14
വരൾച്ച, ക്ഷാമം, വാൾ
1വരൾച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം.
2“യെഹൂദാ വിലപിക്കുന്നു;
അതിന്‍റെ വാതിലുകൾ തളരുന്നു;
അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു;
യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു.
3അവരുടെ കുലീനന്മാർ ഭൃത്യരെ വെള്ളത്തിന് അയയ്ക്കുന്നു;
അവർ കുളങ്ങളുടെ അടുത്തുചെന്ന്, വെള്ളം കാണാതെ ഒഴിഞ്ഞപാത്രങ്ങളോടെ മടങ്ങിവരുന്നു;
അവർ ലജ്ജിച്ച് വിഷണ്ണരായി തല മൂടുന്നു.
4ദേശത്തു മഴയില്ലാതെ നിലം ഉണങ്ങി വിണ്ടിരിക്കുന്നതിനാൽ,
ഉഴവുകാർ ലജ്ജിച്ച് തല മൂടുന്നു.
5മാൻപേട വയലിൽ പ്രസവിച്ചിട്ട്
പുല്ല് ഇല്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
6കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ട്
കുറുനരികളെപ്പോലെ കിതയ്ക്കുന്നു;
സസ്യങ്ങൾ ഇല്ലാത്തതുകൊണ്ട്
അതിന്‍റെ കണ്ണ് മങ്ങിപ്പോകുന്നു.
7യഹോവേ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ
അവിടുത്തെ നാമം നിമിത്തം പ്രവർത്തിക്കേണമേ;
ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു;
ഞങ്ങൾ അങ്ങേയോട് പാപം ചെയ്തിരിക്കുന്നു.
8യിസ്രായേലിന്‍റെ പ്രത്യാശയും കഷ്ടകാലത്ത് അവന്‍റെ രക്ഷകനുമായുള്ള യഹോവേ,
അവിടുന്ന് ദേശത്ത് ഒരു അപരിചിതനെപ്പോലെയും
ഒരു രാത്രി പാർക്കുവാൻ മാത്രം കൂടാരം അടിക്കുന്ന
വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?
9പരിഭ്രാന്തനായ#14:9 പരിഭ്രാന്തനായ കാലങ്ങപ്പെട്ട പുരുഷനെപ്പോലെയും
രക്ഷിക്കുവാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്?
എന്നാലും യഹോവേ, അങ്ങ് ഞങ്ങളുടെ മദ്ധ്യത്തിൽ ഉണ്ട്;
അവിടുത്തെ നാമം വിളിച്ചിരിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ!
10അവർ ഇങ്ങനെ അലഞ്ഞുനടക്കുവാൻ ഇഷ്ടപ്പെട്ട്, കാൽ അടക്കിവച്ചതുമില്ല”
എന്നു യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു;
അതുകൊണ്ട് യഹോവയ്ക്ക് അവരിൽ പ്രസാദമില്ല;
അവിടുന്ന് ഇപ്പോൾതന്നെ അവരുടെ അകൃത്യത്തെ ഓർത്തു
അവരുടെ പാപങ്ങളെ സന്ദർശിക്കും.”
11യഹോവ എന്നോട്: “നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കരുത്; 12അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കുകയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും” എന്നു അരുളിച്ചെയ്തു.
13അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്ക് ക്ഷാമം ഉണ്ടാകുകയില്ല, ഞാൻ ഈ സ്ഥലത്ത് സ്ഥിരമായ സമാധാനം നിങ്ങൾക്ക് നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു” എന്നു പറഞ്ഞു. 14യഹോവ എന്നോട് അരുളിച്ചെയ്തത്: “പ്രവാചകന്മാർ എന്‍റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല; അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.” 15അതുകൊണ്ട് യഹോവ: ”ഞാൻ അയയ്ക്കാതെ എന്‍റെ നാമത്തിൽ പ്രവചിക്കുകയും, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാവുകയില്ല’ എന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും; 16അവരുടെ പ്രവചനം കേട്ട ജനം യെരൂശലേമിന്‍റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായി വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാവുകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെ മേൽ പകരും.
17നീ ഈ വചനം അവരോടു പറയേണം:
എന്‍റെ കണ്ണിൽ നിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ;
എന്‍റെ ജനത്തിന്‍റെ പുത്രിയായ കന്യക കഠിനമായി തകർന്നും
വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.
18വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു കൊല്ലപ്പെട്ടവർ;
പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ട് അവശരായവർ;
പ്രവാചകനും പുരോഹിതനും ഒരുപോലെ
അവർ അറിയാത്ത ദേശത്ത് അലഞ്ഞു നടക്കുന്നു.
ജനത്തിന്‍റെ അഭയയാചന
19അവിടുന്ന് യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ?
അങ്ങേക്ക് സീയോനോട് വെറുപ്പു തോന്നുന്നുവോ?
ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്?
ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു;
ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു
എന്നാൽ ഇതാ, കഷ്ടത!
20യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും
ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു;
ഞങ്ങൾ അങ്ങേയോടു പാപം ചെയ്തിരിക്കുന്നു.
21അങ്ങേയുടെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ;
അങ്ങേയുടെ മഹത്വമുള്ള സിംഹാസനത്തിനു അപമാനം വരുത്തരുതേ;
ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓർക്കേണമേ;
അതിന് ഭംഗം വരുത്തരുതേ.
22ജനതകളുടെ മിത്ഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുവാൻ കഴിയുന്നവർ ഉണ്ടോ?
അല്ല, ആകാശമോ മഴ നല്കുന്നത്?
ഞങ്ങളുടെ ദൈവമായ യഹോവേ, അത് അങ്ങ് തന്നെയല്ലയോ?
അങ്ങേയ്ക്കായി ഞങ്ങൾ കാത്തിരിക്കും;
ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നത് അവിടുന്നാണല്ലോ.