യോഹ. 2:1-11

യോഹ. 2:1-11 IRVMAL

മൂന്നാം നാൾ ഗലീലയിലെ കാനായിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവിനേയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു. വീഞ്ഞ് തീർന്നുപോയപ്പോൾ യേശുവിന്‍റെ അമ്മ അവനോട്: “അവർക്ക് വീഞ്ഞ് ഇല്ല“ എന്നു പറഞ്ഞു. അതിന് യേശു: സ്ത്രീയേ, അതിന് ഞാനുമായിട്ട് എന്ത് കാര്യം? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. അവന്‍റെ അമ്മ വേലക്കാരോട്: “അവൻ നിങ്ങളോടു പറയുന്നത് നിങ്ങൾ ചെയ്യുവിൻ“ എന്നു പറഞ്ഞു. അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണ ആചാരം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. യേശു അവരോട്: ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ അവയെ വക്കോളവും നിറച്ചു. ഇപ്പോൾ കുറച്ച് കോരിയെടുത്ത് കലവറക്കാരനെ കൊണ്ടുപോയി കൊടുക്കുവിൻ എന്നു അവൻ പറഞ്ഞു; അവർ അപ്രകാരം ചെയ്തു. അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ കലവറക്കാരൻ അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം കലവറക്കാരൻ രുചിനോക്കിയതിനുശേഷം മണവാളനെ വിളിച്ചു: “എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ“ എന്നു അവനോട് പറഞ്ഞു. യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനയിൽവച്ച് ചെയ്തു തന്‍റെ മഹത്വം വെളിപ്പെടുത്തി; അവന്‍റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.