൾ നിങ്ങളുടെ സന്തോഷം എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണ് ചൂഴ്ന്നെടുത്ത് എനിക്ക് തരുമായിരുന്നു എന്നത് ഞാൻ നിങ്ങളോടു സാക്ഷീകരിക്കുന്നു. 16അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ട് ഞാൻ നിങ്ങൾക്ക് ശത്രുവായിപ്പോയോ?
17അവർ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നത് ഗുണത്തിനായിട്ടല്ല; നിങ്ങൾ അവരെ അനുഗമിക്കേണ്ടതിന് നിങ്ങളെ എന്നിൽ നിന്നും അകറ്റിക്കളയുവാൻ ഇച്ഛിക്കയത്രെ ചെയ്യുന്നത്. 18ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്‌പ്പോഴും നല്ല കാര്യത്തിൽ എരിവ് കാണിക്കുന്നത് നല്ലത്. 19എന്‍റെ കുഞ്ഞുങ്ങളെ#4:19 എന്‍റെ കുഞ്ഞുങ്ങളെ പ്രിയപ്പെട്ട പുതിയ വിശ്വാസികളേ, ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ നിങ്ങൾക്കായി പിന്നെയും പ്രസവവേദനപ്പെടുന്നു. 20ഞാൻ നിങ്ങളെക്കുറിച്ച് വിഷമിക്കുന്നതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ അടുക്കൽ ഇരിക്കുവാനും എന്‍റെ സ്വരം മാറ്റുവാനും കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.
21ന്യായപ്രമാണത്തിൻ കീഴിരിക്കുവാൻ ഇച്ഛിക്കുന്നവരേ, ന്യായപ്രമാണം പറയുന്നത് എന്ത് എന്നു നിങ്ങൾ കേൾക്കുന്നില്ലയോ? എന്നോട് പറവിൻ. 22അബ്രാഹാമിന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസിയാൽ, ഒരുവൻ സ്വതന്ത്രയാൽ എന്നു എഴുതിയിരിക്കുന്നുവല്ലോ. 23ദാസിയാലുള്ളവൻ ജഡപ്രകാരവും എന്നാൽ സ്വതന്ത്രയാലുള്ളവനോ ദൈവ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
24ഇത് സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു ഉടമ്പടികൾ അത്രേ; ഒന്ന് സീനായ് മലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അത് ഹാഗർ. 25ഇപ്പോൾ ഹാഗർ എന്നത് അരാബിദേശത്ത് സീനായ് മലയെക്കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അത് തന്‍റെ മക്കളോടുകൂടെ അടിമത്തത്തിൽ അല്ലോ ഇരിക്കുന്നത്. 26എന്നാൽ മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നെ നമ്മുടെ അമ്മ.
27“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക;
നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക;
ഏകാകിനിയുടെ മക്കൾ
ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം”
എന്നു തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
28സഹോദരന്മാരേ, ഇപ്പോൾ നിങ്ങളും, യിസ്ഹാക്കിനേപ്പോലെ വാഗ്ദത്തത്തിൻ്റെ മക്കൾ ആകുന്നു. 29എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും അങ്ങനെ തന്നെ. 30തിരുവെഴുത്തോ എന്ത് പറയുന്നു? ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല. 31അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല എന്നാൽ സ്വതന്ത്രയുടെ മക്കളത്രേ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ഗലാ. 4: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക